കശ്മീരി പണ്ഡിറ്റുകൾക്ക് വീടുകളിലേക്ക് മടങ്ങാൻ സമയമായെന്ന് ഫറൂഖ് അബ്ദുല്ല; ‘നാഷണൽ കോൺഫറൻസ് സർക്കാർ ശത്രുവല്ല’
text_fieldsശ്രീനഗർ: കശ്മീരി പണ്ഡിറ്റുകൾക്ക് അവരുടെ വീടുകളിലേക്ക് മടങ്ങാൻ സമയമായെന്ന് നാഷണൽ കോൺഫറൻസ് അധ്യക്ഷനും ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയുമായ ഫറൂഖ് അബ്ദുല്ല. അധികാരത്തിലേറാൻ പോകുന്ന എൻ.സി-കോൺഗ്രസ് സർക്കാർ പണ്ഡിറ്റുകളുടെ ശത്രുവല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാനത്തെ എല്ലാ വിഭാഗം ജനങ്ങളെയും ഒരുമിപ്പിച്ച് കൊണ്ടു പോകണമെന്ന ലക്ഷ്യമാണ് ഫറൂഖ് അബ്ദുല്ല മുന്നോട്ടുവെക്കുന്നത്. 'ഇവിടെ നിന്ന് പോയ നമ്മുടെ സഹോദരങ്ങൾ നാട്ടിലേക്ക് വരുമെന്ന് പ്രതീക്ഷിക്കുന്നു. ഇപ്പോൾ സമയമായി, അവർ അവരുടെ വീടുകളിലേക്ക് മടങ്ങണം. ഞങ്ങൾ കശ്മീരി പണ്ഡിറ്റുകളെ കുറിച്ച് മാത്രമല്ല, ജമ്മുവിലെ ജനങ്ങളെ കുറിച്ചും ചിന്തിക്കുന്നു. അവരോട് നന്നായി പെരുമാറണം. നാഷണൽ കോൺഫറൻസ് സർക്കാർ തങ്ങളുടെ ശത്രുവല്ലെന്ന് അവർക്കും തോന്നണം. ഞങ്ങൾ ഇന്ത്യക്കാരാണ്. എല്ലാവരെയും ഒരുമിപ്പിച്ച് കൊണ്ടുപോകാൻ ആഗ്രഹിക്കുന്നു' -ഫറൂഖ് അബ്ദുല്ല വ്യക്തമാക്കി.
ജമ്മു കശ്മീരിലെ സംസ്ഥാന പദവി പുനഃസ്ഥാപിക്കണമെന്ന ആവശ്യം ഫറൂഖ് അബ്ദുല്ല ആവർത്തിച്ചു. സംസ്ഥാനത്തിന് പ്രവർത്തിക്കാൻ കഴിയണമെങ്കിൽ സംസ്ഥാന പദവി അനിവാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
തൊഴിലില്ലായ്മയാണ് സംസ്ഥാനത്തെ ഏറ്റവും വലിയ പ്രശ്നം. ജമ്മു കശ്മീരിനെ ഒന്നിപ്പിക്കാനും തെരഞ്ഞെടുപ്പിൽ പടർന്നുപിടിച്ച വിദ്വേഷം അവസാനിപ്പിക്കാനുമാണ് തങ്ങൾ മുൻഗണന നൽകുന്നതെന്നും ഫറൂഖ് അബ്ദുല്ല വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.