ബി.ജെ.പിയിൽ ചേരാൻ തന്നെ നിർബന്ധിക്കുന്നു -കെജ്‌രിവാൾ
text_fieldsന്യൂഡൽഹി: തന്നെ ബി.ജെ.പിയിൽ ചേരാൻ നിർബന്ധിക്കുന്നുവെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ഡൽഹി രോഹിണിയിൽ സ്കൂൾ കെട്ടിടത്തിന് തറക്കല്ലിട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അവർക്ക് ഞങ്ങൾക്കെതിരെ എന്ത് ഗൂഢാലോചനയും നടത്താം, പക്ഷേ ഒന്നും സംഭവിക്കില്ല. ഞാൻ അവർക്കെതിരെ ഉറച്ചുനിൽക്കുകയാണ്, ഞാൻ കുമ്പിടാൻ പോകുന്നില്ല. വരൂ ബിജെപിയിൽ ചേരൂ, നിങ്ങളെ വെറുതെ വിടാം എന്ന് അവർ പറയുന്നു. പക്ഷേ ഞാനൊരിക്കലും ചെയ്യില്ല. ഞങ്ങൾ എന്തിന് ബി.ജെ.പിയിൽ ചേരണം, ബി.ജെ.പിയിൽ ചേർന്നാൽ എല്ലാ പാപങ്ങളും പൊറുക്കപ്പെടുന്ന സ്ഥിതിയാണെന്നും കെജ്‌രിവാൾ പറഞ്ഞു.
രാജ്യതലസ്ഥാനത്തെ സ്‌കൂളുകളും ആശുപത്രികളും മെച്ചപ്പെടുത്താനാണ് തങ്ങൾ പ്രവർത്തിക്കുന്നതെന്നും അതിൽ എന്താണ് തെറ്റെന്നും മുഖ്യമന്ത്രി ചോദിച്ചു.
ഞങ്ങൾ എന്തെങ്കിലും തെറ്റ് ചെയ്തിരുന്നെങ്കിൽ, കേസുകൾ അവസാനിപ്പിച്ച മറ്റുള്ളവരെപ്പോലെ ഞങ്ങളും ബി.ജെ.പിയിൽ ചേരുമായിരുന്നു. തെറ്റൊന്നും ചെയ്യാത്തപ്പോൾ ഞങ്ങൾ എന്തിന് ബി.ജെ.പിയിൽ ചേരണം? ഞങ്ങൾക്കെതിരെ ചുമത്തിയ എല്ലാ കേസുകളും കള്ളമാണ്. ഇന്നല്ലെങ്കിൽ നാളെ, എല്ലാ കേസുകളും അവസാനിക്കും -പിന്നീട് അദ്ദേഹം എക്സിൽ ഹിന്ദിയിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ പറഞ്ഞു.
നേരത്തെ, മദ്യനയ അഴിമതി കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻഅഞ്ചാമതും സമൻസ് അയച്ചിട്ടും ഇ.ഡിക്ക് മുമ്പിൽ കെജ്‌രിവാൾ ഹാജരായിരുന്നില്ല. സമൻസ് നിയമവിരുദ്ധമാണെന്നാണ് അദ്ദേഹം ആരോപിക്കുന്നത്. കെജ്‌രിവാളിനെ അറസ്റ്റ് ചെയ്യാനാണ് നരേന്ദ്ര മോദിയുടെ നീക്കമെന്ന് ആം ആദ്മി പാർട്ടി കുറ്റപ്പെടുത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.