ജഗൻെറ വാഗ്ദാനത്തിന് പുല്ലുവില; കശ്മീരികളെ ഹൈദരാബാദിലെത്തിക്കാൻ അധികാരികൾ ചോദിച്ചത് 1.8 ലക്ഷം
text_fieldsഹൈദരാബാദ്: കഴിഞ്ഞ ദിവസമാണ് സംസ്ഥാനത്തെ അന്തർസംസ്ഥാന തൊഴിലാളികൾക്ക് സൗജന്യ യാത്രയും ഭക്ഷണവുമൊരുക്കുമെന്ന് ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി വൈ.എസ്. ജഗൻമോഹൻ റെഡ്ഡി പ്രഖ്യാപിച്ചത്. എന്നാൽ സംസ്ഥാനത്തെ പ്രാദേശിക ഭരണാധികാരികളും ട്രാൻസ്പോർട്ട് കോർപറേഷൻ അധികൃതരും ഇതറിഞ്ഞ മട്ടില്ല. പുട്ടപർത്തിയിൽ നിന്നും ഹൈദരാബാദ് വരെയുള്ള ബസ് സർവീസിനായി 80 കശ്മീരി തൊഴിലാളികളോട് പ്രാദേശിക ഭരണകൂടം ആവശ്യപ്പെട്ടത് 1.80 ലക്ഷം രൂപയാണ്.
എന്നാൽ യാതൊരു വഴിയുമില്ലാതിരുന്ന തൊഴിലാളികളെ പ്രദേശത്തെ വ്യവസായ പ്രമുഖരും ഇരട്ട സഹോദരൻമാരായ രാമലക്ഷ്മണൻമാർ സഹായിച്ചു. ഭക്ഷണവും പണവുമില്ലാതെ ഞെരുങ്ങി ജീവിച്ച ആ രണ്ടാഴ്ച ഒരുദുസ്വപ്നം പോലെയാണ് ആ തൊഴിലാളികൾ ഓർക്കുന്നത്. ഹൈദരാബാദിലെത്തിയാൽ കശ്മീരിലേക്ക് ട്രെയിൻ സർവീസ് ഒരുക്കാമെന്ന് പ്രാദേശിക ഭരണകൂടം അവരെ അറിയിച്ചു. 436 കിലോമീറ്റർ അകലെയുള്ള ഹൈദരാബാദിലെത്താൻ അവർ സ്വന്തം നിലക്ക് ശ്രമിച്ചെങ്കിലും നടന്നില്ല.
പ്രാദേശിക ഭരണകൂടം ഹൈദരാബാദിലേക്ക് ബസ് ഏർപെടുത്താമെന്ന് സമ്മതിച്ചു. എന്നാൽ പാവം തൊഴിലാളികൾ 1.82 ലക്ഷം രൂപ നൽകണമെന്ന് പറഞ്ഞു. ആകെ പാപ്പരായി കിടക്കുന്ന പാവം തൊഴിലാളികളെക്കൊണ്ട് എങ്ങനെയാണ് ഭീമമായ സംഖ്യ സംഘടിപ്പിക്കാനാവുന്നത്. തൊഴിലാളികളുടെ സങ്കടം കേട്ടറിഞ്ഞ് രാമ റാവുവും ലക്ഷ്മണ റാവുവും എം.എൽ.എയെയും പ്രാദേശിക ഭരണകൂടത്തെയും സമീപിച്ചെങ്കിലും ഫലമൊന്നുമുണ്ടായില്ല. ഇതോടെ ഇരുവരും യാത്രക്കാവശ്യമായ പണം തൊഴിലാളികൾക്ക് കടമായി നൽകാൻ തയാറാകുകയായിരുന്നു.
‘തൊഴിലാളികൾക്ക് സൗജന്യ യാത്രയൊരുക്കുമെന്ന് സർക്കാർ വലിയ വാഗ്ദാനങ്ങളൊക്കെ നൽകും. മൂന്ന് ബസുകൾക്ക് 65000 രൂപ വെച്ചാണ് ഞങ്ങളോട് ആവശ്യപ്പെട്ടത്. മടക്കയാത്രയുടെ ചെലവടക്കമാണ് ആ തുക’ -കശ്മീരി ഷാളുകളും വസ്ത്രങ്ങളും വിൽക്കുന്ന ഷെയ്ഖ് താരീഖ് പറഞ്ഞു. എന്ത് വിറ്റിട്ടാെണങ്കിലും നാട്ടിലെത്തിയ ഉടൻ റാവു സഹോദരൻമാരുടെ പണം തിരികെ നൽകുമെന്ന് താരീഖ് പറഞ്ഞു. ‘അവർ പണം തിരികെ തരുമെന്നുറപ്പാണ്. അതിനവർക്ക് സാധിച്ചില്ലെങ്കിൽ ഞങ്ങളൊരു സാമൂഹ്യ സേവനം ചെയ്തതായി കരുതും’ -ലക്ഷ്മൺ റാവു പറഞ്ഞു. സ്വന്തം ഉടമസ്ഥതയിൽ നിന്നുള്ള പെട്രോൾ പമ്പിൽ നിന്നും പണമെടുത്താണ് റാവു തൊഴിലാളികൾക്ക് പണം നൽകിയത്. പുട്ടപർത്തിയിൽ നിന്നും ഹൈദരാബാദിലെത്തിയ ശേഷം ഉദ്ദംപൂരിലേക്കുള്ള യാത്ര സാധ്യമാകുമെന്ന പ്രതീക്ഷയിലാണ് കശ്മീരി തൊഴിലാളികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.