Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകെജ്രിവാളിന് ജാമ്യം...

കെജ്രിവാളിന് ജാമ്യം സത്യത്തിന്‍റെ വിജയവും ബി.ജെ.പിയുടെ മുഖത്തേറ്റ അടിയുമെന്ന് എ.എ.പി.

text_fields
bookmark_border
Arvind Kejriwal
cancel

ന്യൂഡൽഹി: മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ജാമ്യം ലഭിച്ചതിൽ പ്രതികരണവുമായി ആം ആദ്മി പാർട്ടി. സത്യത്തിന്‍റെ വിജയവും ബി.ജെ.പിയുടെ മുഖത്തേറ്റ അടിയുമാണെന്ന് രാജ്യസഭാംഗം സഞ്ജയ് സിങ് പ്രതികരിച്ചു. മോദിക്കും അമിത് ഷാക്കും ബി.ജെ.പിക്കും അൽപമെങ്കിലും നാണം ബാക്കിയുണ്ടെങ്കിൽ കള്ളക്കേസുകൾ അവസാനിപ്പിക്കണം. കള്ളക്കേസുകളിൽ തടവിലാക്കപ്പെട്ട മുഴുവൻ പേരെയും മോചിപ്പിക്കണമെന്നും സഞ്ജയ് സിങ് ആവശ്യപ്പെട്ടു.

മദ്യനയ കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ദില്ലി റോസ് അവന്യൂ കോടതിയാണ് ജാമ്യം അനുവദിച്ചത്. അറസ്റ്റിലായി നാളെ മൂന്നുമാസം തികയാനിരിക്കെയാണ് ജാമ്യം അനുവദിക്കുന്നത്. കോടതി ഉത്തരവ് കൈമാറിയാൽ കെജ്രിവാൾ ഇന്ന് ജയിൽ മോചിതനാകും. കഴിഞ്ഞ ദിവസം അരവിന്ദ് കെജ്രിവാളിന്റെ ജുഡീഷ്യൽ കസ്റ്റഡി ജൂലൈ മൂന്നുവരെ കോടതി നീട്ടിയിരുന്നു.

ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ പ്രചാരണത്തിനായി മേയ് 10ന് സുപ്രീംകോടതി 21 ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. കെജ്രിവാളിന് സുപ്രീംകോടതി അനുവദിച്ച ജാമ്യക്കാലാവധി ജൂൺ ഒന്നിന് അവസാനിച്ചു. ജാമ്യകാലാവധിക്ക് ശേഷം ജൂൺ രണ്ടിനാണ് കെജ്രിവാൾ തിഹാർ ജയിലിൽ തിരിച്ചെത്തിയത്. ഇടക്കാല ജാമ്യം ഏഴ് ദിവസം കൂടി നീട്ടണമെന്ന് ആവശ്യപ്പെട്ട് കെജ്രിവാൾ അപേക്ഷ നൽകിയെങ്കിലും സുപ്രീംകോടതി രജിസ്ട്രി സ്വീകരിച്ചിരുന്നില്ല. സ്ഥിരം ജാമ്യത്തിന് വിചാരണക്കോടതിയെ സമീപിക്കാൻ സുപ്രീംകോടതി നിർദേശിച്ചതിനാൽ അപേക്ഷ സ്വീകരിക്കാനാകില്ലെന്നായിരുന്നു അപേക്ഷ നിരസിച്ചു കൊണ്ട് രജിസ്ട്രി വ്യക്തമാക്കിയത്.

മാർച്ച് 21നാണ് ഇ.ഡി കെജ്രിവാളിനെ അറസ്റ്റ് ചെയ്തത്. അനധികൃതമായി ലൈസൻസ് നൽകാൻ എ.എ.പിയിലെ മുതിർന്ന നേതാക്കൾ കോടികൾ കൈക്കൂലി വാങ്ങിയെന്നും ഇത് ഗോവയിലും പഞ്ചാബിലും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചെന്നുമാണ് കേസ്.

ജാമ്യം നൽകിയ ഉത്തരവ് 48 മണിക്കൂർ നേരത്തേക്ക് സ്റ്റേ ചെയ്യണമെന്ന ഇ.ഡി ആവശ്യവും കോടതി തള്ളിയിരുന്നു. കേസിൽ പ്രതിപ്പട്ടികയിലുള്ള ചൻപ്രീത് സിങ് വ്യവസായികളിൽ നിന്ന് വലിയ തുകകൾ കൈപ്പറ്റിയെന്നും കെജ്രിവാളിന്‍റെ ഹോട്ടൽ ബില്ലുകളടക്കം ഇയാൾ അടച്ചിരുന്നുവെന്നുമായിരുന്നു എൻഫോഴ്‌സ്‌മെൻറ് ഡയറക്ടറേറ്റിന്‍റെ വാദം. അന്വേഷണ സംഘത്തിന് തന്‍റെ ഫോണിന്‍റെ പാസ്വേഡ് നൽകുവാൻ കെജ്രിവാൾ തയാറാവുന്നില്ല. ജാമ്യം നിഷേധിക്കാൻ ഇത് മതിയായ കാരണമാണ്. കേസിൽ കുറ്റാരോപിതനായ വിജയ് നായരെ കെജ്രിവാൾ ഇടനിലക്കാരനായി ഉപയോഗപ്പെടുത്തുകയായിരുന്നു. ഇതിന് തെളിവുണ്ടെന്നും അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ എസ്.വി. രാജു പറഞ്ഞു.

അതേസമയം, കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഫയല്‍ചെയ്ത കുറ്റപത്രങ്ങളിലൊന്നും ഡല്‍ഹി മുഖ്യമന്ത്രിയുടെ പേരില്ലെന്ന് കെജ്രിവാളിനുവേണ്ടി ഹാജരായ അഭിഭാഷകൻ വിക്രം ചൗധരി പറഞ്ഞു. സി.ബി.ഐ എഫ്‌.ഐ.ആറിൽ കെജ്രിവാള്‍ പ്രതിയല്ലെന്നും മറിച്ച് സാക്ഷിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇ.ഡി അല്ല സി.ബി.ഐയെ നയിക്കേണ്ടത്. സി.ബി.ഐ സ്വയം പ്രാപ്തമായ സ്വതന്ത്ര സംവിധാനമാണെന്നാണ് കരുതുന്നത്. ഇ.ഡിയുടെ നടപടികളിൽ ദുരൂഹതയുണ്ട്. രാഷ്ട്രീയമേലാളന്മാരുടെ ഇംഗിതത്തിന് വഴങ്ങിയാണോ നടപടികളെന്ന് സംശയമുണ്ടാക്കുന്ന രീതിയിലാണ് ഇ.ഡി പെരുമാറുന്നത്. ചൻപ്രീത് സിങും വിനോദ് നായരുമടക്കമുള്ളവരെ കേസിൽ കെജ്രിവാളുമായി ബന്ധിപ്പിക്കുന്നതായി കാണിച്ച് ഇ.ഡി ചൂണ്ടിക്കാണിക്കുന്ന തെളിവുകളെല്ലാം തന്നെ അടിസ്ഥാനരഹിതവും അബദ്ധങ്ങളുമാണെന്നും ചൗധരി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AAPArvind KejriwalDelhi Liquor Policy Case
News Summary - Kejriwal Bail: Decision is a victory of truth and a tight slap on the face of BJP -AAP
Next Story