'ട്രാക്ടറുകൾ തയാറാക്കി നിർത്തൂ, ഏത് സമയവും ഡൽഹിയിലെത്തേണ്ടി വരും'
text_fieldsലഖ്നോ: കർഷകരോട് ട്രാക്ടറുകൾ തയാറാക്കി നിർത്താൻ ആഹ്വാനം ചെയ്ത് കർഷക സംഘടനയായ ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടികായത്. 'എല്ലാ കർഷകരോടും ഞാൻ അഭ്യർഥിക്കുകയാണ്, നിങ്ങൾ പാടത്ത് പണിയെടുക്കുന്നതിനൊപ്പം ട്രാക്ടറുകൾ തയാറാക്കി ഇന്ധനം നിറച്ച് ഒരുക്കിനിർത്തൂ. ഏത് സമയവും രാജ്യതലസ്ഥാനത്ത് എത്തേണ്ടിവരും' -ടികായത് പറഞ്ഞു.
കർഷകരോട് ചോദിക്കാതെയാണ് കേന്ദ്ര സർക്കാർ കാർഷിക നിയമങ്ങൾ നടപ്പാക്കിയത്. എന്നിട്ട്, അതിലെ പോരായ്മകൾ അറിയിക്കാൻ കർഷകരോട് പറയുന്നു. ഇത് മുഴുവൻ കരിനിയമങ്ങളായ സ്ഥിതിക്ക് സർക്കാർ പിൻവലിക്കണം. ധാന്യങ്ങൾ മുഴുവൻ പൂഴ്ത്തിവെച്ച് വിശപ്പിന്മേൽ രാഷ്ട്രീയം കളിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ഇത് അനുവദിക്കാനാകില്ല.
രാജ്യമെമ്പാടും പ്രതിഷേധ പരിപാടികൾ തുടരാൻ ആഹ്വാനം ചെയ്തിട്ടുണ്ട്. മാർച്ച് 24 വരെയുള്ള പരിപാടികൾ ആസൂത്രണം ചെയ്തുകഴിഞ്ഞു. ഇതിനായി രാജ്യം മുഴുവൻ സഞ്ചരിക്കും. നിയമം പിൻവലിക്കുന്നത് വരെ സമരം തുടരാനാണ് തീരുമാനമെന്നും രാകേഷ് ടികായത് പറഞ്ഞു.
വിവാദമായ കാർഷിക നിയമങ്ങൾക്കെതിരെ ഡൽഹിയിൽ കർഷകർ നവംബർ 26ന് ആരംഭിച്ച സമരം മാസങ്ങൾ പിന്നിട്ട് തുടരുകയാണ്. നിരവധി തവണ സർക്കാറും കർഷകരും ചർച്ച നടത്തിയിട്ടും ധാരണയിലെത്താനായില്ല. നിയമങ്ങൾ പിൻവലിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിൽ കർഷകർ ഉറച്ചുനിൽക്കുമ്പോൾ, ഭേദഗതിയാകാമെന്നും നിയമങ്ങൾ പിൻവലിക്കില്ലെന്നുമാണ് കേന്ദ്ര സർക്കാർ നിലപാട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.