കെജ്രിവാളിന്റേത് എല്ലാം കണക്കുകൂട്ടിയുള്ള നീക്കം
text_fieldsന്യൂഡൽഹി: എല്ലാം കണക്കുകൂട്ടിയുള്ള നീക്കമാണ് ഡൽഹി മദ്യനയ അഴിമതി ക്കേസിൽ ജാമ്യത്തിലിറങ്ങി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ നടത്തുന്നത്. കാലിനടിയിലെ മണ്ണൊലിച്ചുപോകാതിരിക്കാനുള്ള രാഷ്ട്രീയ നീക്കമാണിത്. സഹതാപം പിടിച്ചു പറ്റാനുള്ള നാടകമാണെന്ന് ബി.ജെ.പിയും കോൺഗ്രസും ഒരു പോലെ പരിഹസിക്കുന്നതൊന്നും കെജ്രിവാളിനും ആപ്പിനും പ്രശ്നമല്ല. ജനങ്ങളെ സമീപിക്കുന്നതിൽ അവരേക്കാൾ ആത്മ വിശ്വാസമുള്ളതുകൊണ്ടാണ് എത്രയും നേരത്തെ തെരഞ്ഞെടുപ്പ് നടത്താൻ കമീഷനോട് കെജ്രിവാൾ ആവശ്യപ്പെട്ടതും.
ഡൽഹി മദ്യനയ അഴിമതിക്കേസും ആ കേസിൽ ഉയർന്ന ആപ് നേതാക്കളുടെ അറസ്റ്റും പ്രവർത്തകരുടെ ആത്മവീര്യം ചോർത്തിയിട്ടുണ്ടെന്ന് പാർട്ടി മനസ്സിലാക്കിയിരിക്കുന്നു. ഡൽഹി മദ്യനയത്തിൽ അഴിമതിയുണ്ടെന്ന കേന്ദ്ര ഏജൻസികളുടെ ആരോപണത്തിൽ വല്ലതുമൊക്കെ ഇല്ലാതിരിക്കില്ലെന്ന ചിന്ത പാർട്ടിയെ പിന്തുണക്കുന്നവരെയും ബാധിച്ചു തുടങ്ങിയതായി ഉയർന്ന ആപ് നേതാക്കൾ തന്നെ സമ്മതിക്കുന്നു. ഡൽഹി മദ്യനയ അഴിമതിക്കേസിന് പുറമെയാണ് സ്വന്തം ബംഗ്ലാവിന് കോടികൾ ചെലവഴിച്ചതുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ ആരോപിച്ച് മൂന്ന് എൻജിനീയർമാരെ എൽ.ജി സസ്പെൻഡ് ചെയ്തത്.
കോൺഗ്രസിനെ കേന്ദ്ര ഭരണത്തിൽ നിന്നും ഡൽഹി സംസ്ഥാന ഭരണത്തിൽ നിന്നും താഴെയിറക്കാൻ അണ്ണാഹസാരെയെ മുന്നിൽ നിർത്തി വിവേകാനന്ദ ഫൗണ്ടഷന്റെ ആസൂത്രണത്തിൽ അരങ്ങേറിയ അഴിമതി വിരുദ്ധ പ്രസ്ഥാനത്തിന്റെ ഉപോൽപന്നമായിരുന്നു അരവിന്ദ് കെജ്രിവാളിന്റെ ആം ആദ്മി പാർട്ടി. അഴിമതി രഹിതമായ സംശുദ്ധ രാഷ്ട്രീയം വാഗ്ദാനം ചെയ്ത അതേ നേതാവിനെയും പാർട്ടിയെയും അഴിമതി ആരോപണത്തിൽ കുരുക്കി വിശ്വാസ്യത തകർക്കാൻ ബി.ജെ.പിക്ക് കഴിഞ്ഞിരിക്കുന്നുവെന്ന് തെളിയിക്കുന്നതാണ് ഈ രാജി. അഴിമതി ആരോപണത്തിന്റെ പേരിലല്ല, അതിൽ നിന്ന് അഗ്നിശുദ്ധി വരുത്താനാണ് രാജിയെന്ന് കെജ്രിവാളിനും ആപ്പിനും പറയാം.
യഥാർഥത്തിൽ കെജ്രിവാളിനെ രാജിവെപ്പിക്കാനായിരുന്നു ജയിലിലടച്ചതെങ്കിലും ജയിലിലായപ്പോൾ രാജിവെക്കാതെ അദ്ദേഹം പോരാടി. അതോടെ നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും കണക്കുകൂട്ടലുകൾ തെറ്റി. ഒടുവിൽ പരമോന്നത കോടതിയിൽ നിന്ന് ജാമ്യം നേടി ജയിൽ മോചിതനായപ്പോൾ ഇതിലും നല്ലൊരവസരം തന്റെ രാജിക്കില്ലെന്ന് കെജ്രിവാൾ തിരിച്ചറിഞ്ഞു. കർശന വ്യവസ്ഥകളോടെയാണെങ്കിലും മോചിതനായ ശേഷമുള്ള രാജി പാർട്ടി കേഡറുകളിലും പ്രവർത്തകരിലും ആത്മ വിശ്വാസമുണ്ടാക്കും.
തെരഞ്ഞെടുപ്പ് പെട്ടെന്ന് നടത്താൻ നിയമസഭ പിരിച്ചുവിടണമെന്ന നിർദേശവും ആപ് നേതാക്കളിൽ നിന്ന് വന്നുവെങ്കിലും അനുകൂലമായല്ല കെജ്രിവാളിന്റെ പ്രതികരണം. പിരിച്ചുവിടാനുള്ള ശിപാർശ കേന്ദ്ര ആഭ്യന്തര മന്ത്രാലയവും ലഫ്റ്റനന്റ് ഗവർണറും സ്വീകരിക്കണമെന്നില്ല എന്നതാണ് അതിന് കാരണം.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് ചർച്ചയിൽ വന്നവർ
ആതിഷി മർലേന: 43 വയസ്സ്. വിദ്യാഭ്യാസ-ധനകാര്യ- പൊതുമരാമത്ത്- റവന്യൂ,- ഊർജ- ജല- സേവന- പബ്ലിക് റിലേഷൻസ് വകുപ്പ് മന്ത്രി. കെജ്രിവാൾ ജയിലിലായിരിക്കേ അവസാന ബജറ്റ് അവതരിപ്പിക്കുകയും സ്വാതന്ത്ര്യദിനത്തിൽ പതാക ഉയർത്തുകയും ചെയ്തു.
സൗരഭ് ഭരദ്വാജ്: 44 വയസ്സ്. ആരോഗ്യ-വ്യവസായ-നഗരവികസന- വിനോദ സഞ്ചാര- സാംസ്കാരിക മന്ത്രി. ഒന്നാം കെജ്രിവാൾ മന്ത്രിസഭയിൽ അംഗവും ഗ്രേറ്റർ കൈലാഷിൽ നിന്ന് ഹാട്രിക് ജയം നേടിയ എം.എൽ.എയും
ഗോപാൽ റായ്: 49 വയസ്സ്. പരിസ്ഥിതി-വികസന- പൊതുഭരണ മന്ത്രി. 2015 മുതൽ മന്ത്രി. മികച്ച പ്രഭാഷകൻ.
കൈലാഷ് ഗെഹ്ലോട്ട്- ആഭ്യന്തര- ഗതാഗത- വിവര സാങ്കേതിക- നിയമ മന്ത്രി. 2015 മുതൽ മന്ത്രി. 2023-24ലെ ബജറ്റ് അവതരിപ്പിച്ചു.
സുനിത കെജ്രിവാൾ: 58 വയസ്സ്, കെജ്രിവാളിന്റെ ഭാര്യ, മുൻ ഇന്ത്യൻ റവന്യൂ സർവീസ് ഓഫിസർ. ഹരിയാന തെരഞ്ഞെടുപ്പിൽ ആപ്പിന്റെ താര പ്രചാരകരിലൊരാൾ. കെജ്രിവാൾ ജയിലിലായപ്പോൾ ഇൻഡ്യ റാലികളിൽ ആപ് മുഖമായി. സർക്കാറിന് ആറു മാസം കാലാവധി തികച്ചില്ലാത്തതിനാൽ നിയമസഭയിലേക്ക് ഉപതെരഞ്ഞെടുപ്പ് ആവശ്യമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.