കശ്മീർ വിദ്യാർഥികൾക്ക് നേരെ ആക്രമണം; പ്രതിഷേധത്തിനൊടുവിൽ അന്വേഷണത്തിനൊരുങ്ങി പൊലീസ്
text_fieldsജലന്ധർ: കശ്മീർ വിദ്യാർഥികൾക്ക് നേരെ നടന്ന ആക്രമണം സംബന്ധിച്ച് അന്വേഷണത്തിനൊരുങ്ങി പൊലീസ്. വിദ്യാർഥികളുടെ പരാതി ലഭിച്ചിട്ടും പൊലീസ് അന്വേഷണം നടത്തിയിരുന്നില്ല. സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം രൂക്ഷമായതിനെ തുടർന്നാണ് അന്വേഷണം.
ജലന്ധർ ഹൗസിംഗ് സൊസൈറ്റിയിൽ മൂന്ന് കശ്മീരി വിദ്യാർത്ഥികൾക്ക് നേരെയുണ്ടായ ആൾക്കൂട്ട ആക്രമണത്തെക്കുറിച്ച് മൊഹാലി ജില്ലയിലെ ഖരാർ പൊലീസ് ആണ് അന്വേഷണം ആരംഭിച്ചത്. അക്രമികളെ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല.
മൂന്ന് കശ്മീരി വിദ്യാർത്ഥികൾക്ക് പരിക്കേറ്റതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് സംഭവം പുറത്തറിയുന്നത്.
താഴ്‌വരയിൽ നിന്നുള്ള ഒരു കൂട്ടം കശ്മീരി വിദ്യാർഥികളാണ് കശ്മീരികളായതിന്റെ പേരിൽ ആൾക്കൂട്ടം തങ്ങളെ ലക്ഷ്യമിട്ടെന്ന് പറഞ്ഞ് ട്വിറ്ററിൽ ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. സംഭവം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് പഞ്ചാബ് പൊലീസ് ട്വിറ്ററിൽ മറുപടി നൽകി.
ജനുവരി 17ന് രാത്രി 10.30ന് മൂന്ന് കശ്മീരി വിദ്യാർത്ഥികൾ അവരുടെ ഫ്ലാറ്റിനുള്ളിലായിരുന്ന സമയത്താണ് ആക്രമണം നടന്നതെന്നാണ് റിപ്പോർട്ട്. മൊഹാലിയിലെ ഒരു സ്വകാര്യ സർവ്വകലാശാലയിൽ പഠനത്തിനായാണ് ഇവർ എത്തിയത്. എന്നാൽ, കോവിഡ് കേസുകളുടെ വർദ്ധനവിനെത്തുടർന്ന് കാമ്പസ് വീണ്ടും അടച്ചു. പഞ്ചാബി നഗരങ്ങളിൽ ധാരാളം കശ്മീരി വിദ്യാർത്ഥികൾ പഠിക്കുന്നു.
ആക്രമണത്തിന് ദൃക്‌സാക്ഷിയും സമീപത്തെ അപ്പാർട്ട്‌മെന്റിൽ താമസക്കാരനുമായ ബാരാമുള്ള നിവാസി ശൈഖ് അഹമ്മദ് സംഭവത്തെ സംബന്ധിച്ച് മാധ്യമങ്ങളോട് വിവരിച്ചു. 'കശ്മീരി വിദ്യാർത്ഥികളുടെ താമസം എന്റെ താമസ സ്ഥലത്തിന് സമീപമാണ്. ഞാൻ എന്റെ ഫ്ലാറ്റിൽ ആയിരുന്നപ്പോൾ, കുട്ടികളുടെ ഒരു സുഹൃത്ത് പെട്ടെന്ന് എന്റെ മുറിയിലേക്ക് ഓടിക്കയറി, ഒരു കൂട്ടം അജ്ഞാതരായ പുരുഷന്മാരും സ്ത്രീകളും അവരുടെ ഫ്ലാറ്റിൽ അതിക്രമിച്ച് കയറി അവരെ മർദിക്കുകയാണെന്ന് പറഞ്ഞു. ഓടി എത്തുമ്പോൾ പത്ത് മുപ്പത് പേർ കുട്ടികളെ ആക്രമിച്ചു കൊണ്ടിരിക്കുകയായിരുന്നു' -ശൈഖ് അഹമ്മദ് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.