ബി.ജെ.പി വളഞ്ഞ വഴിയിലൂടെ തെരഞ്ഞെടുപ്പിൽ വിജയിക്കാൻ ശ്രമിക്കുന്നു; വോട്ടർ പട്ടികയിൽ കൃത്രിമം കാണിച്ചു - കെജ്രിവാൾ
text_fieldsന്യൂഡൽഹി: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പി വോട്ടർ പട്ടികയിൽ കൃത്രിമം കാണിക്കാൻ ശ്രമിക്കുന്നതായി ആം ആദ്മി പാർട്ടി അധ്യക്ഷൻ അരവിന്ദ് കെജ്രിവാൾ. ശക്തരായ സ്ഥാനാർഥികളോ രാഷ്‌ട്രീയ പ്രശ്‌നങ്ങളോ അവതരിപ്പിക്കാനില്ലാത്തതിനാൽ ബി.ജെ.പി വളഞ്ഞ വഴിയിലൂടെ തെരഞ്ഞെടുപ്പിൽ ജയിക്കാൻ ശ്രമിക്കുകയാണെന്നും കെജ്രിവാൾ കുറ്റപ്പെടുത്തി. ഡൽഹി മുഖ്യമന്ത്രി അതിഷിക്കും രാജ്യസഭാ എം.പി രാഘവ് ഛദ്ദയ്ക്കുമൊപ്പം വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു കെജ്രിവാൾ
'ബി.ജെ.പി ഇതിനകംതന്നെ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു കഴിഞ്ഞു. അവർക്ക് മുഖ്യമന്ത്രി മുഖമോ ശരിയായ സ്ഥാനാർഥികളോ ഇല്ല. കൃത്രിമം കാണിച്ച് വിജയിക്കുക മാത്രമാണ് അവരുടെ ലക്ഷ്യം. പക്ഷേ ഞങ്ങൾ അവരെ വിജയിക്കാൻ അനുവദിക്കില്ലെന്നും കെജ്രിവാൾ കൂട്ടിച്ചേർത്തു.
ഒരു നിയോജക മണ്ഡലത്തിൽ മാത്രം 11,000 വോട്ടർമാരുടെ പേര് വെട്ടനായി അപേക്ഷകൾ ബി.ജെ.പി സമർപ്പിച്ചെങ്കിലും എ.എ.പി ഇടപെട്ടതിനെ തുടർന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ നീക്കം അവസാനിപ്പിച്ചതായും കെജ്രിവാൾ പറഞ്ഞു.
തന്‍റെ അസംബ്ലി മണ്ഡലമായ ന്യൂഡൽഹിയിൽ ഇതുവരെ 5,000 വോട്ടർമാരെ വെട്ടുന്നതിനുള്ള അപേക്ഷകളും 7,500 വോട്ടര്‍മാരെ കൂട്ടിച്ചേർക്കാനുള്ള അപേക്ഷകളും സമർപ്പിച്ചുകൊണ്ട് വലിയ തോതിലുള്ള പ്രവർത്തനം ബി.ജെ.പി ആരംഭിച്ചതായി കെജ്രിവാൾ പറഞ്ഞു. ഇത് മണ്ഡലത്തിലെ 12 ശതമാനം വോട്ടുകളിൽ മാറ്റം വരുത്തും. ഒക്‌ടോബർ 29 ന് പ്രസിദ്ധീകരിച്ച വോട്ടർ പട്ടിക പ്രകാരം മണ്ഡലത്തിലെ ആകെ വോട്ടർമാരുടെ എണ്ണം 106,873 ആണെന്ന് കെജ്രിവാൾ പറഞ്ഞു.
ഓപ്പറേഷൻ ലോട്ടസ് ഇപ്പോൾ തന്റെ മണ്ഡലത്തിലും എത്തിയിരിക്കുന്നു. അവർ തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാന്‍ വോട്ടർ പട്ടികയിൽ കൃത്രിമം കാണിക്കാൻ ശ്രമിക്കുകയാണെന്നും കെജ്രിവാൾ ആരോപിച്ചു. അതേസമയം ആരോപണങ്ങളോട് പ്രതികരിക്കാൻ ബിജെപി ഇതുവരെ തയ്യാറായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.