തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ പാലിക്കുന്നില്ല; തെലങ്കാന സർക്കാറിനെ വിമർശിച്ച് കെ.സി.ആർ
text_fieldsഹൈദരാബാദ്: കാർഷിക കടം എഴുതിത്തള്ളൽ പോലുള്ള തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ പാലിക്കുന്നില്ലെന്നും ക്ഷേമ പദ്ധതികൾ നടപ്പാക്കുന്നതിൽ പരാജയപ്പെട്ടെന്നും ആരോപിച്ച് തെലങ്കാനയിലെ കോൺഗ്രസ് സർക്കാറിനെ വിമർശിച്ച് ബി.ആർ.എസ് അധ്യക്ഷൻ കെ. ചന്ദ്രശേഖർ റാവു(കെ.സി.ആർ).
തടസ്സമില്ലാത്ത വൈദ്യുതി വിതരണം, ടാപ്പ് ജലവിതരണം, തന്‍റെ സർക്കാറിന്‍റെ മുഖമുദ്രയായ 'ഋതു ബന്ധു' കർഷക നിക്ഷേപ സഹായ പദ്ധതി എന്നിവ കൃത്യമായി നടപ്പാക്കപ്പെടുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. സർക്കാർ ഉടമസ്ഥതയിലുള്ള ആർ.ടി.സി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചത് ബസുകളിൽ പ്രശ്നങ്ങൾ ഉണ്ടാകുന്നതിനും ഓട്ടോ ഡ്രൈവർമാർ ആത്മഹത്യ ചെയ്യുന്നതിനും കാരണമായതായി അദ്ദേഹം ആരോപിച്ചു.
രണ്ട് ലക്ഷം രൂപയുടെ കാർഷിക വായ്പ എഴുതിത്തള്ളൽ, സ്ത്രീകൾക്ക് 2500 രൂപ, യുവതികൾക്ക് വിവാഹസമയത്ത് സ്വർണം എന്നിങ്ങനെയുള്ള കോൺഗ്രസിന്‍റെ വാഗ്ദാനങ്ങൾ നടപ്പാക്കുന്നുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. കർഷകർക്ക് നെല്ലിന് എം.എസ്.പിയും 500 രൂപ ബോണസും ലഭിക്കുന്നില്ലെന്നും കാർഷികോൽപ്പന്നങ്ങൾ വാങ്ങുന്നത് പോലും പ്രശ്നമായി മാറിയെന്നും കെ.സി.ആർ പറഞ്ഞു.
ദരിദ്രരുടെ അക്കൗണ്ടുകളിൽ 15 ലക്ഷം രൂപ നിക്ഷേപിക്കുമെന്ന വാഗ്ദാനവും 'ബേട്ടി ബച്ചാവോ ബേഠി പഠാവോ', കർഷകരുടെ വരുമാനം ഇരട്ടിയാക്കൽ തുടങ്ങിയ പരിപാടികളും ജനജീവിതത്തിൽ ഗുണപരമായ മാറ്റം കൊണ്ടുവരുന്നതിൽ പരാജയപ്പെട്ടുവെന്ന് ആരോപിച്ച് ബി.ജെ.പി നേതൃത്വത്തിലുള്ള കേന്ദ്രസർക്കാറിനെയും അദ്ദേഹം വിമർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.