നോട്ട് അസാധുവാക്കല്‍: ധവളപത്രം പുറപ്പെടുവിക്കണമെന്ന് കെജ്രിവാള്‍
text_fieldsന്യൂഡല്‍ഹി: നോട്ട് അസാധുവാക്കിയതിനെക്കുറിച്ച് ധവളപത്രം ഇറക്കണമെന്ന ആവശ്യവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. നരേന്ദ്ര മോദി പ്രധാനമന്ത്രിയുടെ ഓഫിസിന്‍െറ സല്‍പേര് അന്താരാഷ്ട്ര സമൂഹത്തില്‍ പോലും കളങ്കപ്പെടുത്തിയെന്നും രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിയാണ് നോട്ട് അസാധുവാക്കലെന്നും കെജ്രിവാള്‍ ആരോപിച്ചു. മുഖ്യമന്ത്രിയുടെ വസതിയില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്തസമ്മേളനത്തിലാണ് കെജ്രിവാള്‍ മോദിക്കും കേന്ദ്ര സര്‍ക്കാറിനുമെതിരെ ആഞ്ഞടിച്ചത്.
പുതുവര്‍ഷത്തിന്‍െറ തലേന്ന് മോദി രാജ്യത്തോട് നടത്തിയ പ്രസംഗം ഏറ്റവും വലിയ നാണക്കേടാണ്. പൊള്ളയായ വാക്കുകളാണ് മോദിയുടെ പ്രസംഗത്തില്‍ നിറഞ്ഞുനിന്നത്. അഴിമതി തുടച്ചുനീക്കും, കള്ളപ്പണം പുറത്തുകൊണ്ടുവരും, ഭീകരവാദം ഇല്ലാതാക്കും, വ്യാജ കറന്‍സി നിര്‍മാര്‍ജനം ചെയ്യും എന്നീ നാലു കാര്യങ്ങള്‍ നടപ്പില്‍വരുമെന്നു പറഞ്ഞാണ് മോദി നോട്ടുകള്‍ അസാധുവാക്കിയത്. എന്നാല്‍, ഇതിലൊന്നുപോലും നടപ്പായില്ല. അഴിമതി വ്യാപകമായി. ഭീകരവാദത്തിന് ഒരു കുറവുമില്ല. രണ്ടായിരത്തിന്‍െറ വ്യാജ നോട്ടുകള്‍ മാര്‍ക്കറ്റില്‍ സുലഭമായി.
പണം മാറ്റിക്കൊടുക്കുന്ന റാക്കറ്റ് ബി.ജെ.പിയുടെ കീഴിലുണ്ട്. രാജ്യത്തെ സാധാരണക്കാരായ ജനങ്ങളുടെ ജീവിതം ദുരിതത്തിലാക്കാനേ ഈ നടപടി സഹായിച്ചുള്ളൂ. നൂറിലേറെ പേര്‍ക്കാണ് ക്യൂവില്‍നിന്ന് ജീവന്‍ പോയത്. അതേസമയം, നോട്ട് അസാധുവാക്കലിന്‍െറ ഏറ്റവും വലിയ ഗുണഭോക്താവായി പേടിഎം എന്ന കമ്പനി മാറുകയും ചെയ്തു. അന്താരാഷ്ട്ര സമൂഹത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി അപഹാസ്യ കഥാപാത്രമായി മാറി. മന്‍മോഹന്‍ സിങ്ങിനെപ്പോലുള്ളവര്‍ ആദരവ് ഏറ്റുവാങ്ങിയ പ്രധാനമന്ത്രിപദത്തെ നരേന്ദ്ര മോദി ലോകത്തിന്‍െറ മുന്നില്‍ അപകീര്‍ത്തിപ്പെടുത്തിയതായി കെജ്രിവാള്‍ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.