കെജ്രിവാൾ ‘ഇഫക്ട്’; ആവേശക്കളമായി ഡൽഹി
text_fieldsന്യൂഡൽഹി: രാജ്യതലസ്ഥാന നഗരിയിൽ പ്രതിദിനം ഉയരുന്ന താപനിലക്കൊപ്പം തെരഞ്ഞെടുപ്പ് ചൂടും ഉയരുകയാണ്. സുനിത കെജ്രിവാളിനെയും രണ്ടാം നിര നേതാക്കളെയും ആശ്രയിച്ച് മുന്നേറിയ ആം ആദ്മി പാർട്ടിയുടെ (ആപ്) തെരഞ്ഞെടുപ്പ് പ്രചാരണം, കെജ്രിവാൾ എത്തിയതോടെ ഇരട്ടിവേഗത്തിലായി. ജയിലിൽ നിന്നും പുറത്തിറങ്ങി മണിക്കൂറുകൾക്കകം മോദിക്കും ബി.ജെ.പിക്കും എതിരെ ആഞ്ഞടിച്ച് വാർത്തസമ്മേളനം നടത്തിയ കെജ്രിവാൾ വിശ്രമമില്ലാതെ റോഡ്ഷോകൾ നടത്തിയും പൊതുസമ്മേളനങ്ങളിൽ പങ്കെടുത്തും കളം നിറഞ്ഞു.
സഖ്യകക്ഷിയായ കോൺഗ്രസ് സ്ഥാനാർഥികൾക്കും കെജ്രിവാളിന്റെ തിരിച്ചുവരവ് ഊർജം പകർന്നു. ആദ്യദിവസം ആപ് സ്ഥാനാർഥികളുടെ മണ്ഡലങ്ങൾ ഇളക്കിമറിച്ച കെജ്രിവാൾ രണ്ടാം ദിവസം കോൺഗ്രസ് സ്ഥാനാർഥികളുടെ മണ്ഡലങ്ങളിലുമെത്തി റോഡ് ഷോ നടത്തി. ആറാം ഘട്ടമായ മേയ് 25നാണ് ഡൽഹിയിലെ തെരഞ്ഞെടുപ്പ് എന്നതിനാൽ കോൺഗ്രസ്, ബി.ജെ.പി ദേശീയ നേതാക്കളെല്ലാം മറ്റു സംസ്ഥാനങ്ങളിൽ പ്രചാരണത്തിലാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിയും ശനിയാഴ്ച ഡൽഹിയിൽ പ്രചാരണത്തിന് ഇറങ്ങുന്നതോടെ രാജ്യതലസ്ഥാന നഗരി കൂടുതൽ സജീവമാകും. പ്രമുഖ നേതാക്കളുടെ റോഡ് ഷോകള്‍ അടക്കം വിപുലമായ പ്രചാരണമാണ് അണിയറയില്‍ ഒരുങ്ങുന്നത്. ഏഴ് മണ്ഡലങ്ങളിലും ഇന്‍ഡ്യ മുന്നണി സംയുക്ത റാലികൾ ഉടന്‍ പ്രഖ്യാപിക്കും. കെജ്രിവാളും ഖാര്‍ഗെ അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളും ഒരേ വേദിയില്‍ എത്തും.
മോദിയുടെ ഗാരന്റിയാണ് ബി.ജെ.പിയുടെ പ്രധാന തെരഞ്ഞെടുപ്പ് പ്രചാരണം. പാർട്ടിക്കുള്ളിലെ അലിഖിത നിയമമായ 75 വയസ്സിലെ വിരമിക്കൽ മോദിയും സീകരിക്കുമോ എന്ന ചോദ്യമുയർത്തി കെജ്രിവാൾ തൊടുത്തുവിട്ട അസ്ത്രം ഒറ്റനേതാവിനെ ആശ്രയിച്ച് മുന്നേറിയ ബി.ജെ.പിയെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. മോദി വിരമിക്കുമെന്നും അമിത് ഷാക്ക് വേണ്ടിയാണ് വോട്ടുപിടിക്കുന്നതെന്നും കെജ്രിവാൾ എല്ലാ റോഡ്ഷോകളിലും ആവർത്തിക്കുന്നുണ്ട്. മോദിയുടെ പേരിൽ ലഭിക്കുന്ന വോട്ട് ഭിന്നിപ്പിക്കാനുള്ള കെജ്രിവാളിന്റെ ലക്ഷ്യം പ്രതിരോധിക്കാൻ പ്രയാസപ്പെടുന്ന കാഴ്ച ബി.ജെ.പി ക്യാമ്പിൽ പ്രകടമാണ്.
2019ൽ ത്രികോണ മത്സരത്തിനാണ് ഡൽഹി സാക്ഷ്യം വഹിച്ചതെങ്കിൽ ഇക്കുറി രാഷ്ട്രീയ സമവാക്യങ്ങൾ മാറിയതും ബി.ജെ.പിക്ക് തിരിച്ചടിയാകും. ബദ്ധവൈരികളായ കോൺഗ്രസും ആപ്പും ഇൻഡ്യ മുന്നണിയുടെ ബാനറിൽ ഒരുമിച്ചതോടെ കഴിഞ്ഞ രണ്ട് പൊതു തെരഞ്ഞെടുപ്പിലും ഏഴു സീറ്റും തൂത്തുവാരിയ ബി.ജെ.പിക്ക് ഇക്കുറി അനായാസം ജയിക്കാൻ സാധിക്കില്ല. എം.പിമാർ മണ്ഡലങ്ങളിലേക്ക് തിരിഞ്ഞുനോക്കിയില്ലെന്ന വിമർശനവും ബി.ജെ.പി നേരിടുന്നുണ്ട്. ഇതു മുന്നിൽക്കണ്ട് ഏഴിൽ ആറുപേരെയും മാറ്റി പുതുമുഖങ്ങളെയാണ് സ്ഥാനാർഥികളാക്കിയത്. ഭോജ്പുരി നടനും ഗായകനുമായ മനോജ് തിവാരി മാത്രമാണ് മത്സരരംഗത്തുള്ള സിറ്റിങ് എം.പി. ബിഹാർ വോട്ടുകൾ ഏറെയുള്ള നോർത്ത് ഈസ്റ്റ് മണ്ഡലത്തിൽ പൂർവാഞ്ചൽകാരനായ മനോജ് തിവാരിക്കു മികച്ച പകരക്കാരനെ കണ്ടെത്താൻ സാധിക്കാതിരുന്നതാണ് അദ്ദേഹത്തിന് തുണയായത്. സീറ്റ് നൽകാതെ മാറ്റി നിർത്തപ്പെട്ട മുൻ കേന്ദ്രമന്ത്രി ഹർഷവർധനും ഇന്ത്യൻ ക്രിക്കറ്റ് മുൻ താരമായ ഗൗതംഗംഭീറും സജീവ രാഷ്ട്രീയം വിട്ടതും കേന്ദ്ര മന്ത്രി മീനാക്ഷി ലേഖി പ്രചാരണ രംഗത്ത് ഇറങ്ങാത്തതും ബി.ജെ.പിക്ക് പ്രതിസന്ധി സൃഷ്ടിച്ചു.
ഇൻഡ്യ മുന്നണിയിൽ ആപ് നാല് സീറ്റിലും കോൺഗ്രസ് മൂന്ന് സീറ്റിലുമാണ് മത്സരിക്കുന്നത്. ആപ്പുമായുള്ള സഖ്യം കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിന് പൂർണമായും അംഗീകരിക്കാനായില്ലെങ്കിലും താഴെത്തട്ടിൽ പ്രവർത്തിക്കുന്ന പ്രവർത്തകർ ഒരുമിച്ചുള്ള പ്രവർത്തനത്തിൽ സജീവമാണ്. കനയ്യ കുമാറിന്റെ വരവോടെ സീറ്റ് ലഭിക്കാതിരുന്ന സംസ്ഥാന അധ്യക്ഷൻ അരവിന്ദർ സിങ് ലൗലി സഖ്യം ചൂണ്ടിക്കാട്ടി പാർട്ടി വിട്ട് ബി.ജെ.പിയിൽ ചേർന്നത് കോൺഗ്രസിന് തിരിച്ചടിയായിരുന്നു. എന്നാൽ, കെജ്രിവാളിന്റെ ജയിൽ മോചനത്തിൽ എല്ലാം മുങ്ങിപ്പോയെന്നും തരംഗം അനുകൂലമാണെന്നുമുള്ള ആശ്വാസത്തിലാണ് കോൺഗ്രസ്. 2019ലെ തെഞ്ഞെടുപ്പിൽ ഡൽഹിയിൽ കോൺഗ്രസും ആപ്പും ചേർന്നുനേടിയ വോട്ടിനേക്കാളും കൂടുതലായിരുന്നു ബി.ജെ.പിയുടെ വോട്ട്. ഏഴു മണ്ഡലങ്ങളിലും 50 ശതമാനത്തിനു മുകളിൽ വോട്ട് ബി.ജെ.പി സ്ഥാനാർഥികൾക്കുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.