ഇന്ത്യ പാകിസ്ഥാനോട് തോറ്റതിന് കശ്മീരി വിദ്യാർഥികൾക്ക് മർദ്ദനം; വീഡിയോ പുറത്ത്
text_fieldsഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള മത്സരത്തിനുശേഷം കശ്മീരി വിദ്യാർഥികൾക്കുനേരേ ആക്രമണം. പഞ്ചാബിലെ കോളേജുകളിലാണ് സംഭവം. പഞ്ചാബിലെ സംഗ്രൂർ ജില്ലയിലെ ഭായ് ഗുരുദാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിങ് ആൻഡ് ടെക്നോളജിയിലെ വിദ്യാർഥികൾക്കാണ് മർദനമേറ്റത്. ഹോസ്റ്റലിനകത്തുനിന്നുള്ള ആക്രമണത്തിന്റെ വീഡിയോകൾ വിദ്യാർഥികൾ തന്നെ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. ഖറാറിലെ റയാത്ത് ബഹ്റത് സർവകലാശാലയിൽ നിന്നും സമാനമായ റിപ്പോർട്ടുകൾ പുറത്തുവന്നു.
'സംഗ്രൂരിലും ഖരർ മൊഹാലിയിലും ആക്രമിക്കപ്പെട്ട കശ്മീരി വിദ്യാർഥികളുമായി സംസാരിച്ചു. അവരെ നാട്ടുകാരും മറ്റ് പഞ്ചാബി വിദ്യാർഥികളുമാണ് രക്ഷിച്ചത്. ബിഹാർ, ഉത്തർപ്രദേശ്, ഹരിയാന എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ മുറികളിലേക്ക് അതിക്രമിച്ച് കയറുകയും ആക്രമിക്കുകയും ചെയ്യുകയുമായിരുന്നു'-ജെ ആൻഡ് കെ സ്റ്റുഡന്റ്സ് അസോസിയേഷൻ ദേശീയ വക്താവ് നാസിർ ഖുവാമി പറഞ്ഞു.
വിദ്യാർത്ഥികളെ അവരുടെ മുറികളിൽ കയറി ആക്രമിക്കാൻ സുരക്ഷാ ഗാർഡ് അനുവദിക്കുകയായിരുന്നുവെന്ന് വിദ്യാർഥികൾ ആരോപിച്ചു. സംഭവശേഷം പഞ്ചാബ് പോലീസ് ഉദ്യോഗസ്ഥർ കോളേജിലെത്തി കശ്മീരി വിദ്യാർഥികളുമായി സംസാരിച്ചു. സംഭവത്തിൽ മുൻ കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുല്ലയും പ്രതികരിച്ചിട്ടുണ്ട്. സംഭവത്തിൽ നടപടി എടുക്കണമെന്ന് അദ്ദേഹം പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് ചന്നിയോട് ആവശ്യപ്പെട്ടു.
90 കശ്മീരി വിദ്യാർഥികളും യുപി, ബിഹാർ എന്നിവിടങ്ങളിൽ നിന്നുള്ള 30 ഓളം വിദ്യാർഥികളും കോളേജിലുണ്ടെന്ന് സംഗ്രൂരിലെ മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഹോസ്റ്റലിന്റെ രണ്ട് ഭാഗങ്ങളിലാണ് കശ്മീരി വിദ്യാർഥികൾ താമസിക്കുന്നത്. മത്സരം അവസാനിച്ചതിന് ശേഷം, യുപിയിൽ നിന്നും ബീഹാറിൽ നിന്നുമുള്ള വിദ്യാർഥികൾ കശ്മീരി വിദ്യാർഥികളുടെ മുറിക്കുള്ളിൽ കയറി അവരുമായി വാക്കുതർക്കത്തിലേർപ്പെട്ടു' സംഗ്രൂർ ജില്ല എസ്‌എസ്‌പി സ്വപൻ ശർമ പറഞ്ഞു.
റിപ്പോർട്ടുകൾ അനുസരിച്ച്, ഇന്ത്യ-പാകിസ്ഥാൻ മത്സരത്തിനുശേഷം ഖരർ മൊഹാലിയിൽ കുറഞ്ഞത് 4 വിദ്യാർത്ഥികളെയെങ്കിലും മർദ്ദിച്ചിട്ടുണ്ട്. എല്ലാ വിദ്യാർത്ഥികളും റയാത്ത് ബഹ്റത്ത് സർവകലാശാലയിൽ നിന്നുള്ളവരാണ്. ഹരിയാനയിൽ നിന്നുള്ള നിരവധി ഗുണ്ടകളാണ് തങ്ങളെ ആക്രമിച്ചതെന്ന് അവർ പറഞ്ഞു. പഞ്ചാബിൽ പഠിക്കുന്ന കശ്മീരി വിദ്യാർഥികളുടെ സംരക്ഷണം പഞ്ചാബ് പോലീസ് ഉറപ്പാക്കണമെന്ന് ജെ ആൻഡ് കെ ജെ ആൻഡ് കെ സ്റ്റുഡന്റ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.