കെജ്‌രിവാളിനൊപ്പം പഞ്ചാബ് സന്ദർശനത്തിന് കെ. ചന്ദ്രശേഖർ റാവു
text_fieldsന്യൂഡൽഹി: വിവാദ കാർഷിക നിയമത്തിനെതിരായ പ്രക്ഷോഭങ്ങൾക്കിടെ മരിച്ച 600 കർഷകരുടെ കുടുംബങ്ങളെ തെലങ്കാന മുഖ്യന്ത്രി കെ. ചന്ദ്രശേഖർ റാവു ഇന്ന് സന്ദർശിക്കും. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനും അദ്ദേഹത്തിനൊപ്പം ചണ്ഡീഗഢിലെത്തും.
സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവുമായി കെ.സി.ആർ ഇന്നലെ കൂടിക്കാഴ്ച നടത്തിയിരുന്നു. മരിച്ച കർഷകരുടെ കുടുംബങ്ങൾക്ക് അദ്ദേഹം മൂന്ന് ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകുമെന്ന് അധികൃതർ അറിയിച്ചു. കെ.സി.ആറിന്‍റെ സന്ദർശനത്തിന് മുന്നോടിയായി കർഷക പ്രക്ഷോഭത്തിനിടെ കൊല്ലപ്പെട്ട മാൻസയിലെ അഞ്ച് പേരുടെ കുടുംബങ്ങൾക്ക് പഞ്ചാബിലെ ആരോഗ്യ കുടുംബക്ഷേമ മന്ത്രി വിജയ് സിംഗ്ല 25 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചിരുന്നു.
അതേസമയം കർഷക വിഷയത്തിൽ കെ.സി.ആറിന് ഇരട്ടത്താപ്പാണെന്ന് തെലങ്കാന കോൺഗ്രസ് ആരോപിച്ചു. സംസ്ഥാനത്ത് 8000ത്തിലധികം കർഷകർ ആത്മഹത്യ ചെയ്തിട്ടും മുഖ്യമന്ത്രി കണ്ണടച്ചിരിക്കുകയാണെന്ന് തെലങ്കാന കോൺഗ്രസ് വക്താവ് ദസോജു ശ്രാവൺ പറഞ്ഞു. കർഷക വിഷയത്തിൽ ഇത്രയധികം ആശങ്കയുണ്ടായിരുന്നെങ്കിൽ എന്തിനാണ് കാർഷിക നിയമത്തെ കെ.സി.ആർ നേരത്തെ പിന്തുണച്ചതെന്നും അദ്ദേഹം ചോദിച്ചു.
ദേശീയ തലത്തിലുള്ള രാഷ്ട്രീയ സാമൂഹിക പരിപാടികളിൽ പങ്കെടുക്കുന്നതിനായി ശനിയാഴ്ചയാണ് കെ.സി.ആർ ഡൽഹിയിലെത്തിയത്. മേയ് 26ന് അദ്ദേഹം ബംഗളൂരുവിൽ മുൻ പ്രധാനമന്ത്രി എച്ച്.ഡി ദേവഗൗഡയുമായി കൂടിക്കാഴ്ച നടത്തും. തൊട്ടടുത്ത ദിവസം മഹാരാഷ്ട്രയിൽ സാമൂഹിക പ്രവർത്തകൻ അണ്ണാ ഹസാരെയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം ഗാൽവാൻ താഴ്വരയിൽ വീരമൃത്യു വരിച്ച സൈനികരുടെ കുടുംബത്തെ സന്ദർശിക്കാൻ ബംഗാളിലേക്കും ബിഹാറിലേക്കും പോകുമെന്ന് പ്രസ്താവനയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.