രണ്ടാംനിര നേതൃത്വത്തിന് ചുമതല കൈമാറി കെജ്രിവാൾ; ഭരണ ഏകോപനം അതിഷി മർലേനക്ക്
text_fieldsന്യൂഡൽഹി: തിഹാര്‍ ജയിലിലേക്ക് മടങ്ങിയ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ചുമതലകള്‍ രണ്ടാംനിര നേതൃത്വത്തിന് കൈമാറി. സർക്കാർ ഭരണ ഏകോപനത്തിന്‍റെ ചുമതല മന്ത്രി അതിഷി മർലേനക്കാണ് നൽകിയത്. എ.എ.പി ജനറൽ സെക്രട്ടറി സന്ദീപ് പാഠക് പാർട്ടി നിയന്ത്രണ ചുമതല വഹിക്കണം. ഇടക്കാല ജാമ്യ കാലാവധി തീര്‍ന്ന് ഞായറാഴ്ച ജയിലിലേക്ക് മടങ്ങിയതോടെയാണ് ചുമതലകള്‍ കൈമാറിയത്.
ഭാര്യ സുനിത കെജ്രിവാൾ തൽക്കാലം രാഷ്ട്രീയത്തിലേക്ക് ഇറങ്ങേണ്ടെന്നാണ് കെജ്രിവാളിന്‍റെ നിർദേശം. മുതിര്‍ന്ന നേതാവ് സഞ്ജയ് സിങ്ങിനു ചുമതലകളൊന്നും നല്‍കിയിട്ടില്ല. സ്വാതി മലിവാള്‍ വിഷയത്തില്‍ നേതൃത്വത്തെ സഞ്ജയ് സിങ് വിമർശിച്ചിരുന്നു. മന്ത്രി സൗരഭ് ഭരദ്വാജിനെ പാര്‍ട്ടി നിയന്ത്രണത്തിന്റെ ചുമതലയുള്ള സംഘത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മുഖ്യമന്ത്രിയായി കെജ്രിവാൾ തന്നെ തുടരുമെന്ന് പാർട്ടി നേതാക്കൾ അറിയിച്ചു.
അതേസമയം, കെജ്രിവാളിനെ ജയിലിൽ ഉപദ്രവിക്കുകയാണെന്ന ആരോപണവുമായി അതിഷി മർലേന രംഗത്തുവന്നു. ഡൽഹിയിൽ കടുത്ത ചൂട് തുടരുന്നതിനിടെ മുഖ്യമന്ത്രിക്ക് കൂളർ നൽകാൻ പോലും ജയിൽ അധികൃതർ തയാറായില്ലെന്ന് അതിഷി പറഞ്ഞു. കൊടുംകുറ്റവാളികൾക്കു പോലും കൂളർ നൽകുമ്പോഴാണ് അസുഖ ബാധിതനായ കെജ്രിവാളിന് ഈ ദുരവസ്ഥ അനുഭവിക്കേണ്ടിവരുന്നതെന്നും അതിഷി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.