വേദനാജനകം; ജയിലിലേക്ക് മടങ്ങുംമുമ്പ് രോഗിയായ ഭാര്യയെ സിസോദിയ ആലിംഗനം ചെയ്യുന്ന ചിത്രം പങ്കുവെച്ച് കെജ്രിവാൾ
text_fieldsന്യൂഡൽഹി: ഡൽഹി ഉപമുഖ്യമന്ത്രിയും എ.എ.പി മുതിർന്ന നേതാവുമായിരുന്ന മനീഷ് സിസോദിയ ജയിലിലേക്ക് മടങ്ങുന്നതിന് തൊട്ടുമുമ്പ്രോഗിയായ ഭാര്യയെ ആലിംഗനം ചെയ്യുന്ന ചിത്രം പങ്കുവെച്ച് മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ. ''വേദനിപ്പിക്കുന്ന ചിത്രം...രാജ്യത്തെ ദരിദ്രരായ കുട്ടികളുടെ ഉന്നമതിക്കായി പ്രവർത്തിച്ച ഒരു മനുഷ്യനോടുള്ള അനീതി കാണിക്കുന്നത് ശരിയാണോ''-എന്നാണ് കെജ്രിവാൾ എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചത്.
മദ്യനയക്കേസിൽ ജയിലിൽ കഴിയുന്ന സിസോദിയക്ക് വീട്ടിലെത്തി ഭാര്യയെ കാണാൻ ഡൽഹി കോടതി ശനിയാഴ്ച അനുമതി നൽകിയിരുന്നു. ഡൽഹിയിലെ മുൻ വിദ്യാഭ്യാസ മന്ത്രി കൂടിയായ സിസോദിയക്ക് ശനിയാഴ്ച രാവിലെ 10 മുതൽ വൈകീട്ട് അഞ്ചുവരെയാണ് ഭാര്യയെ കാണാൻ കോടതി അനുമതി നൽകിയത്.
രാവിലെ 10 മണിയോടെയാണ് കനത്ത പൊലീസ് സുരക്ഷയിൽ സിസോദിയ വാനിൽ വന്നിറങ്ങിയത്. ദീപാവലിയോടനുബന്ധിച്ചാണ് സന്ദർശനമെന്നതിനാൽ വീട്ടിലെത്തിയ ഉടൻ സിസോദിയ ദീപങ്ങൾ തെളിയിച്ചു. വസതിക്കു പുറത്ത് മാധ്യമപ്രവർത്തകർ കൂട്ടമായുണ്ടായിരുന്നെങ്കിൽ കോടതി വിലക്കിയതിനാൽ സിസോദിയ അവരോട് പ്രതികരിച്ചില്ല.
കൂടാതെ സന്ദർശനത്തിനിടെ ഒരുതരത്തിലുള്ള രാഷ്ട്രീയ പ്രവർത്തനങ്ങൾ പാടില്ലെന്നും കോടതി ഉത്തരവിട്ടിരുന്നു. മുമ്പും ഭാര്യയെ കാണാൻ സിസോദിയയെ അനുവദിച്ചിരുന്നു. എന്നാൽ സിസോദിയ എത്തുംമുമ്പേ ആരോഗ്യനില വഷളായ സീമയെ ആശുപത്രിയിലേക്ക് കൊണ്ടുപോയതിനാൽ കാണാനായില്ല. ഓട്ടോഇമ്യൂണ്‍ ഡിസോഡര്‍, മള്‍ട്ടിപ്പിള്‍ സ്‌ക്ലീറോസിസ് എന്നീ അസുഖങ്ങളുള്ള തന്റെ ഭാര്യയെ കാണാന്‍ അഞ്ചു ദിവസത്തേക്ക് അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് വ്യാഴാഴ്ചയാണ് സിസോദിയ കോടതിയെ സമീപിച്ചത്.
ഫെബ്രുവരിയിലാണ് സിസോദിയയെ മദ്യനയ അഴിമതിക്കേസിൽ അറസ്റ്റ് ചെയ്തത്. കേസുമായി ബന്ധപ്പെട്ട് സിസോദിയ സമർപ്പിച്ച എല്ലാ ജാമ്യ ഹരജിയും തള്ളിയിരുന്നു. ഇനി മൂന്ന് മാസത്തിന് ശേഷം സിസോദിയക്ക് ജാമ്യത്തിനായി ഹരജി നൽകാൻ സാധിക്കുകയുള്ളൂവെന്നും സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. ഇതേ കേസുമായി ബന്ധപ്പെട്ട് അരവിന്ദ് കെജ്‌രിവാളിന് ഇ.ഡി സമൻസ് അയച്ചെങ്കിലും കെജ്‌രിവാൾ ഇത് പാലിക്കാത്തതിനാൽ സമൻസ് പിൻവലിക്കാൻ ഏജൻസിയോട് ആവശ്യപ്പെട്ടു. നവംബർ രണ്ടിനാണ് ഇ.ഡിക്ക് മുന്നിൽ ഹാജരാകാൻ കെജ്രിവാളിനോട് ആവശ്യപ്പെട്ടത്. അതിനു ശേഷം പുതിയ സമൻസുകളൊന്നും ഇ.ഡി അയച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.