കശ്മീർ: പി.ഡി.പി നീക്കത്തിൽ ആശങ്ക; ബി.ജെ.പി നേതാക്കളെ വിളിപ്പിച്ചു
text_fieldsന്യൂഡൽഹി: ജമ്മു-കശ്മീരിൽ ബി.ജെ.പി-പി.ഡി.പി ബന്ധത്തിനു പാലമായി നിന്ന മുതിർന്ന മന്ത്രി ഹസീബ് ദ്രാബുവിനെ പുറത്താക്കിയതോടെ ഭരണസഖ്യത്തിെൻറ ഭാവിയെക്കുറിച്ച് ആശങ്ക. സാഹചര്യം ചർച്ചചെയ്യാൻ സംസ്ഥാനത്തെ ബി.ജെ.പി എം.എൽ.എമാരെ പാർട്ടി നേതൃത്വം ഡൽഹിക്ക് വിളിച്ചു. പ്രതിസന്ധി തരണംചെയ്യാനുള്ള വഴികളെക്കുറിച്ചാണ് ചർച്ച. ദ്രാബുവിനെ ധനമന്ത്രിസ്ഥാനത്തുനിന്ന് തിങ്കളാഴ്ചയാണ് മുഖ്യമന്ത്രി മഹ്ബൂബ മുഫ്തി പുറത്താക്കിയത്. കശ്മീർ ഒരു രാഷ്ട്രീയ വിഷയമല്ലെന്ന പരാമർശമാണ് പി.ഡി.പി നേതൃത്വത്തെ ചൊടിപ്പിച്ചത്. ദ്രാബു മഹ്ബൂബക്ക് അനഭിമതനായി മാറിയതോടെ, സഖ്യം മുന്നോട്ടുകൊണ്ടുപോകുന്നതിനുള്ള നീക്കുപോക്കുകൾ ആരു നടത്തുമെന്ന പ്രശ്നമാണ് ഇരു പാർട്ടികൾക്കും മുന്നിൽ.
പി.ഡി.പിയെ ബി.ജെ.പി പാളയത്തിൽ എത്തിക്കുന്നതിൽ ഹസീബ് ദ്രാബു വലിയ പങ്കുവഹിച്ചിരുന്നു. സഖ്യത്തിെൻറ പൊതുമിനിമം പരിപാടി തയാറാക്കുന്നതിലും പങ്കുവഹിച്ചു. മുഫ്തി മുഹമ്മദ് സഇൗദിെൻറ വേർപാടിനുശേഷം പി.ഡി.പിയും മഹ്ബൂബയുമായി ബി.ജെ.പി നടത്തുന്ന ചർച്ചകളുടെ ഗതി നിയന്ത്രിച്ചത് ദ്രാബുവാണ്. കശ്മീർ ഒരു രാഷ്ട്രീയ വിഷയമാണെന്നും ചർച്ചകളിലൂടെ പ്രശ്നപരിഹാരം ഉണ്ടാകണമെന്നുമാണ് പി.ഡി.പിയുടെ പ്രഖ്യാപിത നിലപാട്. മറിച്ചുപറഞ്ഞ ദ്രാബു പുറത്തായതോടെ പി.ഡി.പി കടുത്ത നിലപാടുകൾ എടുക്കുമോ എന്നതാണ് ബി.ജെ.പി നേതൃത്വത്തിെൻറ ആശങ്ക. അങ്ങനെ വന്നാൽ സഖ്യം തകരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.