‘ഇടക്കാല ജാമ്യം ലഭിച്ചാൽ കെജ്രിവാൾ മുഖ്യമന്ത്രിയുടെ ചുമതല വഹിക്കരുത്’
text_fieldsന്യൂഡൽഹി: മദ്യനയക്കേസിൽ തിഹാർ ജയിലിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഇടക്കാല ജാമ്യ ഹരജിയിൽ ചൊവ്വാഴ്ച സുപ്രീംകോടതി വിധി പറഞ്ഞില്ല. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദിപാങ്കര്‍ ദത്ത എന്നിവരടങ്ങിയ ബെഞ്ചാണ് വാദം കേട്ടത്. ഹരജിയിൽ വ്യാഴാഴ്ച അന്തിമ തീരുമാനം എടുക്കാമോ എന്നു പരിശോധിക്കാമെന്നും അല്ലെങ്കിൽ അടുത്തയാഴ്ച സമയം അനുവദിക്കാമെന്നും ബെഞ്ച് വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മാത്രമാണ് ഇടക്കാല ജാമ്യാപേക്ഷ പരിഗണിക്കുന്നതെന്നും ജാമ്യം ലഭിക്കുകയാണെങ്കിൽ ഔദ്യോഗിക ചുമതല നിര്‍വഹിക്കരുതെന്നും വാദം കേൾക്കുന്നതിനിടെ ബെഞ്ച് അറിയിച്ചു. എന്നാൽ, ഈ ഉപാധി കെജ്രിവാളിന്റെ അഭിഭാഷകൻ അഭിഷേക് മനു സിങ്വി എതിർത്തപ്പോൾ മദ്യനയക്കേസിനെ ബാധിക്കാമെന്നതിനാലാണ് ഉപാധിയെക്കുറിച്ച് ആലോചിക്കേണ്ടി വരുന്നതെന്ന് കോടതി അറിയിച്ചു. തെരഞ്ഞെടുപ്പ് ഘട്ടമായതിനാൽ മാത്രമാണ് ഇടക്കാല ജാമ്യത്തെക്കുറിച്ച് ആലോചിക്കുക പോലും ചെയ്യുന്നത്. അല്ലെങ്കിൽ അറസ്റ്റിനെതിരായ കെജ്രിവാളിന്റെ ഹരജി പരിഗണിക്കുന്നതുമായി മുന്നോട്ടുപോകും. അങ്ങനെവന്നാൽ ഇടക്കാല ആശ്വാസം കെജ്രിവാളിന് ലഭിക്കണമെന്നില്ലെന്നും വാദം കോടതിയുടെ വേനലവധിക്ക് ശേഷവും നീണ്ടുപോകാമെന്നും ബെഞ്ച് സൂചിപ്പിച്ചു.
ഇടക്കാല ജാമ്യം അനുവദിക്കരുതെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനുവേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ബോധിപ്പിച്ചു. നിയമത്തിന് മുന്നിൽ മുഖ്യമന്ത്രിയും സാധാരണ പൗരനും വ്യത്യാസമില്ല. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ പേരില്‍ ജാമ്യം അനുവദിക്കുന്നത് ശരിയല്ല. കെജ്രിവാൾ അഴിമതി നടത്തിയ വ്യക്തിയാണ്. തെരഞ്ഞെടുപ്പ് ചൂണ്ടിക്കാട്ടി കെജ്രിവാളിന് ജാമ്യം നല്കിയാല്, മറ്റുള്ളവരും ഈ ആവശ്യവുമായി എത്തുമെന്നും സോളിസിറ്റർ ജനറൽ പറഞ്ഞു.
മാർച്ച് 21നാണ് കെജ്രിവാളിനെ ഇ.ഡി അറസ്റ്റ് ചെയ്തത്.
ജുഡീഷല്‍ കസ്റ്റഡി 20 വരെ നീട്ടി
ന്യൂഡല്‍ഹി: മദ്യനയക്കേസിൽ തിഹാർ ജയിലിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ജുഡീഷല്‍ കസ്റ്റഡി കാലാവധി മേയ് 20 വരെ നീട്ടി. റൗസ് അവന്യു കോടതി പ്രത്യേക ജഡ്ജി കവേരി ബവേജയാണ് ജുഡീഷ്യല്‍ കസ്റ്റഡി കാലാവധി നീട്ടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.