തെലങ്കാന നിയമസഭ തെരഞ്ഞെടുപ്പ്: കെ.സി.ആർ രണ്ട് സീറ്റുകളിൽ ജനവിധി തേടും; 119 സീറ്റുകളിൽ ബി.ആർ.എസ് മത്സരിക്കും
text_fieldsഹൈദരാബാദ്: തെലങ്കാന നിയമസഭ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ ആദ്യഘട്ട സ്ഥാനാർഥികളുടെ പട്ടിക പുറത്തുവിട്ട് ഭരണകക്ഷിയായ ഭാരത് രാഷ്ട സമിതി(ബി.ആർ.എസ്). പ്രധാനമായും ഏഴ് മാറ്റങ്ങൾ വരുത്തി ഭൂരിഭാഗം എം.എൽ.എമാരെയും നിലനിർത്തിക്കൊണ്ടുള്ള പട്ടികയാണ് പുറത്തുവിട്ടിരിക്കുന്നത്.
95 മുതൽ105 വരെ സീറ്റുകളിൽ വിജയിക്കുമെന്ന് ഞങ്ങൾക്ക് ആത്മവിശ്വാസമുണ്ടെന്ന് തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവു മാധ്യമങ്ങളോട് പറഞ്ഞു. ഹാട്രിക് തേടിയാണ് ഇക്കുറി അദ്ദേഹം മത്സരിക്കുന്നത്. ഇത്തവണ ഗാജ്വെൽ മണ്ഡലം കൂടാതെ കമരറെഡ്ഡിയിൽ നിന്നുകൂടി ചന്ദ്രശേഖര റാവു ജനവിധി തേടും. 2009 മുതൽ ബി.ആർ.എസ് ആണ് ഇവിടെ വിജയിക്കുന്നത്. അതോടൊപ്പം അസദുദ്ദീൻ ഉവൈസിയുടെ എ.ഐ.എം.ഐ.എമ്മുമായുള്ള സഖ്യം നിലനിർത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. കോൺഗ്രസ് ആണ് സംസ്ഥാനത്തെ പ്രധാന പ്രതിപക്ഷം. കോൺഗ്രസിൽ സ്ഥാനാർഥികളുടെ പട്ടിക തീരുമാനം ആയിട്ടില്ല. കർഷകർക്ക് സൗജന്യ വൈദ്യുതി അടക്കമുള്ള ക്ഷേമപദ്ധതികളിലൂന്നിയാണ് കെ.സി.ആറിന്റെ വോട്ട്പിടിത്തം. കോൺഗ്രസ് അധികാരത്തിലെത്തിയാൽ ഈ ക്ഷേമ പദ്ധതികൾ ഒന്നൊന്നായി അവസാനിപ്പിക്കുമെന്നും അദ്ദേഹം ഓർമിപ്പിച്ചു.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കോൺഗ്രസും തെലങ്കാന ജന സമിതിയും തെലുഗു ദേശം പാർട്ടിയും സി.പി.ഐയുമടങ്ങിയ വിശാല സഖ്യമാണ് ബി.ആർ.എസിനെ നേരിട്ടത്. 2018ൽ കാലാവധി അവസാനിക്കാൻ ഒമ്പതുമാസം ശേഷിക്കെ കെ.സി.ആർ രാജിവെച്ചിരുന്നു. അതിനു ശേഷം ആർക്കും ഭൂരിപക്ഷം ലഭിക്കാതെ വന്നപ്പോൾ സഭ പിരിച്ചുവിട്ട ഗവർണർ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയായിരുന്നു. ആ തെരഞ്ഞെടുപ്പിൽ തെലങ്കാന രാഷ്ട്ര സമിതി 88സീറ്റുകൾ നേടി. കോൺഗ്രസിന് 19ഉം എ.ഐ.എം.ഐ.എമ്മിന് ഏഴും ടി.ഡി.പിക്ക് രണ്ടും ബി.ജെ.പിക്കു രണ്ടും വീതം സീറ്റുകൾ ലഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.