'പണം ബാങ്കിൽ നിക്ഷേപിക്കരുത്, ബാങ്കുകള്‍ എപ്പോള്‍ വേണമെങ്കിലും തകരാം’-ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍
text_fieldsജനങ്ങളോട് തങ്ങളുടെ സമ്പാദ്യം ബാങ്കിൽ നിക്ഷേപിക്കരുതെന്നും ബാങ്കുകള്‍ എപ്പോള്‍ വേണമെങ്കിലും തകരാമെന്നും മുന്നറിയിപ്പ് നൽകി ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍. രാംഗഢിലെ ഒരു പൊതുപരിപാടിയ്ക്കിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. ജാർഖണ്ഡിലെ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മണ്ഡലമാണ് രാംഗഢ്.
പരിപാടിയില്‍ ബി.ജെ.പിയ്‌ക്കെതിരെ രൂക്ഷവിമര്‍ശനമാണ് സോറന്‍ ഉയര്‍ത്തിയത്. സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതി നടന്നത് മോദി സര്‍ക്കാരിന്റെ കാലത്താണ് എന്നും സോറന്‍ പറഞ്ഞു. രാജ്യത്തിന്റെ സാമ്പത്തികാവസ്ഥ തന്നെ ആകെ തകിടം മറിഞ്ഞിരിക്കുകയാണ്. രാജ്യത്തെ ബാങ്കുകള്‍ എപ്പോള്‍ വേണമെങ്കിലും തകരാമെന്നും പണം ബാങ്കിൽ നിക്ഷേപിക്കരുതെന്നും പകരം പ്ലാസ്റ്റിൽ കവറിലോ പെട്ടികളിലോ ആക്കി മണ്ണിൽ കുഴിച്ചിടണമെന്നും അദ്ദേഹം പറഞ്ഞു.
‘തുടക്കത്തില്‍ തന്നെ എല്ലാ കര്‍ഷകരോടും തൊഴിലാളികളോടും ഞാന്‍ പറഞ്ഞിരുന്നതാണ് ബാങ്കുകളില്‍ നിക്ഷേപം നടത്തരുത് എന്ന്. ബാങ്കുകള്‍ നഷ്ടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. നിങ്ങളുടെ പണം ഒരു പ്ലാസ്റ്റിക് ബാഗിലാക്കി മണ്ണിൽ കുഴിച്ചിടൂ. എന്നാലും ബാങ്കില്‍ നിക്ഷേപിക്കരുത്. ഏത് ബാങ്കാണ് നിങ്ങളുടെ പണവുമായി ആദ്യം മുങ്ങുക എന്ന് പറയാന്‍ കഴിയില്ല. നമ്മുടെ പൂര്‍വ്വികരും ഇതാണ് ചെയ്തത്. അവര്‍ സൂക്ഷിച്ച് വെച്ച പണം അവര്‍ക്ക് തന്നെ ലഭിച്ചിട്ടുണ്ട്. അതുപോലെ നിങ്ങള്‍ സൂക്ഷിച്ച് വെയ്ക്കുന്ന പണം നിങ്ങള്‍ക്ക് തന്നെ ലഭിക്കും. അതുമതിയല്ലോ’-ഹേമന്ത് സോറ’ പറഞ്ഞു.
സോറന്റെ പാര്‍ട്ടിയായ ഝാര്‍ഖണ്ഡ് മുക്തി മോര്‍ച്ച രാംഗഢിലെ തങ്ങളുടെ സ്ഥാനാർഥിയെ പ്രഖ്യാപിച്ചിരുന്നു. ജെ.എം.എം നേതാവായ ബജ്‌റംഗ് മഹ്‌തോയാണ് ഇത്തവണ രാംഗഡില്‍ പാര്‍ട്ടിയ്ക്കായി ജനവിധി തേടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.