40 എം.എൽ.എമാരെ ചാക്കിടാൻ ബി.ജെ.പി ശ്രമിച്ചെന്ന് ആപ്; എം.എൽ.മാരുടെ യോഗം വിളിച്ച് കെജ്രിവാൾ
text_fieldsന്യൂഡൽഹി: ഡൽഹി സർക്കാറിന്‍റെ മദ്യനയത്തിൽ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ വസതിയിൽ സി.ബി.ഐ റെയ്ഡ് നടത്തുകയും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയും ചെയ്തതിന് പിന്നാലെ ആരംഭിച്ച ആപ്-ബി.ജെ.പി പോര് കനക്കുന്നു.
മഹാരാഷ്ട്ര മാതൃകയിൽ ഡൽഹി സർക്കാറിനെ അട്ടിമറിക്കാൻ ശ്രമിക്കുന്നതായി ആരോപിച്ച് വ്യാഴാഴ്ച മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്‍റെ വസതിയിൽ എം.എൽ.എമാരുടെ യോഗം വിളിച്ചു ചേർത്തു. 70 അംഗസഭയിൽ 62 പേരാണ് ആപ്പിനുള്ളത്. എട്ടുപേർ ബി.ജെ.പിക്കും. യോഗത്തിൽ 53 എം.എൽ.എമാർ പങ്കെടുത്തു. എട്ടുപേർ സംസ്ഥാനത്തിന് പുറത്തായതിനാലും മന്ത്രി സത്യേന്ദർ ജയിൻ ഇ.ഡി കേസിൽ ജയിലിൽ ആയതിനാലും പങ്കെടുക്കാനായില്ലെന്നും പാർട്ടി അറിയിച്ചു.
യോഗത്തിനു ശേഷം കെജ്രിവാളിന്‍റെ നേതൃത്വത്തിൽ 'ഓപറേഷൻ ലോട്ടസ്' പരാജയപ്പെടാൻ രാജ്ഘട്ടിലെത്തി ഗാന്ധി സമാധിയിൽ ഉപവസിച്ചു. വെള്ളിയാഴ്ച പ്രത്യേക നിയമസഭ സമ്മേളനവും വിളിച്ചിട്ടുണ്ട്. 40 എം.എൽ.എമാരെ ചാക്കിടാൻ ബി.ജെ.പി ശ്രമിച്ചെന്നാണ് ആപ് ആരോപണം.
സർക്കാറിനെ അട്ടിമറിക്കാൻ അവർ 800 കോടിയാണ് മാറ്റിവെച്ചിരിക്കുന്നതെന്നും ഓരോ എം.എൽ.എമാർക്കും 20 കോടിയാണ് വിലയിട്ടിരിക്കുന്നതെന്നും കെജ്രിവാൾ പറഞ്ഞു. രാജ്യം തീർച്ചയായും അറിയേണ്ടതുണ്ട്, ആരുടെ പണമാണ് ഇതെന്നും എവിടെ നിന്നാണ് ഈ പണം വന്നതെന്നുമുള്ള കാര്യം.
സർക്കാർ സ്ഥിരപ്പെട്ടതാണ്. ഡൽഹിയിലെ നല്ല പ്രവർത്തനങ്ങൾ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. കെജ്രിവാൾ, മനീഷ് സിസോദിയ എന്നിവർ രണ്ടു ദിവസത്തെ ഗുജറാത്ത് സന്ദർശനം കഴിഞ്ഞ് തിരിച്ചെത്തിയതിന് പിന്നാലെയാണ് യോഗം ചേർന്നത്. ബി.ജെ.പിയിൽ ചേർന്നാൽ കേസ് പിൻവലിക്കാമെന്നും മുഖ്യമന്ത്രിപദം നൽകാമെന്നും ബി.ജെ.പി വാഗ്ദാനം ചെയ്തതായി മനീഷ് സിസോദിയ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.