കശ്മീർ വി.സിയുടെ കൊല: പ്രതികളെ വെറുതെ വിട്ടത് ശരിവെച്ച് സുപ്രീം കോടതി
text_fieldsന്യൂഡൽഹി: 1990ൽ കശ്മീർ സർവകലാശാല വൈസ് ചാൻസലർ മുഷീറുൽ ഹഖ്, അദ്ദേഹത്തിന്റെ സ്വകാര്യ സെക്രട്ടറി അബ്ദുൽ ഗനി എന്നിവരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ ഏഴ് പ്രതികളെ വെറുതെ വിട്ടതിനെതിരെ സി.ബി.ഐ സമർപ്പിച്ച അപ്പീൽ സുപ്രീം കോടതി തള്ളി.
മുഖ്യ പ്രതി ഹിലാൽ ബേഗ് നിരോധിത സംഘടനയായ ജമ്മു-കശ്മീർ സ്റ്റുഡന്റ്സ് ലിബറേഷൻ ഫ്രണ്ട് ചീഫ് കമാൻഡറും ജാവേദ് ഷാല, താഹിർ അഹമ്മദ് മീർ, മുഷ്താഖ് അഹമ്മദ് ശൈഖ്, മുഷ്താഖ് അഹമ്മദ് ഖാൻ, മുഹമ്മദ് ഹുസൈൻ ഖാൻ, മുഹമ്മദ് സലീം സർഗാർ എന്നീ മറ്റു പ്രതികൾ സംഘടനാ അംഗങ്ങളുമാണെന്നാണ് സി.ബി.ഐ ആരോപണം. ഇവർ പൊതുജനങ്ങളെ ഭീതിയിലാക്കാനും സഹപ്രവർത്തകരായ നിസാർ അഹ്മദ് ജോഗി, ഗുലാം നബി ഭട്ട്, ഫയാസ് അഹ്മദ് വാനി എന്നിവരുടെ മോചനത്തിന് സർക്കാറിൽ സമ്മർദം ചെലുത്താനുമായി സർവകലാശാല വൈസ് ചാൻസലർ മുഷീറുൽ ഹഖിനെയും സ്വകാര്യ സെക്രട്ടറിയെയും 1990 ഏപ്രിൽ ആറിന് തട്ടിക്കൊണ്ടുപോവുകയും ആവശ്യങ്ങൾ സർക്കാർ അംഗീകരിക്കാതിരുന്നതിനെ തുടർന്ന് ഏപ്രിൽ പത്തിന് കൊലപ്പെടുത്തിയെന്നുമാണ് സി.ബി.ഐ കുറ്റപത്രത്തിൽ പറയുന്നത്.
കേസിൽ നടപടിക്രമങ്ങൾ പാലിക്കപ്പെട്ടില്ലെന്നും അന്വേഷണത്തിലെയും വിചാരണയിലെയും വീഴ്ചയാണ് രണ്ട് ഉന്നത ഉദ്യോഗസ്ഥർക്ക് നീതി നിഷേധിക്കപ്പെടാൻ ഇടയാക്കിയതെന്നും കോടതി നിരീക്ഷിച്ചു. കോടതിക്ക് തെളിവുകളുടെയും നടപടിക്രമങ്ങളുടെയും അടിസ്ഥാനത്തിൽ മാത്രമേ വിധി പറയാൻ കഴിയൂ എന്ന് ജസ്റ്റിസ് അഭയ് എസ്. ഓക, ഉജ്ജൽ ഭുയാൻ എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.