കഠ്വ കേസിലെ പ്രതി ‘ദൃശ്യം’ മാതൃകയിൽ വ്യാജരേഖ ഉണ്ടാക്കിയത് അന്വേഷിക്കുന്നു
text_fieldsശ്രീനഗർ: കഠ്വ കേസിലെ പ്രതി വ്യാജരേഖയുണ്ടാക്കി കുറ്റകൃത്യം നടന്ന സമയം സ്ഥലത്തില്ലായിരുന്നുവെന്ന് വരുത്തിത്തീർക്കാൻ നടത്തിയ ശ്രമത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം മീറത്തിലേക്ക് വ്യാപിപ്പിച്ചു. മീറത്തിലെ കോളജിൽ ഡിഗ്രി വിദ്യാർഥിയായ വിശാൽ ജംഗോത്രയാണ് ‘ദൃശ്യം’ സിനിമയുടെ മാതൃകയിൽ വ്യാജരേഖയുണ്ടാക്കി കേസിൽ നിന്ന് തടിയൂരാൻ ശ്രമിച്ചത്. കഠ്വയിൽ ബാലികയെ മാനഭംഗപ്പെടുത്തിയ പ്രതി കുട്ടിയെ വധിക്കാൻ സഹായം നൽകിയെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. കേസിലെ മുഖ്യ പ്രതികളിലൊരാളായ സഞ്ജി റാമിെൻറ മകനാണ് ജംഗോത്ര.
സംഭവസമയത്ത് ഇയാൾ മീറത്ത് കോളജിൽ പരീക്ഷ എഴുതിയെന്ന് വരുത്തിത്തീർക്കാൻ വ്യാജരേഖ ഉണ്ടാക്കിയെന്നാണ് ക്രൈംബ്രാഞ്ച് സംശയിക്കുന്നത്. ഇയാൾക്കുേവണ്ടി മറ്റുചിലർ രജിസ്റ്ററിൽ ഒപ്പുവെച്ചതായും പരീക്ഷ എഴുതിയതായുമാണ് കരുതുന്നത്. മീറത്ത് പൊലീസിെൻറ സഹായത്തോടെ അപരന്മാരെ കണ്ടെത്താനാണ് ശ്രമം. ഇതിനായി കോളജിൽനിന്ന് പിടിച്ചെടുത്ത രേഖകളിലെ കൈയെഴുത്ത് പരിശോധിക്കാൻ ഫോറൻസിക് ലാബിലേക്ക് അയച്ചിട്ടുണ്ട്.
മീറത്ത് കോളജിലെ പരീക്ഷഹാളിൽനിന്നുള്ള സി.സി.ടി.വി ദൃശ്യങ്ങൾ ഉടൻ ലഭ്യമാകുമെന്നാണ് അന്വേഷണ സംഘത്തിെൻറ പ്രതീക്ഷ. ഇതുകൂടി ലഭ്യമായ ശേഷം അനുബന്ധ കുറ്റപത്രം ജൂൺ രണ്ടാം വാരത്തോടെ സമർപ്പിക്കുമെന്ന് ക്രൈംബ്രാഞ്ച് വൃത്തങ്ങൾ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.