ബി.ജെ.പിക്കെതിരെ പ്രതിപക്ഷ മുഖ്യമന്ത്രിമാരെ ഒപ്പംകൂട്ടാൻ കെ.സി.ആറും
text_fieldsഹൈദരാബാദ്: ബി.ജെ.പിയെ നേരിടാൻ പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കാനൊരുങ്ങി തെലങ്കാന മുഖ്യമന്ത്രിയും തെലങ്കാന രാഷ്ട്രസിമിതി പ്രസിഡന്റുമായ കെ. ചന്ദ്രശേഖർ റാവു. ബി.ജെ.പിക്ക് ബദൽ തേടി പ്രതിപക്ഷ ഐക്യത്തിന് ശ്രമിക്കുന്ന മമത ബാനർജിക്ക് പിന്തുണയേകുന്നതാണ് കെ.സി.ആറിന്റെയും നീക്കം.
കോൺഗ്രസിനെ സഖ്യത്തിൽ ഉൾപ്പെടുത്തില്ലെന്നാണ് സൂചന. കോൺഗ്രസിനെയും ഇടതുപക്ഷത്തെയും ഒപ്പംകൂട്ടില്ലെന്ന് നേരത്തേ മമതയും പ്രഖ്യാപിച്ചിരുന്നു. തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, മഹാരാഷ്ട മുഖ്യമന്ത്രിയും ശിവസേന നേതാവുമായ ഉദ്ധവ് താക്കറെ എന്നിവരെയാണ് ഇവർ പ്രധാനമായും ലക്ഷ്യമിടുന്നത്. മമത വൈകാതെ തെലങ്കാനയിലെത്തുമെന്നാണ് വിവരം. മമത ഫോണിൽ ബന്ധപ്പെട്ടിരുന്നതായി കഴിഞ്ഞദിവസം ഡൽഹിയിലെത്തിയ സ്റ്റാലിനും വ്യക്തമാക്കിയിരുന്നു.
നിലവിലെ സാഹചര്യത്തിൽ ബി.ജെ.പിയെ നേരിടാൻ പ്രതിപക്ഷ ഐക്യത്തിനേ സാധിക്കൂവെന്ന വിലയിരുത്തലാണ് രാഷ്ട്രീയ നിരീക്ഷകർ നടത്തുന്നത്. എന്നാൽ, മമതയെ മുന്നിൽ നിർത്തുമോയെന്ന കാര്യത്തിൽ വ്യക്തതയില്ല. പ്രതിപക്ഷ സംസ്ഥാനങ്ങൾക്ക് ഫണ്ട് അനുവദിക്കുന്നതിൽ കേന്ദ്ര സർക്കാർ കാണിക്കുന്ന അലംഭാവത്തിൽ കെ.സി.ആർ ഉൾപ്പെടെയുള്ളവർ കടുത്ത അതൃപ്തിയിലാണ്.
ബി.ജെ.പിയിതര സംസ്ഥാനങ്ങളിലെ ഗവർണർമാർ നടത്തുന്ന ഭരണഘടനവിരുദ്ധ പ്രവർത്തനങ്ങളിലും അധികാര ദുർവിനിയോഗത്തിലും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചിരുന്നു. അതേസമയം, കോൺഗ്രസില്ലാതെ പുതിയ പ്രതിപക്ഷ നീക്കം എത്രമാത്രം വിജയം കാണുമെന്നറിയില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.