ദുരൂഹ നീക്കവുമായി കെ.സി.ആർ മഹാരാഷ്ട്രയിലേക്ക്
text_fieldsമുംബൈ: ശിവസേന (യു.ബി.ടി), എൻ.സി.പി, കോൺഗ്രസ് പ്രതിപക്ഷ സഖ്യത്തിന് (എം.വി.എ) ഭീഷണിയായി മഹാരാഷ്ട്രയിൽ തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിന്റെ (കെ.സി.ആർ) നീക്കങ്ങൾ. തന്റെ പാർട്ടിയായ ഭാരത് രാഷ്ട്രസമിതി (ബി.ആർ.എസ്) യുടെ വേരുകൾ മഹാരാഷ്ട്രയിലും പടർത്താനാണ് കെ.സി.ആറിന്റെ ശ്രമം.
കർഷകരാണ് അദ്ദേഹത്തിന്റെ മുഖ്യലക്ഷ്യം. കർഷക വിഷയങ്ങൾ മാത്രം സംസാരിക്കുന്ന കെ.സി.ആർ തന്റെ രാഷ്ടീയ നിലപാട് വ്യക്തമാക്കിയിട്ടില്ല. കെ.സി.ആറിന്റെ വരവ് എം.വി.എയുടെ വോട്ടിൽ വിള്ളലുണ്ടാക്കുമെന്ന ആശങ്കയിലാണ് പ്രതിപക്ഷം. നാന്ദഡിലും നാഗ്പുരിലും കെ.സി.ആർ റാലി നടത്തി. നാഗ്പുരിൽ പാർട്ടി ഓഫിസ് തുറന്നു. കെ.സി.ആറും തെലങ്കാനയിലെ മറ്റ് മന്ത്രിമാരും തിങ്കളാഴ്ച സോലപുരിലും ചൊവ്വാഴ്ച പന്തർപുരിലും സന്ദർശനം നടത്തുന്നു.
പന്തർപുരിൽ വിത്തൽ ദൈവത്തിന് വേണ്ടി വർക്കരി സമുദായം തീർഥാടനം നടത്തുന്ന സമയമാണിത്. കെ.സി.ആറിന്റെ വരവിനെതിരെ ആദ്യം മുന്നറിയിപ്പ് നൽകിയത് സംസ്ഥാനത്തെ പ്രതിപക്ഷ നേതാവായ എൻ.സി.പിയിലെ അജിത് പവാറാണ്. കെ.സി.ആറിന്റെ നീക്കങ്ങളെ നിസ്സാരമായി കാണാനാകില്ലെന്ന് അജിത് പറഞ്ഞു. പ്രതിപക്ഷവുമായി സഹകരികാതെ മാറിനിൽക്കുന്ന കെ.സി.ആറിന്റെ നീക്കങ്ങളിൽ കോൺഗ്രസ് നേതാവ് അശോക് ചവാൻ ദുരൂഹത ആരോപിക്കുന്നു.
ബി.ജെ.പിയെ സഹായിക്കാനാണ് കെ.സി.ആറിന്റെ വരവെന്ന് സംശയിക്കുന്നതായി എൻ.സി.പി നേതാവ് ഛഗൻ ഭുജ്ബൽ പറഞ്ഞു. കർഷക സർക്കാർ എന്ന ആശയവുമായാണ് കെ.സി.ആറിന്റെ വരവെന്നും ബി.ജെ.പിയിൽ ഒറ്റപ്പെട്ട പങ്കജ മുണ്ടെക്ക് മുഖ്യമന്ത്രി പദം വാഗ്ദാനം ചെയ്തതായും കെ.സി.ആറുമായി ബന്ധപ്പെട്ടവർ അവകാശപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.