കഠ് വ കൂട്ടമാനഭംഗ കൊലക്കേസ് പ്രതി ശുഭം സംഗ്ര ബാലനല്ല -സുപ്രീംകോടതി
text_fieldsന്യൂഡൽഹി: കഠ് വയിലെ ക്ഷേത്രത്തിൽ ബാലികയെ കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ ബാലനായി പരിഗണിച്ച ശുഭം സംഗ്രക്ക് കുറ്റകൃത്യം നടത്തുമ്പോൾ പ്രായപൂർത്തിയായിരുന്നുവെന്ന് സുപ്രീംകോടതി. പ്രതിയെ ബാലനായി പരിഗണിച്ച വിചാരണ കോടതിയുടെയും ഹൈകോടതിയുടെയും വിധികൾ റദ്ദാക്കിയ സുപ്രീംകോടതി, ശുഭത്തെ മറ്റു മുതിർന്ന പ്രതികളെപ്പോലെ കോടതിയിൽ വിചാരണ നടത്തണമെന്നും വിധിച്ചു. കേസിലെ മുഖ്യപ്രതിയായ ക്ഷേത്രം സൂക്ഷിപ്പുകാരൻ സഞ്ചിഗ്രാമിന്റെ അനന്തരവനാണ് ശുഭം.
ജസ്റ്റിസുമാരായ അജയ് രസ്തോഗി, ജെ.ബി പർഡീവാല എന്നിവരടങ്ങുന്ന ബെഞ്ചിന്റേതാണ് വിധി. വൈദ്യശാസ്ത്ര വിദഗ്ധൻ പ്രതിയുടെ പ്രായം കണക്കുകൂട്ടിയ രീതിക്ക് നിയമത്തിന്റെ പിൻബലമോ തെളിവോ ഇല്ലെന്നും അത് കേവലം അഭിപ്രായപ്രകടനം മാത്രമാണെന്നും ബെഞ്ച് വ്യക്തമാക്കി.
രാജ്യത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച 2019ലെ കേസിൽ പഠാൻകോട്ട് വിചാരണ കോടതി മൂന്ന് പ്രതികൾക്ക് ജീവപര്യന്തം തടവും തെളിവ് നശിപ്പിച്ച മൂന്ന് പൊലീസ് ഉദ്യോഗസ്ഥർക്ക് അഞ്ചുവർഷം തടവും വിധിച്ചിരുന്നു. ബാലനാണെന്ന 'വിദഗ്ധോപദേശ'ത്തിന്റെ അടിസ്ഥാനത്തിൽ ശുഭം സംഗ്രയുടെ വിചാരണ ബാലകോടതിയിലേക്ക് മാറ്റിയിരുന്നു.
ജമ്മുവിലെ കഠ് വയിൽ പ്രതികളെ സംരക്ഷിക്കാൻ ജനം തെരുവിലിറങ്ങിയതിനെത്തുടർന്ന് വിചാരണ അസാധ്യമായതുമൂലമാണ് പഞ്ചാബിലെ പഠാൻകോട്ടിലേക്ക് കേസിന്റെ വിചാരണ മാറ്റിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.