കെജ്രിവാൾ ജയിലിൽ കഴിയുമ്പോൾ എ.എ.പിയെ സിസോദിയ നയിക്കും
text_fieldsന്യൂഡൽഹി: ജയിലിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അഭാവത്തിൽ ഡൽഹിയിലും ഹരിയാനയിലും നടക്കുന്ന തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിക്ക് മനീഷ് സിസോദിയ കരുത്തുപകരും. മദ്യനയ അഴിമതിക്കേസിൽ സിസോദിയക്ക് കഴിഞ്ഞ ദിവസം സുപ്രീംകോടതി ജാമ്യം അനുവദിച്ചിരുന്നു.17 മാസത്തെ ജയിൽ വാസത്തിനു ശേഷം വെള്ളിയാഴ്ചയാണ് 52കാരനായ സിസോദിയ തിഹാർ ജയിലിൽ നിന്ന് പുറത്തിറങ്ങിയത്. ഇതേ കേസിൽ പ്രതിചേർക്കപ്പെട്ടാണ് കെജ്രിവാൾ തിഹാർ ജയിലിൽ കഴിയുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ കൂടിയാലോചനക്കായി ഇന്ന് എ.എ.പിയുടെ മുതിർന്ന നേതാക്കൾ യോഗം ചേരുന്നുണ്ട്.വൈകീട്ട് ആറുമണിക്ക് സിസോദിയയുടെ വസതിയിലാണ് യോഗം. ഈ വർഷാവസാനം നടക്കുന്ന ഹരിയാന നിയമസഭ തെരഞ്ഞെടുപ്പിൽ 90 സീറ്റുകളിലും മത്സരിക്കുമെന്ന് എ.എ.പി പ്രഖ്യാപിച്ചിരുന്നു. 70 മണ്ഡലങ്ങളുള്ള ഡൽഹിയിൽ 2025 ലാണ് തെരഞ്ഞെടുപ്പ് നടക്കുക.
ഡൽഹി ഉപമുഖ്യമന്ത്രിയായിരുന്ന സിസോദിയയായിരിക്കും പ്രചാരണങ്ങളിൽ പാർട്ടിക്ക് കരുത്തുപകരുക. സിസോദിയ മന്ത്രിയായിരുന്ന കാലത്ത് ഡൽഹിയിലെ വിദ്യാഭ്യാസ രംഗത്ത് വിപ്ലവാത്മകമായ മാറ്റങ്ങൾ കൊണ്ടുവന്നിരുന്നു. വിദ്യാഭ്യാസം, ധനകാര്യം, വിജിലൻസ് സർവീസ്, വനിത ശിശുക്ഷേമം തുടങ്ങിയ 18 വകുപ്പുകളുടെ ചുമതലയും സിസോദിയക്കായിരുന്നു.ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിൽ പട്പർഗഞ്ച് മണ്ഡലത്തെ പ്രതിനിധീകരിച്ച് മൂന്നുതവണയാണ് സിസോദിയ തെരഞ്ഞെടുക്കപ്പെട്ടത്.
2023 ഫെബ്രുവരി 23നാണ് മദ്യനയക്കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സിസോദിയയെ അറസ്റ്റ് ചെയ്തത്. അറസ്റ്റിനു പിന്നാലെ അദ്ദേഹം മന്ത്രിസ്ഥാനം രാജിവെച്ചു. അറസ്റ്റിലായി ഒന്നര വർഷത്തിന് ശേഷമാണ് സിസോദിയക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്. സി.ബി.ഐയും ഇ.ഡിയും രജിസ്റ്റര്‍ ചെയ്ത ഡല്‍ഹി മദ്യനയക്കേസുളില്‍ വിചാരണ ആരംഭിക്കുന്നതിലെ കാലതാമസം പരിഗണിച്ചാണ് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്. ജസ്റ്റിസുമാരായ ബി.ആർ. ഗവായ്, കെ.വി. വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ചാണ് ജാമ്യഹരജി പരിഗണിച്ചത്.
സിസോദിയക്ക് സമൂഹത്തില്‍ ആഴത്തിൽ ബന്ധങ്ങളുള്ളതിനാല്‍ അദ്ദേഹം ഒളിച്ചോടാന്‍ പോകുന്നില്ലെന്നും 493 സാക്ഷികളുള്ള കേസില്‍ വിചാരണ അടുത്ത കാലത്തൊന്നും അവസാനിക്കാന്‍ പോകുന്നില്ലെന്നും സൂപ്രീംകോടതി ചൂണ്ടിക്കാട്ടി.ഓരോ ആവശ്യങ്ങൾ ചൂണ്ടിക്കാട്ടി കോടതിയെ സമീപിച്ച് സിസോദിയ വിചാരണ അനന്തമായി നീട്ടിക്കൊണ്ട് പോവുകയാണെന്ന വിചാരണ കോടതിയുടെ പരാമര്‍ശത്തെ രൂക്ഷമായി വിമര്‍ശിച്ച സുപ്രീംകോടതി, കേസിന്‍റെ വിചാരണ വേഗത്തില്‍ നടത്താനുള്ള തടവുപുള്ളിയുടെ അവകാശം ലംഘിക്കപ്പെട്ടെന്നും ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.