തെലങ്കാന സെക്രട്ടേറിയറ്റിൽ നിർമിച്ച ക്ഷേത്രവും മസ്ജിദും ചർച്ചും ഉദ്ഘാടനം ചെയ്തു
text_fieldsഹൈദരാബാദ്: തെലങ്കാന സംസ്ഥാന സെക്രട്ടേറിയറ്റിൽ നിർമിച്ച ക്ഷേത്രവും മസ്ജിദും ചർച്ചും മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്ത് സാമുദായിക സൗഹാർദവും സമാധാനവും നിലനിർത്താൻ തന്റെ സർക്കാർ എല്ലാ ശ്രമങ്ങളും നടത്തുമെന്ന് മസ്ജിദിൽ നടന്ന ചടങ്ങിൽ കെ.സി.ആർ പറഞ്ഞു. നേരത്തെ നൈസാമിന്റെ കാലത്ത് നിർമിച്ച പള്ളിയേക്കാൾ മികച്ച മസ്ജിദാണ് ഇപ്പോൾ പണികഴിപ്പിച്ചതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
സാമുദായിക സൗഹാർദത്തിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് മൂന്ന് ആരാധനാലയങ്ങളുടെയും നിർമ്മാണമെന്നും ഇത് എല്ലായിടത്തും മാതൃക്യാക്കണമെന്നും കെ.സി.ആർ പറഞ്ഞു. “മൂന്ന് സഹോദരന്മാർക്ക് എങ്ങനെ ഒരുമിച്ച് പ്രവർത്തിക്കാനും പ്രാർത്ഥിക്കാനും സമാധാനത്തിലും ഐക്യത്തിലും ജീവിക്കാനും കഴിയുമെന്നതിന് ഇത് മികച്ച ഉദാഹരണമാണ്. ഇന്ത്യയ്ക്കാകെ ഇതിൽ നിന്ന് പാഠം ഉൾക്കൊള്ളാൻ കഴിയും" -അദ്ദേഹം പറഞ്ഞു.
ഗവർണർ തമിഴിസൈ സൗന്ദരരാജൻ, ആഭ്യന്തര മന്ത്രി മെഹമൂദ് അലി, ചീഫ് സെക്രട്ടറി ശാന്തി കുമാരി, എ.ഐ.എം.ഐ.എം പ്രസിഡന്റും ഹൈദരാബാദ് എം.പിയുമായ അസദുദ്ദീൻ ഉവൈസി, തെലങ്കാന നിയമസഭയിലെ എ.ഐ.എം.ഐ.എം ഫ്ലോർ ലീഡർ അക്ബറുദ്ദീൻ ഉവൈസി, മതനേതാക്കൾ എന്നിവർ മസ്ജിദ് ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. ഗവർണറും മുഖ്യമന്ത്രിയും ചേർന്ന് ക്ഷേത്രവും ചർച്ചും ഉദ്ഘാടനം ചെയ്തിരുന്നു. സംസ്ഥാന മന്ത്രിമാരും മുതിർന്ന ഉദ്യോഗസ്ഥരും ചടങ്ങിൽ സംബന്ധിച്ചു.
നേരത്തെ ഇവിടെ ഉണ്ടായിരുന്ന പള്ളിയും ക്ഷേത്രവും 2021ൽ പഴയ സെക്രട്ടേറിയറ്റ് കെട്ടിടങ്ങൾക്കൊപ്പം പൊളിച്ചു നീക്കുകയായിരുന്നു. പുതിയ സെക്രട്ടേറിയറ്റ് സമുച്ചയത്തിൽ സർക്കാർ ചെലവിൽ പള്ളിയും ചർച്ചും ക്ഷേത്രവും പുനർനിർമ്മിക്കുമെന്ന് 2021 സെപ്റ്റംബർ 5ന് കെ.സി.ആർ പ്രഖ്യാപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.