താഴ്വര വീണ്ടും അശാന്തിയിലേക്ക്
text_fieldsന്യൂഡൽഹി: ബുർഹാൻ വാനിയുടെ പിൻഗാമിയായി പ്രവർത്തിച്ചുവന്ന സബ്സർ അഹ്മദ് ഭട്ട് അടക്കം എട്ടുപേരെ സൈന്യം വധിച്ച സംഭവം കശ്മീർ താഴ്വരയെ അതിഗുരുതര അശാന്തിയിലേക്ക് വീണ്ടും എടുത്തെറിഞ്ഞു. കഴിഞ്ഞ ജൂലൈയിൽ ബുർഹാൻ വാനി കൊല്ലപ്പെട്ടപ്പോൾ ആളിക്കത്തിയ പ്രക്ഷോഭത്തിെൻറ തീയണക്കാൻ ഇനിയും കഴിഞ്ഞിട്ടില്ല. അതിനു പിന്നാലെയാണ് ഇപ്പോഴത്തെ സംഭവം. ജനങ്ങളുടെ വിശ്വാസം നേടിയെടുക്കാനുള്ള ശ്രമങ്ങളുടെ സാധ്യതകൾതന്നെ വലിയൊരു കാലയളവിലേക്ക് അടച്ചുകൊണ്ട് വീണ്ടും കടുത്ത പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടുകഴിഞ്ഞു. രണ്ടു ദിവസത്തെ ബന്ദാഹ്വാനം സ്ഥിതിഗതികളുടെ തീവ്രത വിളിച്ചുപറയുന്നു.
ബുർഹാൻ വാനിയുടെ വധത്തെ തുടർന്ന് യുവാക്കളുടെ നേതൃത്വത്തിൽ മാസങ്ങളായി നടന്ന പ്രക്ഷോഭം സൈനികമായി നേരിട്ടതല്ലാതെ, ജനവിശ്വാസം ആർജിച്ച് താഴ്വരയെ സാധാരണ നിലയിലേക്ക് കൊണ്ടുവരാനുള്ള നടപടികളൊന്നും കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ഭാഗത്തുനിന്ന് ഉണ്ടായില്ല. ജൂലൈയിൽ തുടങ്ങിയ പ്രക്ഷോഭത്തിൽ നൂറിലേറെ പേർ കൊല്ലപ്പെട്ടു. പെല്ലറ്റ് പ്രയോഗത്തിൽ കണ്ണുപോയവർ നൂറുകണക്കിനാണ്. 1200ൽപരം പേർക്കാണ് ഗുരുതര പരിക്കേറ്റത്. വിദ്യാഭ്യാസവും കച്ചവടവും അവതാളത്തിലായ താഴ്വരയിൽ ഭരണകൂടത്തോടുള്ള വിശ്വാസം നഷ്ടപ്പെട്ടാണ് ജനങ്ങൾ കഴിയുന്നത്.
പാർലമെൻറിൽ ഉയർന്ന മുറവിളികളുടെ പശ്ചാത്തലത്തിൽ താഴ്വര സന്ദർശിച്ച സർവകക്ഷി സംഘം നിരവധി നിർദേശങ്ങൾ മുന്നോട്ടുവെച്ചിരുന്നു. ജനവിശ്വാസം ആർജിക്കുന്നതിന് സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നും എല്ലാ വിഭാഗം ജനങ്ങളുമായും ചർച്ച നടത്തി, താഴ്വരയിലെ ജനങ്ങൾക്ക് സാന്ത്വനസ്പർശം നൽകണമെന്നും സർവകക്ഷി സംഘം നിർദേശിച്ചതാണ്. എന്നാൽ, സംഭാഷണങ്ങളുടെ വഴിയിൽ കേന്ദ്രമോ സംസ്ഥാന സർക്കാറോ മുന്നോട്ടുപോയില്ല. ബി.ജെ.പി നേതാവ് യശ്വന്ത് സിൻഹയുടെ നേതൃത്വത്തിലുള്ള വസ്തുതാന്വേഷണ സംഘവും ഇൗ നിർദേശങ്ങൾ മുേന്നാട്ടുവെച്ചിരുന്നു.
തീവ്രവാദ നിലപാടുകാരുടെകൂടി പിന്തുണ ഉണ്ടായിരുന്ന പി.ഡി.പി മഹ്ബൂബ മുഫ്തിയുടെ നേതൃത്വത്തിൽ ബി.ജെ.പിയുമായി സഖ്യമുണ്ടാക്കിയത് ജനവിശ്വാസം പാടേ നഷ്ടപ്പെടുത്തിയ സാഹചര്യമാണ് ഉണ്ടാക്കിയതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. വിശ്വാസവർധക നടപടികൾക്കു പകരം, സൈനികശക്തികൊണ്ട് താഴ്വരയിലെ കുഴപ്പങ്ങൾ ഒതുക്കുകയെന്ന കേന്ദ്രനയമാണ് മുന്നോട്ടുനീങ്ങുന്നത്. അതിർത്തിയിലെ സാഹചര്യങ്ങൾകൂടി മോശമായി നിൽക്കുന്ന ഘട്ടത്തിലാണ് ഇപ്പോൾ വീണ്ടും അതിശക്തമായ പ്രക്ഷോഭം. പി.ഡി.പി-ബി.ജെ.പി ബന്ധത്തിെൻറ ആയുസ്സും പുതിയ സാഹചര്യങ്ങൾ സംശയത്തിലാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.