'സൗജന്യങ്ങൾ' ആയുധമാക്കി കെജ്രിവാൾ ഗുജറാത്തിൽ
text_fieldsന്യൂഡൽഹി: രാജ്യത്തെ ജനങ്ങൾക്ക് 'സൗജന്യങ്ങൾ' നൽകുന്നതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പരാമർശം തെരഞ്ഞെടുപ്പ് പ്രചാരണ ആയുധമാക്കി ആം ആദ്മി പാർട്ടി. നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ചൊവ്വാഴ്ച ഗുജറാത്തിലെത്തിയ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ഗുജറാത്തുകാർക്ക് സൗജന്യ വിദ്യാഭ്യാസവും ആരോഗ്യപരിരക്ഷയും വാഗ്ദാനം ചെയ്തു.
ആം ആദ്മി പാർട്ടി ഗുജറാത്തിൽ അധികാരത്തിലെത്തിയാൽ സംസ്ഥാനത്ത് എല്ലാവർക്കും സൗജന്യവും ഗുണനിലവാരമുള്ളതുമായ വിദ്യാഭ്യാസം ലഭിക്കും. രക്ഷിതാക്കൾക്ക് പണമുണ്ടെങ്കിൽ അവർക്ക് അവരുടെ കുട്ടികളെ സ്വകാര്യ സ്‌കൂളുകളിൽ അയക്കാം. പക്ഷേ, പണമില്ലാത്തവർക്ക് അവരുടെ കുട്ടികൾക്ക് നല്ല വിദ്യാഭ്യാസം ലഭ്യമാവാത്ത അവസ്ഥ വരാൻ അനുവദിക്കില്ല-കെജ്രിവാൾ പറഞ്ഞു. സൗജന്യ വിദ്യാഭ്യാസവും ആരോഗ്യപരിരക്ഷയും രാജ്യത്തെ ദാരിദ്ര്യം ഇല്ലാതാക്കാനാകുമെന്ന് മോദിക്ക് മറുപടിയായി തിങ്കളാഴ്ച ഡൽഹിയിൽ നടന്ന സ്വതന്ത്ര്യദിനാഘോഷ ചടങ്ങിൽ കെജ്രിവാൾ പറഞ്ഞിരുന്നു.
രാജ്യം സ്വാശ്രയമാകുന്നതിന് സൗജന്യങ്ങൾ തടസ്സമാണെന്നും നികുതിദായകരുടെ മേലുള്ള ഭാരം വർധിപ്പിക്കുമെന്നും മോദി പറഞ്ഞിരുന്നു. പണക്കാരായ സുഹൃത്തുക്കളുടെ വായ്പകൾ എഴുതിത്തള്ളുകയും പാവങ്ങളിൽ പാവങ്ങളായവരിൽ നിന്നും യാചകരിൽ നിന്നും വരെ നികുതി ഈടാക്കുന്നുവെന്നും കഴിഞ്ഞ ദിവസം കെജ്രിവാൾ തിരിച്ചടിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.