കശ്മീരിൽ ജനം നിസ്സഹകരണ സമരത്തിൽ
text_fieldsന്യൂഡൽഹി: ജമ്മു-കശ്മീരിനെ അടച്ചുപൂട്ടി അടിച്ചമർത്തി സ്വന്തം തീരുമാനം അടിച്ചേൽപിക്കാമെന്ന കേന്ദ്ര സർക്കാറിെൻറ കണക്കുകൂട്ടൽ പിഴച്ചുവെന്നും ജനങ്ങളിപ്പോൾ സർക്കാറിനെതിരായ സമരത്തിലാണെന്നും കശ്മീരിൽനിന്നുള്ള പുതിയ വസ്തുതാന്വേഷണ റിപ്പോർട്ട്. കശ്മീരിലെ നിയന്ത്രണങ്ങൾ ഭാഗികമായി നീക്കാൻ കേന്ദ്ര സർക്കാർ തീരുമാനിക്കുേമ്പാഴേക്കും കശ്മീരികൾ നിസ്സഹകരണ പ്രസ്ഥാനം തുടങ്ങിയതായി റിപ്പോർട്ട് പുറത്തുവിട്ട അനിരുദ്ധ് കല, ബ്രിനെലെ ഡിസൂസ, രേവതി ലോൾ, ശബ്നം ഹശ്മി എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
ഭരണഘടനയുടെ 370, 35എ വകുപ്പുകൾ റദ്ദാക്കിയ നടപടി സുപ്രീംകോടതി തിരുത്തുന്നതുവരെ കടകേമ്പാളങ്ങൾ തുറക്കേണ്ടെന്നും വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിക്കേണ്ടെന്നും ഒരു നേതാവില്ലാതെതന്നെ ജനങ്ങൾ സ്വയം തീരുമാനിച്ചിരിക്കുകയാണെന്ന് ശബ്നം ഹശ്മി വിശദീകരിച്ചു. ബുർഹാൻ വാനി വധത്തിനുശേഷം ആറു മാസത്തോളം കശ്മീരിനെ ഇതേ തരത്തിൽ സ്തംഭിപ്പിച്ചിരുന്നുവെങ്കിലും അതിന് ഹുർറിയത് നേതാക്കളുടെ നിർദേശവും മേൽനോട്ടവുമുണ്ടായിരുന്നു.
എന്നാൽ, എല്ലാ നേതാക്കളും ജയിലിലായിട്ടും ജനങ്ങൾ സർക്കാറുമായും അതിെൻറ സംവിധാനങ്ങളുമായും നിസ്സഹകരിക്കാൻ തീരുമാനിച്ചതോടെ ഭയപ്പെടുത്തി കശ്മീരിനെ സാധാരണ നിലയിലേക്ക് കൊണ്ടുവരാമെന്ന കേന്ദ്രത്തിെൻറ കണക്കുകൂട്ടൽ തെറ്റിയിരിക്കുന്നു. നിരവധി വ്യാപാരികളെ കണ്ട് എന്തുകൊണ്ട് സ്ഥാപനങ്ങൾ തുറക്കുന്നില്ലെന്ന് ചോദിച്ചു. തെറ്റുതിരുത്താത്തിടത്തോളം ഇന്ത്യയോടു ചേർന്നുള്ള വ്യാപാരം വേണ്ട എന്ന തീരുമാനത്തിലാണ് തങ്ങളെന്നാണ് അവർ പറഞ്ഞത്. ഇൗ തീരുമാനം ആരെടുത്തതാണെന്ന് ചോദിച്ചപ്പോൾ ഒാരോരുത്തരും ഒറ്റക്ക് എടുത്തതാണെന്ന് മറുപടി നൽകി.
ഇതെല്ലാം മറച്ചുപിടിച്ചാണ് കശ്മീരിൽ പോയ ഒരു വിഭാഗം മാധ്യമങ്ങൾ അവിടം സാധാരണ നിലയിലേക്ക് തിരിച്ചുവരുന്നുവെന്ന് തെറ്റായ വാർത്ത നൽകുന്നതെന്നും ശബ്നം പറഞ്ഞു. കേന്ദ്ര സർക്കാറിെൻറ തെറ്റായ തീരുമാനം സുപ്രീംകോടതി റദ്ദാക്കുമെന്ന പ്രതീക്ഷ കശ്മീരികൾ കൈവിട്ടിട്ടില്ലെന്ന് സംഘാംഗമായ രേവതി ലോൾ പറഞ്ഞു. എന്നാൽ, സുപ്രീംകോടതിയും എതിരായാൽ ഇന്ത്യയുമായുള്ള നിസ്സഹകരണവുമായി മുന്നോട്ടുപോകുമെന്നാണ് അവർ പറയുന്നത്. തങ്ങളെ വഞ്ചിച്ച ഇന്ത്യയുമായി ഇനി വ്യാപാര ഇടപാട് വേണ്ട എന്നാണ് അവരുടെ നിലപാട്. സ്വന്തം കച്ചവടത്തെക്കുറിേച്ചാ മക്കളുടെ വിദ്യാഭ്യാസത്തെക്കുറിച്ചോ അല്ല അവരുടെ ആവലാതിയെന്നും എടുത്തുകളഞ്ഞ അവകാശങ്ങൾ പുനഃസ്ഥാപിച്ചുകിട്ടുന്നതിലാണെന്നും രേവതി തുടർന്നു.
സൈന്യത്തെയും പൊലീസിനെയും മുന്നിൽ നിർത്തി ഇന്ത്യക്കെതിരെ പരസ്യമായി സംസാരിക്കുന്ന സാഹചര്യത്തിലേക്ക് കശ്മീരികൾ മാറിയെന്ന് അനിരുദ്ധ് കല പറഞ്ഞു. കശ്മീരിൽ മാത്രമല്ല, ജമ്മുവിലെയും ജനങ്ങൾ പ്രത്യേക അവകാശങ്ങൾ റദ്ദാക്കിയതിൽ പ്രതിഷേധത്തിലാണ്. അതേസമയം, കശ്മീരിലെ ജനങ്ങൾ ഇന്ത്യക്കെതിരെ പരസ്യമായി സംസാരിക്കുന്നതുപോലെ ജമ്മുവിലുള്ളവർ തുറന്നുപറയുന്നില്ല. പേര് വെളിപ്പെടുത്തരുതെന്ന ഉപാധിയോടെയാണ് അവരിൽ പലരും സംസാരിച്ചതെന്നും അനിരുദ്ധ് തുടർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.