'സ്റ്റേഡിയം ജയിലാക്കാൻ വിട്ടുനൽകില്ല'; കേന്ദ്രത്തിന്‍റെ ആവശ്യം തള്ളി ഡൽഹി സർക്കാർ
text_fieldsന്യൂഡൽഹി: 'ദില്ലി ചലോ' മാർച്ചുമായി കർഷക സമരം ആരംഭിച്ചിരിക്കെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുന്ന കർഷകരെ മാറ്റുന്നതിന് സ്റ്റേഡിയം വിട്ടുനൽകാനുള്ള കേന്ദ്ര സർക്കാറിന്‍റെ ആവശ്യം തള്ളി ഡൽഹിയിലെ ആം ആദ്മി സർക്കാർ. കർഷകർ ന്യായമായ അവകാശങ്ങൾക്കായാണ് സമരം ചെയ്യുന്നതെന്നും സ്റ്റേഡിയത്തെ ജയിലാക്കി മാറ്റാൻ അനുവദിക്കില്ലെന്നും ഡൽഹി സർക്കാർ വ്യക്തമാക്കി.
ബവാനയിലെ രാജീവ് ഗാന്ധി സ്റ്റേഡിയമാണ് വിട്ടുനൽകാൻ കേന്ദ്രം ആവശ്യപ്പെട്ടതെന്ന് ഡൽഹി ഗതാഗത മന്ത്രി കൈലാഷ് ഗെഹ്ലോട്ട് വ്യക്തമാക്കി. കർഷകരുടെ സമരം ന്യായമാണ്. മാത്രവുമല്ല, സമാധാനപരമായി സമരം ചെയ്യാനുള്ള അവകാശം ഭരണഘടനാപരമാണ്. അതുകൊണ്ടുതന്നെ കർഷകരെ അറസ്റ്റ് ചെയ്യുന്നത് അന്യായമാണ് -അദ്ദേഹം പറഞ്ഞു.
അതേസമയം, സ്റ്റേഡിയം ജയിലാക്കി മാറ്റാൻ ആവശ്യപ്പെട്ടിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയ വൃത്തങ്ങൾ പറഞ്ഞു. കസ്റ്റഡിയിലെടുക്കുന്ന സമരക്കാരുടെ എണ്ണം കൂടുതലാണെങ്കിൽ അവരെ മാറ്റാൻ വേണ്ടിയുള്ള സ്ഥലമാണ് ആവശ്യപ്പെട്ടതെന്ന് ഇവർ പറയുന്നു.
കേന്ദ്ര സർക്കാർ കർഷകരെ അറസ്റ്റ് ചെയ്യുന്നതിന് പകരം അവരുമായി ചർച്ച നടത്തി പ്രശ്നങ്ങൾ പരിഹരിക്കുകയാണ് വേണ്ടതെന്ന് മന്ത്രി കൈലാഷ് ഗെഹ്ലോട്ട് പറഞ്ഞു. കർഷകർ രാജ്യത്തിന്‍റെ അന്നദാതാക്കളാണ്. അവരെ നേരിടുന്നതും അറസ്റ്റ് ചെയ്യുന്നതും മുറിവിൽ ഉപ്പ് തേക്കുന്നതിന് തുല്യമാണ്. കേന്ദ്ര സർക്കാറിന്‍റെ ഈ തീരുമാനത്തിനൊപ്പം ആം ആദ്മി സർക്കാർ നിൽക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ ഉൽപന്നങ്ങൾക്കും താങ്ങുവില നിശ്ചയിക്കുന്ന നിയമം നടപ്പിലാക്കുക, 2013ലെ ഭൂമി ഏറ്റെടുക്കൽ നിയമം പുനരാവിഷ്കരിക്കുക, കർഷകർക്കും കർഷകത്തൊഴിലാളികൾക്കും പെൻഷൻ ഉറപ്പാക്കുക, സ്വതന്ത്ര വ്യാപാര കരാർ റദ്ദാക്കുക തുടങ്ങി വിവിധ ആവശ്യങ്ങളുന്നയിച്ചാണ് ഇന്ന് രാവിലെ കർഷകർ 'ദില്ലി ചലോ' മാർച്ച് തുടങ്ങിയത്. കർഷക സംഘടനകളുമായി കേന്ദ്ര സർക്കാർ ഇന്നലെ നടത്തിയ ചർച്ച പരാജയപ്പെട്ടതോടെയാണ് സമരം തുടങ്ങിയത്. സമരക്കാരെ പഞ്ചാബ്-ഹരിയാന അതിർത്തിയായ ശംഭുവിൽ പൊലീസ് നേരിട്ടതിനെ തുടർന്ന് കൂടുതൽ കർഷകർ ഇവിടേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.