കഠ്വ കേസ്: വിചാരണ പത്താൻകോട്ട് കോടതിയിലേക്ക് മാറ്റി; സി.ബി.െഎ അന്വേഷണമില്ല
text_fieldsന്യൂഡൽഹി: ജമ്മു-കശ്മീരിലെ കഠ്വയില് എട്ടുവയസ്സുകാരിയെ എട്ടുദിവസത്തോളം കൂട്ടമാനഭംഗത്തിനിരയാക്കി അതിക്രൂരമായി കൊലപ്പെടുത്തിയ കേസിെൻറ വിചാരണ സുപ്രീംകോടതി പഞ്ചാബിലെ പത്താൻകോട്ടിലേക്ക് മാറ്റി. സുപ്രീംകോടതി മേൽനോട്ടത്തിൽ തുടർച്ചയായ ദിവസങ്ങളിൽ അടച്ചിട്ട കോടതിയിൽ കേസ് പരിഗണിച്ച് അതിവേഗം വിചാരണ പൂർത്തിയാക്കാനും സുപ്രീംകോടതി നിർദേശിച്ചു.
കേസ് സി.ബി.െഎക്ക് വിടണമെന്ന പ്രതികളുടെയും സംഘ്പരിവാർ സംഘടനകളുടെയും അവരെ പിന്തുണക്കുന്ന അഭിഭാഷക സംഘടനകളുടെയും ആവശ്യവും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ പ്രത്യേക മൂന്നംഗ ബെഞ്ച് തള്ളി.
ജമ്മുവിൽ നീതിപൂർവകമായ വിചാരണ നടക്കില്ലെന്ന് പെൺകുട്ടിയുടെ കുടുംബത്തിെൻറ വാദം അംഗീകരിച്ചാണ് ജസ്റ്റിസുമാരായ ഡി.വൈ. ചന്ദ്രചൂഡ്, ഇന്ദു മൽേഹാത്ര എന്നിവർ കൂടി അടങ്ങുന്ന ബെഞ്ചിെൻറ വിധി. കുറ്റപത്രം സമർപ്പിക്കുന്നത് ഒരു വിഭാഗം അഭിഭാഷകർ തടഞ്ഞുവെന്ന ജമ്മു-കശ്മീർ ഹൈകോടതി നിയോഗിച്ച കമീഷൻ റിപ്പോർട്ട് കൂടി പരിഗണിച്ച സുപ്രീംകോടതി കഠ്വ കോടതിയിൽ വിചാരണക്ക് ഭംഗം വരില്ലെന്ന പ്രതികളുടെയും സംഘ്പരിവാർ അഭിഭാഷകരുടെയും ബാർ കൗൺസിൽ ഒാഫ് ഇന്ത്യയുടെയും വാദവും തള്ളി.
ജീവിക്കാനുള്ള അവകാശം വകവെച്ചുതരുന്ന ഭരണഘടനയുടെ 21ാം അനുേഛദത്തിെൻറ കാതലാണ് നീതിപൂർവമുള്ള വിചാരണ എന്ന് സുപ്രീംകോടതി പറഞ്ഞു. നീതിപൂർവമായ വിചാരണയും ഭയവും ഒരുമിച്ച് പോകില്ല. നീതിപൂർവമായ വിചാരണ എന്നാൽ ഇരകൾക്കും പ്രതികൾക്കും സാക്ഷികൾക്കും സുരക്ഷ അനുഭവപ്പെടുകയും കോടതിയിൽ ഹാജരാകുന്നതിൽ ഏെതങ്കിലും തരത്തിലുള്ള ഭയമില്ലാതിരിക്കുകയും വേണം. തുടർച്ചയായ ദിവസങ്ങളിൽ പത്താൻകോട്ട് ജില്ല ജഡ്ജിയോട് വിചാരണ നടത്താൻ നിർദേശിച്ച സുപ്രീംകോടതി മറ്റാരെയും ഇതിന് ചുമതലപ്പെടുത്തരുതെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇന്ത്യൻ ശിക്ഷ നിയമത്തിനു പകരം പ്രത്യേക പദവിയുള്ള ജമ്മു-കശ്മീരിൽ നിലവിലുള്ള രൺബീർ ശിക്ഷാ നിയമ പ്രകാരമാണ് വിചാരണ നടക്കേണ്ടത്. ഇരകൾക്കും അവരുടെ അഭിഭാഷകർക്കും വിചാരണ വേളയിൽ സംരക്ഷണം നൽകണം. കേസിനായി സ്പെഷൽ പബ്ലിക്പ്രോസിക്യൂട്ടറെ വെക്കാൻ ജമ്മു-കശ്മീർ സർക്കാറിന് സുപ്രീംകോടതി അനുമതി നൽകി. ഉർദുവിലുള്ള രേഖകൾ ഇംഗ്ലീഷിലേക്ക് തർജമ ചെയ്യണം.
സി.ബി.െഎ അന്വേഷണ ആവശ്യം തള്ളിയ സുപ്രീംകോടതി അന്വേഷണം കഴിഞ്ഞ് കുറ്റപത്രം പൂർത്തിയാക്കിയ കേസിൽ ഇനിയെന്തിനാണ് മറ്റൊരു ഏജൻസിയെന്ന് ചോദിച്ചു. സുപ്രീംകോടതിയുെട മേൽനോട്ടത്തിൽ നടക്കുന്ന രഹസ്യവിചാരണയിൽ പത്താൻകോട്ട് ജില്ല കോടതിയുടെ ഉത്തരവുമായി ബന്ധപ്പെട്ട അപ്പീലുകളും അപേക്ഷകളും രാജ്യത്തെ മറ്റൊരു കോടതിയും സ്വീകരിക്കരുത്. ഒരു ദിവസംപോലും മാറ്റിവെക്കാതെ വിചാരണ നടത്തണം. കഠ്വ കോടതിയിലുള്ള മുഴുവൻ രേഖകളും മുദ്രവെച്ച കവറിലാക്കി പൊലീസ് അകമ്പടിയോടെ പത്താൻകോട്ടിലേക്ക് മാറ്റണം.
കേസിെൻറ വിചാരണ കശ്മീരിന് പുറത്ത് നടത്തണമെന്ന് ആവശ്യപ്പെട്ടാണ് മാതാപിതാക്കള്‍ അഡ്വ. ദീപികാ സിങ് രജാവത്, അഡ്വ. ഇന്ദിരാ ജയ്സിങ് എന്നിവർ മുഖേന സുപ്രീംകോടതിയെ സമീപിച്ചത്. വിചാരണ ചണ്ഡിഗഢിലേക്ക് മാറ്റണമെന്നായിരുന്നു അവർ ആവശ്യപ്പെട്ടത്. വിചാരണ സംസ്ഥാനത്തിന് പുറത്തേക്ക് മാറ്റണമെന്ന കുടുംബത്തിെൻറ ആവശ്യത്തെ കേസിലെ രണ്ടു പ്രതികളും ജമ്മു ബാർ അേസാസിയേഷനും ബാർ കൗൺസിലും എതിര്‍ത്തു. ജനുവരി പത്തിനാണ് ജമ്മുവിലെ കഠ്വ ജില്ലയിലെ രസാനയില്‍നിന്ന് ബക്കര്‍വാല്‍ വിഭാഗത്തില്‍പ്പെട്ട എട്ടു വയസ്സുകാരിയെ കാണാതായത്. ദിവസങ്ങള്‍ക്കുശേഷം പ്രദേശത്തെ ക്ഷേത്രത്തില്‍നിന്നും കുട്ടിയുടെ മൃതദേഹം ഭീകരമായ മുറിവുകളോടെ കണ്ടെത്തുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.