കാവഡ് യാത്ര വിവാദം: പൊലീസ് ഉത്തരവിനുപിന്നാലെ യോഗിയും
text_fieldsലഖ്നോ: ഉത്തർപ്രദേശിലെ മുസഫർ നഗർ ജില്ലയിൽ കാവഡ് തീർഥാടകർ കടന്നുപോകുന്ന വഴികളിലെ ഭക്ഷണശാലകളിൽ ഉടമയുടെ പേര് പ്രദർശിപ്പിക്കണമെന്ന സംസ്ഥാന പൊലീസിന്റെ വിവാദ നിർദേശത്തിന് പിന്നാലെ, പുതിയ ഉത്തരവുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.
തീർഥാടകരുടെ പവിത്രത സംരക്ഷിക്കാനായി മുഴുവൻ ഭക്ഷണശാലകളുടെയും ഉടമകൾ പ്രത്യേകം ബോർഡുകൾ സ്ഥാപിക്കണമെന്ന് വെള്ളിയാഴ്ച യോഗി ആദിത്യനാഥിന്റെ ഓഫിസ് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. മേഖലയിലെ മുസ്‍ലിം വിഭാഗത്തിന്റെ കടകൾ തിരിച്ചറിയുന്നതിനുവേണ്ടിയുള്ള നീക്കമാണിതെന്ന വിമർശനം നിലനിൽക്കെയാണ് യോഗിയുടെ വിചിത്ര നടപടി. സമാനമായ നിർദേശം ഉത്തരാഖണ്ഡിലെ ഹരിദ്വാർ പൊലീസും പുറപ്പെടുവിച്ചിട്ടുണ്ട്.
ശിവഭക്തരുടെ വാർഷിക തീർഥാടനമായ കാവഡ് യാത്ര തിങ്കളാഴ്ചയാണ് ആരംഭിക്കുന്നത്. 240 കിലോമീറ്ററാണ് യു.പിയിൽ മാത്രം യാത്രാവഴി. ഇവിടെയുള്ള ഭക്ഷണശാലകളുടെ ഉടമകളുടെ പേര് പ്രദർശിപ്പിക്കണമെന്ന് തിങ്കളാഴ്ച യു.പി പൊലീസ് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. എന്നാൽ, പൊലീസ് നടപടിക്കെതിരെ പ്രതിപക്ഷവും വിവിധ സാമൂഹിക സംഘടനകളും രംഗത്തുവന്നതോടെ നോട്ടീസിൽനിന്ന് ‘നിർബന്ധമായും’ എന്ന പദം ഒഴിവാക്കി. ഇതിനിടെയാണ്, സംസ്ഥാന സർക്കാർ പഴയ ഉത്തരവുമായി വീണ്ടും രംഗത്തെത്തിയത്. ഫലത്തിൽ, സംസ്ഥാനം മുഴുവനും ഉത്തരവ് ബാധകമാകും. അതോടെ ഈ പ്രദേശങ്ങളിൽനിന്ന് മുസ്‍ലിംകളുടെ ഉടമസ്ഥതയിലുള്ള കടകളും അപ്രത്യക്ഷമാകും.
നേരത്തേ, മുസ്‍ലിംകൾ തീർഥാടകർക്ക് മാംസം വിളമ്പുന്നുവെന്നും ഇത് തടയണമെന്നുമാവശ്യപ്പെട്ട് യു.പി മന്ത്രി കപിൽ ദേവ് അഗർവാൾ രംഗത്തുവന്നിരുന്നു. തൊട്ടുപിന്നാലെയായിരുന്നു പൊലീസ് ഇടപെടൽ. യാത്രാവഴികളിലുള്ള മുസ്‍ലിം തൊഴിലാളികളെ പറഞ്ഞുവിട്ടതായും റിപ്പോർട്ടുകളുണ്ട്. ഇതോടെയാണ് വിവിധ കോണുകളിൽനിന്ന് വിമർശനങ്ങളുയർന്നത്. മുഖ്താർ അബ്ബാസ് നഖ്‍വി അടക്കമുള്ള ചില ബി.ജെ.പി നേതാക്കൾ ആദ്യം രംഗത്തുവന്നെങ്കിലും പിന്നീട് പ്രസ്താവന പിൻവലിച്ചു. അതേസമയം, ജെ.ഡി.യു ഉൾപ്പെടെയുള്ള എൻ.ഡി.എ സഖ്യകക്ഷികൾ യോഗിയുടെ നടപടിയെ വിമർശിച്ച് രംഗത്തെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.