പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥനെന്ന പേരിൽ ആൾമാറാട്ടം നടത്തി ഏഴ് വിവാഹം; കശ്മീരി യുവാവ് പിടിയിൽ
text_fieldsന്യൂഡൽഹി: പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥനെന്ന പേരിൽ ആൾമാറാട്ടം നടത്തിയ കശ്മീർ യുവാവ് ഒഡീഷയിൽ പിടിയിൽ. കശ്മീർ സ്വദേശിയായ സയ്യിദ് ഇഷാൻ ബുഖാരി ആണ് അറസ്റ്റിലായത്. ഇയാൾ സൈനിക ഡോക്ടറാണെന്ന് പറഞ്ഞും ആളുകളെ കബളിപ്പിച്ചുവെന്ന് പൊലീസ് പറഞ്ഞു.
37 കാരനായ ഇയാൾ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി ഏഴ് യുവതികളെ വിവാഹം ചെയ്തിട്ടുണ്ട്. കേരളത്തിലെ ചില സംഘടനകളുമായും ഇയാൾക്ക് ബന്ധമുള്ളതായി സംശയിക്കുന്നുവെന്നും പൊലീസ് പറഞ്ഞു.
ഇയാളിൽനിന്ന് വ്യാജ സർട്ടിഫിക്കറ്റുകളും രേഖകളും പൊലീസ് പിടിച്ചെടുത്തു. യു.എസിലെ കോർണൽ യൂണിവേഴ്സിറ്റി, കനേഡിയൻ ഹെൽത്ത് സർവീസസ് ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങിയ പ്രശസ്ത സ്ഥാപനങ്ങൾ നൽകിയ മെഡിക്കൽ ബിരുദ സർട്ടിഫിക്കറ്റുകൾ ഉൾപ്പെടെയുള്ള വ്യാജ രേഖകളാണ് ഒഡീഷ പൊലീസ് പിടിച്ചെടുത്തത്.
കശ്മീർ, യു.പി, മഹാരാഷ്ട്ര, ഒഡീഷ എന്നിവയുൾപ്പെടെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നായാണ് ഇയാൾ ഏഴ് യുവതികളെ വിവാഹം കഴിച്ചത്. അന്താരാഷ്‌ട്ര ബിരുദങ്ങളുള്ള ഡോക്ടറായി വേഷമിട്ട പ്രതിക്ക് ഒന്നിലധികം സ്ത്രീകളുമായി പ്രണയബന്ധമുണ്ടായിരുന്നുവെന്നും പൊലീസ് പറയുന്നു. വഞ്ചന, വ്യാജരേഖ ചമയ്ക്കൽ എന്നീ കേസുകളുമായി ബന്ധപ്പെട്ട് കശ്മീർ പൊലീസ് അന്വേഷിക്കുന്ന പ്രതിയാണിയാളെന്നും പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.