കഠ്വ: അഭിഭാഷകരുടെ പെരുമാറ്റം ഞെട്ടിക്കുന്നത്- അഡ്വ. പി.വി.ദിനേശ്
text_fieldsന്യൂഡൽഹി: ജമ്മു-കശ്മീരിലെയും കഠ്വയിലെയും അഭിഭാഷകരുടെ പെരുമാറ്റം െഞട്ടിക്കുന്നതാണെന്ന് പ്രമുഖ മലയാളി അഭിഭാഷകൻ അഡ്വ. പി.വി.ദിനേശ് സുപ്രീംകോടതിയിൽ. പ്രതികൾക്കെതിരെ കുറ്റപത്രം സമർപ്പിക്കുന്നത് തടയുക മാത്രമല്ല, കൊല്ലപ്പെട്ട പെൺകുട്ടിയുടെ അഭിഭാഷകനെ കോടതിയിൽ ഹാജരാകാൻ അനുവദിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. ചില ബാർ അസോസിയേഷൻ അംഗങ്ങൾ നാണമില്ലാതെയാണ് കഠ്വ മജിസ്ട്രേറ്റ് കോടതിയുടെ നടപടികൾ തടസ്സപ്പെടുത്തിയത്. അവർക്കെതിരെ നടപടിയെടുക്കാൻ ബാർ കൗൺസിൽ ഒാഫ് ഇന്ത്യക്കും ജമ്മു-കശ്മീർ ബാർ കൗൺസിലിനും നിർദേശം നൽകണമെന്ന് ദിനേശ് ആവശ്യപ്പെട്ടു. ഇതേ തുടർന്ന് സഹ ജഡ്ജിമാരോട് വിഷയം ചർച്ചചെയ്ത സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര തങ്ങളുടെ പക്കൽ രേഖകളൊന്നുമില്ലെന്നും എന്തുകൊണ്ടാണ് താങ്കൾ ഹരജി സമർപ്പിക്കാത്തതെന്നും ചോദിച്ചു.
പൊതുതാൽപര്യ ഹരജി നൽകാനും കോടതി രേഖകളിൽ പേരുകൾ വരാനും തങ്ങൾ ആഗ്രഹിക്കുന്നില്ലെന്നായിരുന്നു ദിനേശിെൻറ മറുപടി. സ്വമേധയാ സുപ്രീംകോടതിക്ക് വിഷയത്തിൽ ഇടപെടാൻ കഴിയുമല്ലോ എന്ന് ദിനേശ് ചൂണ്ടിക്കാട്ടി. സ്വമേധയാ കേസെടുക്കാൻ രേഖകൾ വേണമെന്ന് ചീഫ് ജസ്റ്റിസ് പ്രതികരിച്ചു. ധാരാളം പത്രവാർത്തകളുണ്ടല്ലോ എന്ന് ദിനേശ് പറഞ്ഞപ്പോൾ ഒരു ഹരജി ഫയൽ ചെയ്യൂ എന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് നിർദേശിച്ചു. തുടർന്ന് ഹരജി ഫയൽ ചെയ്യാമെന്ന് ദിനേശ് സമ്മതിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.