നാടുവിടാനൊരുങ്ങി പണ്ഡിറ്റ് ജീവനക്കാർ
text_fieldsശ്രീനഗർ: പ്രധാനമന്ത്രിയുടെ പാക്കേജിന് കീഴിൽ ജോലി ലഭിച്ച ഒരു കൂട്ടം കശ്മീരി പണ്ഡിറ്റ് ജീവനക്കാർ കശ്മീരിൽ നിന്ന് കൂട്ടക്കുടിയേറ്റത്തിന് ഒരുക്കം തുടങ്ങി. മുസ്‌ലിംകളല്ലാത്ത ജീവനക്കാരെ ലക്ഷ്യമിട്ടുള്ള തീവ്രവാദികളുടെ കൊലപാതക പരമ്പരയിൽ പ്രതിഷേധിച്ചാണ് നീക്കം.
തങ്ങളുടെ ചരക്കുകൾ കൊണ്ടുപോകാനുള്ള നിരക്ക് ചർച്ച ചെയ്യാൻ ബുധനാഴ്ച ട്രക്ക് ഉടമകളുമായി കൂടിക്കാഴ്ച നടത്തിയെന്ന് സംഘം പറഞ്ഞു. കുൽഗാം ജില്ലയിലെ അധ്യാപിക തീവ്രവാദികളുടെ വെടിയേറ്റ് കൊല്ലപ്പെട്ടതിന് പിറകെ, 24 മണിക്കൂറിനുള്ളിൽ സർക്കാർ തങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയില്ലെങ്കിൽ താഴ്‌വര വിടുമെന്ന് ജീവനക്കാരുടെ സംഘടന വ്യക്തമാക്കിയിരുന്നു.
കശ്മീരി പണ്ഡിറ്റുകളെ ലക്ഷ്യമിട്ടുള്ള കൊലപാതകം തുടരുകയാണെന്നും സർക്കാറിനോട് അപേക്ഷിച്ച് മടുത്തുവെന്നും ജീവനക്കാരിലൊരാൾ പറഞ്ഞു. പ്രതിനിധി സംഘം ലഫ്റ്റനന്റ് ഗവർണറെ നേരത്തേ കണ്ടിരുന്നു. ഞങ്ങളെ രക്ഷിക്കാൻ അദ്ദേഹത്തോട് ആവശ്യപ്പെട്ടിരുന്നു. താഴ്‌വരയിലെ സ്ഥിതി സാധാരണ നിലയിലാകുന്നത് വരെ സ്ഥലംമാറ്റണമെന്നാണ് ആവശ്യപ്പെട്ടത് -അദ്ദേഹം കൂട്ടിച്ചേർത്തു.
അതിനിടെ, കുടിയേറ്റ ജീവനക്കാരെയും ജമ്മുവിൽ നിന്നുള്ള മറ്റുള്ളവരെയും കശ്മീരിലെ സുരക്ഷിത സ്ഥലങ്ങളിൽ ജൂൺ ആറിനകം നിയമിക്കാൻ ധാരണയായി. പ്രധാനമന്ത്രിയുടെ പ്രത്യേക പാക്കേജ് ജീവനക്കാരെയും കശ്മീർ ഡിവിഷനിൽ നിയമിച്ച ന്യൂനപക്ഷ സമുദായങ്ങളിൽ നിന്നുള്ളവരെയും ഉടൻ സുരക്ഷിത സ്ഥലങ്ങളിൽ നിയമിക്കുമെന്നും ഈ മാസം ആറിനകം നടപടിക്രമങ്ങൾ പൂർത്തിയാക്കുമെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
ജമ്മുവിൽ രണ്ടാം ദിവസവും പ്രതിഷേധം
സാംബ: തെക്കൻ കശ്മീരിലെ കുൽഗാം ജില്ലയിൽ സ്കൂൾ അധ്യാപിക തീവ്രവാദികളുടെ വെടിയേറ്റു മരിച്ച സംഭവത്തിൽ പ്രതിഷേധം വ്യാപകം. സാംബ, കത്വ ജില്ലകളിൽ തുടർച്ചയായ രണ്ടാംദിവസവും പ്രതിഷേധം അരങ്ങേറി. സാംബ നിവാസി രജനി ബാല (36) യാണ് തീവ്രവാദികളുടെ വെടിയേറ്റ് മരിച്ചത്.
പ്രതിഷേധക്കാർ സാംബയിൽ ബുധനാഴ്ച ജമ്മു-പത്താൻകോട്ട് പാത ഉപരോധിച്ചു. രജനിയെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നതിൽ പരാജയപ്പെട്ട ഉദ്യോഗസ്ഥരെ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. സാംബയിലെ കടകമ്പോളങ്ങൾ അടഞ്ഞുകിടന്നു. പാക് വിരുദ്ധ മുദ്രാവാക്യങ്ങൾ ഉയർത്തി നൂറുകണക്കിന് പ്രതിഷേധക്കാർ ജമ്മു-പത്താൻകോട്ട് പാതയിൽ പ്രകടനം നടത്തി.
ദമ്പതികളുടെ ആവർത്തിച്ചുള്ള അഭ്യർഥന നിരസിക്കുകയും ബാലയെ കുൽഗാമിലേക്കുള്ള സ്ഥലംമാറ്റം മാസങ്ങളോളം വൈകിപ്പിക്കുകയും ചെയ്തതിന് ഉദ്യോഗസ്ഥരെ, പ്രത്യേകിച്ച് കുൽഗാം സി.ഇ.ഒയെ പിരിച്ചുവിടണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. ദേശീയപാതയിൽ കുത്തിയിരിപ്പ് സമരം നടത്തി. വാഹന ഗതാഗതം തടഞ്ഞു. താഴ്‌വരയിലെ സർക്കാർ ഓഫിസുകളിൽ സേവനമനുഷ്ഠിക്കുന്ന ഹിന്ദുക്കളെ സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ട ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹക്കെതിരെ പ്രതിഷേധക്കാർ മുദ്രാവാക്യം വിളിച്ചു. അദ്ദേഹത്തിന്റെ കോലം കത്തിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.