‘ചിരിച്ചോളൂ, നിങ്ങളുടെ നേതാവിനെക്കുറിച്ചല്ല’ -നാലാം ക്ലാസ് രാജാവിന്‍റെ കഥപറഞ്ഞ് കെജ്രിവാൾ
text_fieldsന്യൂഡൽഹി: സി.ബി.ഐ ചോദ്യം ചെയ്യൽ നേരിട്ടതിനു പിന്നാലെ നടന്ന ഡൽഹി നിയമസഭയുടെ പ്രത്യേക സമ്മേളനത്തിൽ നാലാം ക്ലാസ് വരെ മാത്രം പഠിച്ച രാജാവിന്‍റെയും കുറെ സുഹൃത്തുക്കളുടെയും കഥപറഞ്ഞ് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ‘നിങ്ങളും ചിരിച്ചോളൂ, നിങ്ങളുടെ നേതാവിനെക്കുറിച്ചല്ല’ എന്ന് ബി.ജെ.പി അംഗങ്ങളുടെ നേരെ നോക്കി പറഞ്ഞു കൊണ്ടാണ് കെജ്രിവാൾ കഥയിലേക്ക് കടന്നത്.
ഈ സഭയിൽ ഒരു കഥ പറയാം. കഥയുടെ പേര്: നാലാം ക്ലാസ് പാസായ രാജാവ്. രാജാവിന്‍റെയും റാണിയുടെയും ഒരുപാട് കഥകൾ നിങ്ങൾ കേട്ടിട്ടുണ്ടാവും. ഈ കഥയിൽ രാജാവ് മാത്രമേയുള്ളൂ; രാജ്ഞിയില്ല. രാജാവിന് വിദ്യാഭ്യാസമില്ല. നാലാം ക്ലാസ് വരെയേ പഠിച്ചിട്ടുള്ളൂ. അഹന്ത അങ്ങേയറ്റം. പണത്തിന് അത്യാർത്തി. വലിയ അഴിമതിക്കാരൻ.
ആയിരക്കണക്കിന് വർഷം പഴക്കമുള്ള വലിയൊരു രാജ്യത്തിന്‍റെ കഥയാണിത്. ആ രാജ്യത്ത് ഒരു ദരിദ്ര കുടുംബത്തിലൊരു ആൺകുട്ടി പിറന്നു. ജ്യോതിഷി മാതാവിനോട് പറഞ്ഞു: മകൻ ഒരു നാൾ വലിയ രാജാവാകും. മാതാവ് അതു വിശ്വസിച്ചില്ല. എന്‍റെ മകൻ എങ്ങനെ രാജാവാകും, ഞങ്ങൾ പാവപ്പെട്ടവരല്ലേ? -മാതാവ് ചോദിച്ചു.
കുട്ടി വളർന്നു. തൊട്ടടുത്ത ഗ്രാമത്തിലെ സ്കൂളിൽ പഠിക്കാൻ പോകും. പക്ഷേ, പഠിക്കാൻ താൽപര്യമുണ്ടായിരുന്നില്ല. എങ്കിലും നാലാം ക്ലാസ് വരെ പഠിച്ചു. അതോടെ സ്കൂളും വിട്ടു. പഠനവും തീർന്നു. ഗ്രാമത്തിനടുത്ത് ഒരു റെയിൽവേ സ്റ്റേഷൻ ഉണ്ടായിരുന്നു. കുടുംബം പോറ്റാൻ അവിടെ ആ കുട്ടി ചായ വിൽക്കുമായിരുന്നു. പ്രസംഗിക്കാൻ അവന് ഒരുപാട് ഇഷ്ടമായിരുന്നു. മറ്റുള്ള കുട്ടികളെ വിളിച്ചുകൂട്ടി അവർക്ക് മുന്നിൽ പ്രസംഗിക്കും. തുടങ്ങിയാൽ നിർത്തില്ല.
ജ്യോതിഷി പറഞ്ഞപോലെ അവൻ രാജാവായി. പക്ഷേ, അവന് വിവരവും വിദ്യാഭ്യാസവുമില്ല. മറ്റുള്ളവർ മുന്നിൽ വന്നു നിന്ന് ഇംഗ്ലീഷ് പറയും. അത് ഒരു ചെവി കടന്ന് മറ്റേ ചെവിയിലൂടെ പോയതല്ലാതെ അയാൾക്ക് ഒന്നും മനസിലായില്ല. ഉദ്യോഗസ്ഥർ ഏതു രേഖ കൊണ്ടുചെന്നാലും അതിൽ ഒപ്പിട്ട് അംഗീകരിക്കും. വിശദീകരണം എന്തെങ്കിലും ചോദിക്കാൻ വിദ്യാഭ്യാസമില്ലാത്ത അയാൾക്ക് നാണക്കേട് തോന്നി.
പിന്നെപ്പിന്നെ രാജാവ് അറിഞ്ഞു. തന്നെ എല്ലാവരും നാലാം ക്ലാസ് രാജ എന്ന് വിളിക്കുന്നു. അദ്ദേഹം എന്തു ചെയ്തെന്നോ? വ്യാജ ഡിഗ്രി സമ്പാദിച്ചു. എന്നിട്ട് പറയാൻ തുടങ്ങി, ഞാൻ എം.എക്കാരനാണ്. ജനം ചിന്തിച്ചു. നാലാം ക്ലാസുകാരന് എങ്ങനെ പെട്ടെന്ന് എം.എ എടുക്കാൻ പറ്റും? വിവരാവകാശ നിയമപ്രകാരം അവർ സത്യം ചോദിച്ചു. പക്ഷേ, ഡിഗ്രിയെക്കുറിച്ച് സംശയം ചോദിച്ചവർക്കെല്ലാം കിട്ടി 25,000 രൂപ പിഴ.
ഒരിക്കൽ ഒരുസംഘം ആളുകൾ രാജാവിനെ ചെന്നു കണ്ടു. വലിയൊരാശയം തങ്ങൾക്കുണ്ടെന്ന് പറഞ്ഞു. 500ന്‍റെയും ആയിരത്തിന്‍റെയും കറൻസി അസാധുവാക്കണം. അതോടെ രാജ്യത്തെ അഴിമതി അവസാനിക്കും. കേട്ടിരുന്ന രാജാവിന് ഒന്നും മനസ്സിലായില്ല. പക്ഷേ, ഒരു ദിവസം രാത്രി എട്ടു മണിക്ക് ടി.വിയിൽ രാജാവ് പ്രത്യക്ഷപ്പെട്ടു. നോട്ട് അസാധുവാക്കൽ പ്രഖ്യാപിച്ചു. രാജ്യമെമ്പാടും ജനം വലഞ്ഞു. പക്ഷേ, ഭീകരതയും പോയില്ല, അഴിമതിയും പോയില്ല. നാലാം ക്ലാസ് രാജ രാജ്യമാകെ നശിപ്പിച്ചു.
ഇതേപോലെ വേറൊരു കൂട്ടമാളുകളുടെ കെണിയിലും രാജാവ് വീണു. മൂന്ന് കരിനിയമങ്ങളിൽ ഒപ്പുവെച്ചു. കാർഷിക നിയമങ്ങൾക്കെതിരെ കർഷകർ തെരുവിലിറങ്ങി. 750 പേരെങ്കിലും മരിച്ചു. വിദ്യാഭ്യാസമില്ലാത്ത രാജാവുമൂലം രാജ്യത്ത് പ്രശ്നങ്ങൾ പെരുകി. രാജാവും കൂട്ടുകാരും ചേർന്ന് രാജ്യം മുഴുവൻ കൊള്ളയടിച്ചു.
എത്രകാലം ഇങ്ങനെ പോകുമെന്ന് ഒരിക്കൽ രാജാവ് ശങ്കിച്ചു. പെട്ടെന്ന് പണമുണ്ടാക്കാൻ തുടങ്ങണമെന്നായി ചിന്ത. കൂട്ടുകാരിൽ ഒരാളെ വിളിച്ചു. എല്ലാറ്റിന്‍റെയും ടെൻഡർ സംഘടിപ്പിച്ചു തരാമെന്നു പറഞ്ഞു. എല്ലാം നിന്‍റെ പേരിൽ, പണം എന്‍റെ പേരിൽ. 10 ശതമാനം നിനക്ക്, ബാക്കി എനിക്ക്. രണ്ടു പേരും ചേർന്ന് കൊള്ളയടിച്ചു. ആദ്യം ബാങ്ക്. ബാങ്ക് ചെയർമാനെ വിളിച്ച് കൂട്ടുകാരന് 10,000 കോടി രൂപ കൊടുക്കാൻ പറഞ്ഞു. ചെയ്തില്ലെങ്കിൽ അയാൾക്കെതിരെ ഫയലുണ്ടാക്കും, ജയിലിൽ അടക്കുമെന്ന് പറഞ്ഞു. അങ്ങനെയങ്ങനെ ബാങ്കുകളിൽനിന്ന് രാജാവും കൂട്ടുകാരും ചേർന്ന് രണ്ടര ലക്ഷം കോടി തട്ടി.
രാജ്യം തന്നെ വാങ്ങാനുറച്ച മട്ടിലായിരുന്നു രാജാവും കൂട്ടുകാരും. ആറ് വിമാനത്താവളങ്ങൾ വാങ്ങി. കൽക്കരി ഖനി, തുറമുഖം, വൈദ്യുതി കമ്പനികൾ, വൈദ്യുതി ചാർജ് കൂട്ടി. അങ്ങനെയെല്ലാമായപ്പോൾ വലിയ വിലക്കയറ്റം. പെട്രോളിനും പാലിനും ഗ്യാസ് സിലിണ്ടറിനുമെല്ലാം കൂടി. ജനം ഒച്ചവെക്കാൻ തുടങ്ങി. തനിക്കെതിരെ പറയുന്ന എല്ലാവരെയും അറസ്റ്റു ചെയ്യാൻ രാജാവ് ഉത്തരവിട്ടു. കാർട്ടൂണിസ്റ്റു മുതൽ ജേണലിസ്റ്റുവരെ അറസ്റ്റിലായി.
ആ രാജ്യത്ത് ചെറിയൊരു സംസ്ഥാനവും അവിടെയൊരു മുഖ്യമന്ത്രിയും ഉണ്ടായിരുന്നു. മുഖ്യമന്ത്രി വളരെ സത്യസന്ധനായിരുന്നു. ദേശഭക്തനായിരുന്നു. സർവോപരി, വിദ്യാഭ്യാസവുമുണ്ടായിരുന്നു. അയാൾ ജനങ്ങളുടെ കാര്യങ്ങളിൽ ശ്രദ്ധിച്ചു. അവരെ സഹായിച്ചു. വൈദ്യുതി സൗജന്യമാക്കി. അന്നേരം രാജാവ് ഭീഷണി മുഴക്കി. കാരണം, എല്ലാ വൈദ്യുതി കമ്പനികളും അയാൾ പിടിച്ചെടുത്തിരുന്നു. വൈദ്യുതി സൗജന്യമാക്കിയാൽ ബിസിനസ് തകരുമെന്ന് അയാൾ ഭയന്നു.
ഒടുവിൽ രാജാവിനെ ജനങ്ങൾക്ക് മനസ്സിലായി. അവർ രാജാവിനെ പുറത്താക്കി. സത്യസന്ധനായ ദേശഭക്തനെ തെരഞ്ഞെടുത്തു. അയാൾ തന്‍റെ സർക്കാറുണ്ടാക്കി. അങ്ങനെ രാജ്യം ഒന്നാമതെത്തി. ഇത്രയും പറഞ്ഞ ശേഷം കെജ്രിവാൾ കൂട്ടിച്ചേർത്തു: ഈ കഥയുടെ സാരാംശം ഇതാണ്. രാജ്യത്ത് എല്ലാം തെറ്റാണെന്ന് നിങ്ങൾക്ക് തോന്നിയാൽ രാജാവിന് വിദ്യാഭ്യാസമുണ്ടോ എന്ന് നോക്കുക. രാജാവിന്‍റെ സുഹൃത്തുക്കൾ എങ്ങനെയുള്ളവരാണെന്ന് നോക്കുക. അല്ലെങ്കിൽ നിങ്ങളുടെ പ്രശ്നങ്ങൾക്ക് ഒരു പരിഹാരവുമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.