പ്രത്യേക പദവിയിൽ കൈവെക്കില്ലെന്ന് മോദി ഉറപ്പ് നൽകി -ഉമർ അബ്ദുല്ല
text_fieldsശ്രീനഗർ: ജമ്മുകശ്മീരിൻെറ പ്രത്യേക പദവി സംബന്ധിച്ച് പ്രധാന കേന്ദ്ര തീരുമാനങ്ങൾ വരുന്നുവെന്ന റിപ്പോർട്ടുകളെ തുടർന്ന് താഴ്വര പ്രക്ഷുബ്ധം. ഇതേതുടർന്ന് ജനങ്ങൾ ശാന്തത പാലിക്കാൻ ഗവർണർ ആവശ്യപ്പെട്ടു. ജമ്മുകശ്മീരിൻെറ പ്രത്യേക പദവി നൽകുന്ന ഭരണഘടനയുടെ ആർട്ടിക്കിൾ 35 എയിൽ കൈവെക്കില്ലെന്ന് പ്രധാനമന്ത്രി ഉറപ്പ് നൽകിയതായി മുൻമുഖ്യമന്ത്രി ഉമർ അബ്ദുല്ല വ്യക്തമാക്കി. കശ്മീരിലേക്ക് 38,000 സൈനികരെ അയക്കാൻ കഴിഞ്ഞ ദിവസം കേന്ദ്ര സർക്കാർ തീരുമാനിച്ചിരുന്നു.
അമർനാഥ് തീർഥാടകരും വിനോദസഞ്ചാരികൾക്കും നൽകിയ നിർദേശം ജനങ്ങളിൽ ആശയക്കുഴപ്പം സൃഷ്ടിച്ചിട്ടുണ്ടെന്ന് മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തി പറഞ്ഞു. അനാവശ്യ പരിഭ്രാന്തി സൃഷ്ടിക്കരുതെന്ന് ഗവർണർ സത്യപാൽ മാലിക് പറഞ്ഞു. രാഷ്ട്രീയ നേതാക്കൾ തങ്ങളുടെ പാർട്ടിക്കാരോട് സമാധാനം പാലിക്കാൻ ആവശ്യപ്പെടണമെന്നും ഗവർണർ അഭ്യർത്ഥിച്ചു. ആർട്ടിക്കിൾ 35 എ റദ്ദാക്കാൻ പദ്ധതികളൊന്നുമില്ലെന്ന് മാലിക് പറഞ്ഞിരുന്നു.
അമർനാഥ് പാതയിൽ പാക് സൈന്യത്തിെൻറ കുഴിബോബും അമേരിക്കൻ തോക്കും അടക്കം വൻ ആയുധശേഖരം പിടികൂടിയെന്ന കരസേനയുടെ അറിയിപ്പിനു തൊട്ടു പിന്നാലെയാണ് കശ്മീരിൽ സുരക്ഷ കർശനമാക്കിയത്. ജമ്മു-കശ്മീരിലെ വിനോദ സഞ്ചാരികളും അമർനാഥ് തീർഥാടകരും യാത്ര അവസാനിപ്പിച്ച് ഉടൻ മടങ്ങണമെന്ന ഭരണകൂടത്തിെൻറ നിർദേശത്തെ തുടർന്ന് എൻ.ഐ.ടി ശ്രീനഗറിലെ വിദ്യാർത്ഥികൾ കൂട്ടത്തോടെ കാമ്പസ് വിട്ടു.
- സോപൂരിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ ഒരു തീവ്രവാദി കൊല്ലപ്പെട്ടു. ആക്രമണത്തിൽ ഒരു സൈനികന് പരിക്കേറ്റു.
- ആഗസ്റ്റ് 15 ന് സ്വാതന്ത്ര്യദിനത്തിൽ താഴ്വരയിലുടനീളം ത്രിവർണ്ണ പതാക ഉയർത്താൻ തീരുമാനിച്ചതായി ബി.ജെ.പി സംസ്ഥാന മേധാവി അറിയിച്ചു.
- ദേശീയ കോൺഫറൻസ് നേതാവ് ഉമർ അബ്ദുല്ല ഗവർണർ സത്യപാൽ മാലിക്കിനെ സന്ദർശിച്ചു
- റാപ്പിഡ് ആക്ഷൻ ഫോഴ്സ് (RAF) ജമ്മുവിലെത്തി
- 1947 മുതൽ പാകിസ്താൻ സ്പോൺസർ ചെയ്യുന്ന തീവ്രവാദം ജമ്മു കശ്മീർ അഭിമുഖീകരിക്കുന്നുണ്ടെന്ന് കോൺഗ്രസ് വക്താവ് മനീഷ് തിവാരി ട്വീറ്റ് ചെയ്തു.1990 ആണിതിലെ ഏറ്റവും മോശം കാലഘട്ടം. അന്നെല്ലാ പാർട്ടികളും പ്രധാനമന്ത്രിയെ പിന്തുണച്ചപ്പോൾ കശ്മീർ പാകിസ്താന് കീഴടങ്ങിയിട്ടില്ല. തീർഥാടകരോടും വിനോദസഞ്ചാരികളോടും യാത്ര വെട്ടിച്ചുരുക്കാൻ ആവശ്യപ്പെടുന്നതിനേക്കാൾ നല്ലത് സർക്കാർ അവർക്ക് സുരക്ഷ നൽകുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
- ആഗസ്റ്റ് 15 വരെ ശ്രീനഗർ, ജമ്മു കശ്മീർ എന്നിവിടങ്ങളിലേക്ക് പുറപ്പെടുന്ന എല്ലാ വിമാനങ്ങളുടെയും ഷെഡ്യൂൾ മാറ്റുന്നതിനും റദ്ദാക്കുന്നതിനും റീഫണ്ട് ചെയ്യുമ്പോൾ ഇളവ് അനുവദിക്കാൻ എയർ ഇന്ത്യ തീരുമാനിച്ചു. ഇൻഡിഗോ, സ്പിക്ജെറ്റ്, വിസ്താര എന്നിവയുൾപ്പെടെ മറ്റ് നിരവധി എയർലൈനുകളും ആഗസ്റ്റ് ഒമ്പത് വരെ പൂർണ്ണമായും റീഫണ്ട് നൽകാൻ തീരുമാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.