‘21 ദിവസത്തിൽ ഒരു നിമിഷം പോലും പാഴാക്കിയില്ല, എക്സിറ്റ് പോളുകൾ കളവ്’; ജയിലിലേക്ക് തിരിച്ചെത്തി കെജ്രിവാൾ
text_fieldsന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടവും പൂർത്തിയായതോടെ, ജാമ്യകാലാവധി കഴിഞ്ഞ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ തിഹാർ ജയിലിലേക്ക് തിരിച്ചെത്തി. രാജ്ഘട്ടിലെ ഗാന്ധിസ്മാരകവും കൊണാട്ട് പ്ലേസിലെ ഹനുമാൻ ക്ഷേത്രവും പാർട്ടി ആസ്ഥാനവും സന്ദർശിച്ച ശേഷമാണ് കെജ്രിവാൾ ജയിലിൽ കീഴടങ്ങിയത്. പാർട്ടി ആസ്ഥാനത്ത് പ്രവർത്തകരെ സംബോധന ചെയ്യുന്നതിനിടെ ഇടക്കാല ജാമ്യം അനുവദിച്ച സുപ്രീംകോടതിക്ക് കെജ്രിവാൾ നന്ദി പറഞ്ഞു.
“21 ദിവസത്തിൽ ഒരു നിമിഷം പോലും ഞാൻ പാഴാക്കിയില്ല. രാജ്യത്തെ രക്ഷിക്കാനാണ് ഞാൻ പ്രചാരണത്തിൽ പങ്കാളിയായത്. ആ നിലയിൽ എ.എ.പി പോലും എനിക്ക് രണ്ടാമതാണ്. എനിക്കെതിരെ ഒരു തെളിവുമില്ലെന്ന് പ്രധാനമന്ത്രി മോദി സമ്മതിച്ചതാണ് പ്രചാരണകാലത്തെ ഏറ്റവും വലിയ നേട്ടം. കേന്ദ്രസർക്കാർ ഏകാധിപത്യ ഭരണമാണ് നടത്തുന്നത്. വലിയ ഭൂരിപക്ഷത്തിൽ അധികാരത്തിലേറിയ സർക്കാരിനെ നയിക്കുന്ന മുഖ്യമന്ത്രിയെയാണ് ഒരു തെളിവുമില്ലാതെ അവർ തുറുങ്കിലടക്കുന്നത്.
കെജ്രിവാളിനെ ജയിലിലിട്ടാൽ ആരെയും ജയിലിലാക്കാം എന്നതാണ് അവർ നൽകുന്ന സന്ദേശം. എനിക്ക് അഴിമതിയിൽ പങ്കുള്ളതുകൊണ്ടല്ല ജയിലിൽ പോകുന്നത്. ഏകാധിപത്യത്തിനെതിരെ ശബ്ദമുയർത്തിയതുകൊണ്ടാണ്. ഇനി എപ്പോൾ പുറത്തുവരാനാകുമെന്ന് അറിയില്ല. അഞ്ഞൂറിലേറെ ഇടങ്ങളിൽ പരിശോധന നടത്തിയിട്ടും എനിക്കെതിരെ ഒന്നും കണ്ടെത്താനായിട്ടില്ല. അഴിമതിപ്പണം എവിടെയെന്ന് മോദി പറയണം.
തെരഞ്ഞെടുപ്പിൽ ബി.ജെ.പി ജയിക്കുമെന്ന എക്സിറ്റ് പോളുകൾ കളവാണ്. ഒരു എക്സിറ്റ് പോളിൽ രാജസ്ഥാനിൽ ബി.ജെ.പി 33 സീറ്റു നേടുമെന്ന് പറയുന്നു. അവിടെ ആകെ 25 സീറ്റുകൾ മാത്രമേയുള്ളൂ. എന്തിനാണവർ ഫലം വരാൻ മൂന്ന് ദിവസം ശേഷിക്കെ ഇത്തരം തെറ്റായ വിവരങ്ങൾ പുറത്തുവിടുന്നത്. വോട്ടിങ് യന്ത്രത്തിൽ തിരിമറി നടത്താൻ പോലും സാധ്യതയുണ്ട്. ജൂൺ നാലിന് കൗണ്ടിങ് ഏജന്റുമാർ പ്രത്യേകം ശ്രദ്ധിക്കണം. വോട്ടുകൾ വിവിപാറ്റുമായി ഒത്തുനോക്കണം” -കെജ്രിവാൾ പറഞ്ഞു.
മേയ് 10നാണ് കെജ്രിവാളിന് തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കാനായി സുപ്രീംകോടതി 21 ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ചത്. ആരോഗ്യനില പരിഗണിച്ച് ജാമ്യകാലാവധി നീട്ടണമെന്ന കെജ്രിവാളിന്റെ ഹരജി കോടതി പരിഗണിച്ചില്ല. സ്ഥിര ജാമ്യത്തിനായി കെജ്രിവാൾ നൽകിയ ഹരജിയിൽ ഡൽഹി റോസ് അവന്യു കോടതി ജൂൺ അഞ്ചിന് തുടർവാദം കേൾക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.