ഭീകരാക്രമണത്തിൽ നിന്ന് നാല് കുടുംബങ്ങളെ രക്ഷിച്ചത് കശ്മീരി കച്ചവടക്കാരന്റെ സമയോചിത ഇടപെടൽ
text_fieldsറായ്പൂർ: പഹൽഗാം ഭീകരാക്രമണത്തിൽ നിന്നും നാല് കുടുംബങ്ങളെ രക്ഷിച്ചത് കശ്മീരി കമ്പിളി വസ്ത്രവിൽപനക്കാരന്റെ സമയോചിത ഇടപെടൽ. ഭീകരാക്രമണമുണ്ടായപ്പോൾ ഛത്തീസ്ഗഢിൽ നിന്നും കശ്മീരിലെത്തിയവരെ ഇയാൾ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റുകയായിരുന്നു. എല്ലാ മഞ്ഞുകാലത്തും ഛത്തീസ്ഗഢിലെ ചിർമിരി ടൗണിൽ ഇയാൾ കമ്പിളി വസ്ത്രങ്ങൾ വിൽക്കാനായി പോകാറുണ്ട്. രക്ഷപ്പെട്ട കുടുംബാംഗങ്ങൾ വിൽപനക്കാരനായ നസ്കാത്ത് അലിയിൽ നിന്നും വസ്ത്രങ്ങൾ വാങ്ങാറുണ്ട്.
നാല് കുടുംബങ്ങളിൽ നിന്നുള്ള 11 പേരാണ് കശ്മീരിലെത്തിയത്. മൂന്ന് കുട്ടികളും സംഘത്തിൽ ഉൾപ്പെട്ടിരുന്നു. ശിവാനിഷ് ജെയിൻ, അരവിന്ദ് അഗർവാൾ, ഹാപ്പി വാദ്‍വാൻ, കുൽദീപ് സ്താപക് എന്നിവരുടെ കുടുംബാംഗങ്ങളാണ് കശ്മീരിലെത്തിയത്. ഏപ്രിൽ 18ന് ഛത്തീസ്ഗഢിൽ നിന്നും യാത്രതതിരിച്ച് ഏപ്രിൽ 21നാണ് ഇവർ പഹൽഗാമിലെത്തിയത്.
ഉരുൾപ്പൊട്ടൽ മൂലം പഹൽഗാമിലേക്കുള്ള പാതയിൽ നല്ല തിരക്കുണ്ടായിരുന്നു. ഇതിനിടെയാണ് വെടിവെപ്പുണ്ടായത്. കശ്മീരിലേക്ക് വരുന്ന വിവരം കമ്പിളി വസ്ത്രക്കാരനായ നസ്കാത്ത് അലിയേയും അറിയിച്ചിരുന്നു. ഇവർക്കൊപ്പം നസ്കാത്ത് അലിയും ഉണ്ടായിരുന്നു. വെടിവെപ്പ് ഉണ്ടായ ഉടൻ നസ്കാത്ത് അലി നാല് കുടുംബാംഗങ്ങളേയും സുരക്ഷിതസ്ഥാനത്തേക്ക് മാറ്റുകയായിരുന്നു.
പഹൽഗാമിലെ ബൈസരൺ വാലിയിൽ ചൊവ്വാഴ്ചയാണ് ആക്രമണം ഉണ്ടായത്. പ്രദേശത്തുണ്ടായിരുന്ന ടൂറിസ്റ്റുകൾക്ക് നേരെ പൈൻ മരങ്ങൾക്കിടയിൽ നിന്നിറങ്ങിവന്ന ഭീകരർ വെടിയുതിർക്കുകയായിരുന്നു. 29 മരണമാണ് ഇതുവരെ സ്ഥിരീകരിച്ചിട്ടുള്ളത്. ‘ദി റെസിസ്റ്റൻസ് ഫ്രണ്ട്’ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.