കര്‍ണാടക പി.സി.സി നേതൃമാറ്റത്തിനായി വേണുഗോപാലില്‍ സമ്മര്‍ദം
text_fieldsമംഗളൂരു: കോണ്‍ഗ്രസ് നേതൃമാറ്റത്തിന് കര്‍ണാടകയുടെ പാര്‍ട്ടി ചുമതലയേറ്റ കെ.സി.വേണുഗോപാല്‍ എം.പിയില്‍ സമ്മര്‍ദം. ആഭ്യന്തര മന്ത്രിസ്ഥാനവും കെ.പി.സി.സി അധ്യക്ഷ പദവിയും ഡോ. ജി.പരമേശ്വര ഒന്നിച്ച് വഹിക്കുന്നതിനോട് എതിര്‍പ്പുള്ളവരാണ് കരുനീക്കം നടത്തുന്നത്. ദലിതര്‍ക്കിടയിലെ പ്രതിഭയെന്ന നിലയിലാണ് പരമേശ്വര ഇരട്ടപ്പദവിയില്‍ തുടരുന്നത്. 2011ലെ കാനേഷുമാരി പ്രകാരം സംസ്ഥാനത്തെ ജനസംഖ്യയില്‍ ഒന്നരക്കോടി ദലിതരാണ്. 25 ശതമാനമാണിത്.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടിയത് പരമേശ്വരയെയായിരുന്നു. പേക്ഷ, പാരകള്‍ വിജയിക്കുകയും അദ്ദേഹം പരാജയപ്പെടുകയും ചെയ്തു. സംസ്ഥാനത്ത് 43 ലക്ഷം (7.1ശതമാനം) ജനസംഖ്യയുള്ള കുറുംബ സമുദായ പ്രതിനിധി സിദ്ധരാമയ്യയാണ് പകരം മുഖ്യമന്ത്രിയായത്. പരമേശ്വരയെ പുറത്തുനിർത്തുന്നത് ദലിതുകള്‍ അകലാനിടയാക്കുമെന്ന് മനസ്സിലാക്കിയ കോണ്‍ഗ്രസ് അദ്ദേഹത്തെ എം.എല്‍.സിയായി തെരഞ്ഞെടുത്ത് ആഭ്യന്തര മന്ത്രിസ്ഥാനം നല്‍കുകയായിരുന്നു. എന്നാല്‍, ദലിതന് മുഖ്യമന്ത്രിയാവുന്നത് തടഞ്ഞതിലുള്ള മാനസികാഘാതം ഡോ.ബി.ആര്.അംബേദ്കര്‍ 125 ജന്മവാര്ഷിക പരിപാടിയില്‍ പരമേശ്വര പ്രകടിപ്പിച്ചിരുന്നു.
അടുത്ത നിയമസഭ തെരഞ്ഞെടുപ്പില്‍ 224ല്‍ 150 സീറ്റ് നേടി അധികാരത്തില്‍ തിരിച്ചുവരാന്‍ ബി.ജെ.പി നടത്തുന്ന കരുനീക്കങ്ങളില്‍ ദലിത് പ്രീണനവുമുണ്ട്. ഈ പശ്ചാത്തലത്തില്‍ കെ.പി.സി.സി പ്രസിഡൻറിനെ മാറ്റാന്‍ സംസ്ഥാന ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി വഴങ്ങിയാല്‍ കെ.സി.വേണുഗോപാലിെൻറ ജാതിയാവും കര്‍ണാടക അന്വേഷിക്കുക. അതോടെ സംഭവം വഴിമാറും.
പരമേശ്വരക്ക് പകരം ലിങ്കായത്ത് സമുദായക്കാരനെ പാര്‍ട്ടി അധ്യക്ഷനാക്കാനുള്ള നീക്കങ്ങളാണ് ഒരു വിഭാഗം നടത്തുന്നത്. സംസ്ഥാന ജനസംഖ്യയില്‍ 9.8 ശതമാനം(59 ലക്ഷം) വരുന്ന വിഭാഗമാണിത്. മുഖ്യമന്ത്രി ഇതില്‍ തല്പരനാണ്. ജലവിഭവ മന്ത്രി എം.ബി. പട്ടീല്‍, മുന്‍ മന്ത്രി എസ്.ആര്.പട്ടീല്‍, ഊര്‍ജ മന്ത്രി ഡി.കെ.ശിവകുമാര്‍, മുന്‍ കേന്ദ്ര മന്ത്രി കെ.എച്ച്. മുനിയപ്പ എന്നീ പേരുകളും പുറത്തുവരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.