ജാമ്യം ലഭിച്ച കശ്മീർ മാധ്യമപ്രവർത്തകൻ ഫഹദ് ഷാ വീട്ടിലെത്തി
text_fieldsശ്രീനഗർ: തീവ്രവാദം പ്രചരിപ്പിച്ചുവെന്ന കേസിൽ അറസ്റ്റിലായി ജയിൽ ശിക്ഷയനുഭവിച്ചിരുന്ന കശ്മീർ മാധ്യമപ്രവർത്തകൻ ഫഹദ് ഷാ വീട്ടിലെത്തി. കഴിഞ്ഞാഴ്ചയാണ് ജമ്മുകശ്മീർ ഹൈകോടതി ഷാക്ക് ജാമ്യം അനുവദിച്ചത്. 2023 നവംബർ 17 ന് ജമ്മു കശ്മീർ, ലഡാക്ക് ഹൈക്കോടതി ഷാക്കെതിരായ യു.എ.പിഎയുടെ വിവിധ വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങൾ തള്ളുകയായിരുന്നു.
രണ്ടരവർഷമായി ജയിലിലായിരുന്നു ഇദ്ദേഹം. ദ കശ്മീർ വാല എന്ന ന്യൂസ് മാഗസിനിൽ പുൽവാമ ഏറ്റുമുട്ടൽ സംബന്ധിച്ച് വാർത്ത പ്രസിദ്ധീകരിച്ചതിനു പിന്നാലെയാണ് ഷായെ തീവ്രവാദക്കുറ്റം ചുമത്തി ജമ്മുകശ്മീർ പൊലീസ് അറസ്റ്റ് ചെയ്തത്. ഐ.ടി. ആക്റ്റ് പ്രകാരം ഈ വർഷാദ്യം മാഗസിൻ നിരോധിക്കുകയും ചെയ്തിരുന്നു. ഫഹദ് ഷായുടെ ജയിൽ മോചനം സ്വാഗതം ചെയ് കമ്മിറ്റി ടു പ്രൊട്ടക്റ്റ് ജേണലിസ്റ്റ് കശ്മീർ വാലയുടെ നിരോധനം നീക്കണമെന്നും ആവശ്യപ്പെട്ടു.
ദ കശ്മീർ വാല യുടെ സ്ഥാപകനും എഡിറ്ററുമായിരുന്നു ഷാ. 2021ൽ ഷാക്ക് ഹ്യൂമൻ റൈറ്റ്‌സ് പ്രസ് അവാർഡ് ലഭിച്ചിരുന്നു. പുൽവാമ ജില്ലയിൽ നടന്ന ഏറ്റുമുട്ടലിനെ കുറിച്ച് തെറ്റായി റിപ്പോർട്ട് ചെയ്തുവെന്നാരോപിച്ച് 2022 ഫെബ്രുവരി നാലിനാണ് ജമ്മുകശ്മീർ പൊലീസ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. ഷാക്കെതിരെ മൂന്ന് യു.എ.പി.എ കേസുകളും നിലവിലുണ്ട്. പുൽവാമയിൽ പോലീസ് നടത്തിയ റെയ്ഡിൽ നാലു പേർ കൊല്ലപ്പെട്ടതിനെ കുറിച്ചായിരുന്നു വാർത്ത നൽകിയത്.
തീവ്രവാദത്തെ മഹത്വവത്കരിക്കുകയും വ്യാജ വാർത്തകൾ പ്രചരിപ്പിക്കുകയും ആളുകളെ തീവ്രവാദപ്രവർത്തനങ്ങൾക്ക് പ്രേരിപ്പിക്കുകയും ചെയ്തു എന്നതായിരുന്നു ഷാക്കെതിരായ കുറ്റം.2022 ഏപ്രിലിൽ ഷായുടെ വീടും വാർത്താ മാസികയുടെ ഓഫിസുകളും കശ്മീർ പൊലീസും എൻ.ഐ.എയും റെയ്ഡ് ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.