കശ്മീരിന്റെ ഹൃദയം കവർന്നു
text_fieldsശ്രീനഗർ: കശ്മീരിന് ഉണർവും പ്രതീക്ഷയും പകർന്ന് രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര. നിയന്ത്രണങ്ങളിൽ ഞെരിഞ്ഞമരുന്ന കശ്മീരികൾ ഭാരത് ജോഡോ യാത്രയെ ഹൃദയത്തിൽ ഏറ്റുവാങ്ങുകയായിരുന്നു. യാത്ര കശ്മീർ താഴ്വരയിൽ പ്രവേശിച്ചതുമുതൽ ചെറുപ്പക്കാരും പ്രായമായവരും സ്ത്രീകളും കുട്ടികളും ആവേശത്തോടെ ഒപ്പംകൂടി.
പലരും പ്രതീക്ഷയേകുന്ന ഒരു രക്ഷകനെയാണ് രാഹുൽ ഗാന്ധിയിൽ കണ്ടത്. സംസ്ഥാനപദവിയും ജനാധിപത്യ പ്രക്രിയയും പുനഃസ്ഥാപിക്കുമെന്ന രാഹുലിന്റെ വാഗ്ദാനം കശ്മീരികളിൽ ആശ്വാസംനിറച്ചു. കശ്മീരിൽ പ്രവേശിച്ചതിന് തൊട്ടുപിന്നാലെ യാത്ര കോളിളക്കം സൃഷ്ടിച്ചു. ബാനിഹാൽ തുരങ്കത്തിന്റെ വശത്ത് വൻ ജനക്കൂട്ടം അദ്ദേഹത്തെ വരവേറ്റു. ഈ സമയം പൊടുന്നനെ ചുറ്റുമുള്ള സുരക്ഷാ വലയം അപ്രത്യക്ഷമായി.
സുരക്ഷാ വീഴ്ചകൾ ആരോപിച്ച് യാത്ര അവസാനിപ്പിക്കാൻ ഇത് കാരണമായി. എന്നാൽ, സർക്കാർ വീഴ്ചകൾ നിഷേധിച്ചെങ്കിലും വരവേൽപ് കരുതിയതിനേക്കാൾ വലുതാണെന്ന് സമ്മതിക്കേണ്ടിവന്നു. ഇത് സുരക്ഷ കൂട്ടാൻ സർക്കാറിൽ സമ്മർദമേറ്റി.
ഭീകരാക്രമണ ആശങ്ക പരന്നിട്ടും തുടർദിവസങ്ങളിലും ആവേശം ഒട്ടും കുറഞ്ഞില്ല. സുരക്ഷാ കാരണങ്ങളുള്ളതിനാൽ നടന്നുപോകാതെ വാഹനത്തിൽ കശ്മീരിലേക്ക് പോകാനാണ് സുരക്ഷാ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടതെന്ന് സമാപന ചടങ്ങിൽ രാഹുൽ വെളിപ്പെടുത്തുകയും ചെയ്തു.
2019 ആഗസ്റ്റ് അഞ്ചിന് നരേന്ദ്ര മോദി സർക്കാർ ജമ്മു-കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിന്റെയും സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിച്ചതിന്റെയും പശ്ചാത്തലത്തിലാണ് രാഹുലിന്റെ ഈ പ്രതികരണമെന്നാണ് പലരുടെയും വിശ്വാസം.
പ്രദേശത്തിന്റെ ജനസംഖ്യാനുപാതം മാറ്റുമെന്ന് പല കശ്മീരികളും ഭയക്കുന്നു. തലമുറകളായി താമസിക്കുന്ന ഭൂമിയിൽനിന്ന് തങ്ങളെ ഒഴിപ്പിക്കുമെന്ന് പലരും ഭയപ്പെടുന്ന വിവാദമായ കുടിയൊഴിപ്പിക്കൽ പദ്ധതിക്കിടയിലാണ് യാത്ര.
പുറത്തുനിന്നുള്ളവർക്ക് ഭൂമി വാങ്ങാനും ജോലി നൽകാനും അനുവദിക്കുന്ന ചട്ടങ്ങളിൽ സർക്കാർ മാറ്റം വരുത്തിയത് അവരുടെ ഭയം കൂട്ടുന്നു. കശ്മീരിൽ മാധ്യമങ്ങളെയും അടിച്ചമർത്തുന്നുണ്ട്. ഇത്തരം സാഹചര്യങ്ങളിലാണ് രാഹുൽ കശ്മീരിലേക്ക് കടന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.