പുസ്തകങ്ങളിൽ മുഖ്യമന്ത്രി ഇപ്പോഴും കെ.സി.ആർ തന്നെ; തെലങ്കാനയിൽ വിദ്യാർഥികൾക്ക് വിതരണം ചെയ്ത പാഠപുസ്തകങ്ങൾ തിരിച്ചുവിളിച്ചു
text_fieldsഹൈദരാബാദ്: വിദ്യാർഥികൾക്ക് വിതരണം ചെയ്ത പാഠപുസ്തകങ്ങളിൽ അച്ചടിച്ചിരിക്കുന്നത് തെലങ്കാന മുഖ്യമന്ത്രിയുടെ പേര് കെ. ചന്ദ്രശേഖര റാവു എന്ന് കണ്ടെത്തി. മുൻ മന്ത്രിമാരായ കഡിയം ശ്രീഹരി, സബിത ഇന്ദ്ര റെഡ്ഡി എന്നിവരുടെ പേരുകളും വകുപ്പുകളും മാറിയിട്ടില്ല. തുടർന്ന് വിദ്യാർഥികൾക്ക് വിതരണം ചെയ്ത എല്ലാ പാഠപുസ്തകങ്ങളും തിരിച്ചുവിളിക്കാൻ തീരുമാനിച്ചിരിക്കുകയാണ് തെലങ്കാന വിദ്യാഭ്യാസ വകുപ്പ്. പാഠപുസ്തകങ്ങളിൽ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പേരുകൾ മാറാത്തത് അധ്യാപകരിലും വിദ്യാർഥികളിലും ചെറുതല്ലാത്ത ആശയക്കുഴപ്പമുണ്ടാക്കി. അതേസമയം, പുതിയ മുഖ്യമന്ത്രിയുടെ പേര് അച്ചടിച്ചുള്ള പാഠപുസ്തകം കൈയിൽ കിട്ടാൻ ഒരുമാസമെങ്കിലുമെടുക്കും.
നടപ്പ് അധ്യയന വർഷം വിതരണം ചെയ്ത പാഠപുസ്തകങ്ങളിൽ മുൻ ഭരണസമിതിയുടെ പേരുകൾ നിലനിൽക്കുന്നതായി വിദ്യാഭ്യാസവകുപ്പ് ഉദ്യോഗസ്ഥരാണ് കണ്ടെത്തിയത്. വിദ്യാഭ്യാസ മേഖലയുടെ മേൽനോട്ടം വഹിക്കുന്ന സർക്കാർ മാറിയിട്ടും ഈ അബദ്ധം സംഭവിച്ചു. ചില സർക്കാർ സ്‌കൂൾ പ്രധാനാധ്യാപകർ വിദ്യാർഥികൾക്ക് പുസ്തകങ്ങൾ വിതരണം ചെയ്യുന്നതിനുമുമ്പ് ഈ വിവരങ്ങൾ നീക്കം ചെയ്ത് ജാഗ്രത കാണിച്ചു. 2023 നവംബറിലാണ് തെലങ്കാനയിൽ ഭരണമാറ്റം നടന്നത്. എ. രേവന്ത് റെഡ്ഡിയാണ് തെലങ്കാന മുഖ്യമന്ത്രി. സർക്കാർ മാറിയ വിവരം പാഠപുസ്തകങ്ങളിൽ അപ്ഡേറ്റ് ചെയ്യാത്തതിൽ
സ്റ്റേറ്റ് കൗൺസിൽ ഓഫ് എജ്യുക്കേഷനൽ റിസർച്ച് ആൻഡ് ട്രെയിനിംഗ് (എസ്.സി.ഇ.ആർ.ടി) ഉദ്യോഗസ്ഥരുടെ അനാസ്ഥയിൽ ഭൂരിഭാഗം അധ്യാപകരും നിരാശ പ്രകടിപ്പിച്ചു. തിരുത്തിയ പാഠപുസ്തകങ്ങൾ നൽകാനുള്ള കാലതാമസം അക്കാദമിക് ഷെഡ്യൂളിനെ തടസ്സപ്പെടുത്തുമെന്നും വിദ്യാർഥികൾക്കും അധ്യാപകർക്കും ഒരുപോലെ അനാവശ്യ സമ്മർദ്ദം ഉണ്ടാക്കുമെന്നും അധ്യാപകർ ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.