കെ.സി. വേണുഗോപാൽ, ദിഗ്വിജയ്, ജ്യോതിരാദിത്യ, ഷിബു സോറൻ രാജ്യസഭയിലേക്ക്
text_fieldsന്യൂഡൽഹി: കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാൽ രാജസ്ഥാനിൽനിന്ന് രാജ്യസഭയിലേക്ക്. വെള്ളിയാഴ്ച നടന്ന വോട്ടെടുപ്പിൽ രാജസ്ഥാനിൽ വേണുഗോപാൽ അടക്കം കോൺഗ്രസിെൻറ രണ്ടു സ്ഥാനാർഥികളും വിജയിച്ചു. തെരഞ്ഞെടുപ്പു നടന്ന മൂന്നു സീറ്റിൽ ഒന്ന് ബി.ജെ.പിക്ക്.
മധ്യപ്രദേശിൽനിന്ന് കോൺഗ്രസ് നേതാവ് ദിഗ്വിജയ്സിങ്, കോൺഗ്രസിൽനിന്ന് ബി.ജെ.പിയിൽ ചേക്കേറിയ ജ്യോതിരാദിത്യ സിന്ധ്യ എന്നിവരും രാജ്യസഭയിലേക്ക് എത്തുകയാണ്. ഝാർഖണ്ഡിൽനിന്ന് ജെ.എം.എം നേതാവ് ഷിബു സോറനും രാജ്യസഭയിൽ എത്തുന്നു. മുൻപ്രധാനമന്ത്രിയും ജെ.ഡി.എസ് നേതാവുമായ എച്ച്.ഡി. ദേവഗൗഡ കർണാടകത്തിൽനിന്ന് എതിരില്ലാതെ നേരത്തെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 10 സംസ്ഥാനങ്ങളിൽനിന്നായി 24 സീറ്റിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്.
കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിയെ പ്രചാരണത്തിൽ സഹായിക്കാൻ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടി വന്നതിനാൽ മത്സരരംഗത്തുനിന്ന് മാറിനിന്ന കെ.സി. വേണുഗോപാലിനെ കോൺഗ്രസ് രാജസ്ഥാനിൽനിന്ന് സീറ്റു നൽകി രാജ്യസഭയിൽ എത്തിക്കുകയായിരുന്നു. കോൺഗ്രസിെൻറ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറിയാണ് വേണുഗോപാൽ. ആലപ്പുഴയിൽനിന്ന് 2009ലും 2014ലും ലോക്സഭാംഗമായിരുന്ന വേണുഗോപാൽ മൻമോഹൻസിങ് മന്ത്രിസഭയിൽ ഊർജ, വ്യോമയാന സഹമന്ത്രി സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.
1996 മുതൽ മൂന്നുവട്ടം ആലപ്പുഴയിൽനിന്ന് കേരള നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും 2004-06ൽ ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ അംഗമാവുകയും ചെയ്തു. കണ്ണൂർ ജില്ലയിലെ കണ്ടോന്താറിൽ ജനിച്ച 57കാരനായ കെ.സി യൂത്ത് കോൺഗ്രസ്, കെ.എസ്.യു എന്നിവയുടെ സംസ്ഥാന പ്രസിഡൻറായി പ്രവർത്തിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.