കെജ്‌രിവാളിന്‍റെ അറസ്റ്റ്; ഡൽഹിയിൽ എ.എ.പിയുടെ ഉപവാസം ഇന്ന്
text_fieldsഡൽഹി: ആം ആദ്മി പാർട്ടി (എ.എ.പി) അധ്യക്ഷനും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളിന്‍റെ അറസ്റ്റിൽ പ്രതിഷേധിച്ച് എ.എ.പി ഇന്ന് ഉപവാസം ആചരിക്കും. ഡൽഹിയിലെ ജന്തർ മന്തറിലും പഞ്ചാബിലെ ഖത്കർ കാലാനിലും പാർട്ടി നേതാക്കളും പ്രവർത്തകരും കൂട്ട നിരാഹാരം അനുഷ്ഠിക്കുമെന്ന് എ.എ.പി നേതാവ് ഗോപാൽ റായ് അറിയിച്ചു.
“ഇന്ത്യയിലെ 25 സംസ്ഥാനങ്ങളിലും ന്യൂയോർക്ക്, ബോസ്റ്റൺ, ടൊറന്‍റോ, വാഷിങ്ടൺ ഡിസി, മെൽബൺ, ലണ്ടൻ എന്നിവയുൾപ്പെടെയുള്ള പ്രധാന അന്താരാഷ്ട്ര കേന്ദ്രങ്ങളിലും ഒരേസമയം ഉപവാസം അനുഷ്ഠിച്ച് പ്രവർത്തകർ കെജ്‌രിവാളിന് പിന്തുണ അറിയിക്കും” -റായ് പത്രസമ്മേളനത്തിൽ പറഞ്ഞു.
കെജ്‌രിവാളിന്‍റെ അറസ്റ്റിനെ എതിർക്കുന്നവരും രാജ്യത്തിന്‍റെ ജനാധിപത്യം സംരക്ഷിക്കാൻ ആഗ്രഹിക്കുന്നവരും വിവിധ സ്ഥലങ്ങളിൽ കൂട്ട ഉപവാസത്തിൽ പങ്കെടുക്കാൻ റായ് അഭ്യർഥിച്ചു. ജയിലിൽ നിന്ന് സ്വേച്ഛാധിപത്യത്തിനെതിരെ പോരാടാൻ കെജ്‌രിവാളിന് ശക്തി ലഭിക്കാൻ ഒരുമിച്ച് പ്രാർഥിക്കുമെന്നും സത്യം വെളിച്ചത്ത് കൊണ്ടുവരാൻ പോരാടാമെന്നും അദ്ദേഹം പറഞ്ഞു.
എക്സൈസ് നയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അരവിന്ദ് കെജ്‌രിവാളിനെ ഇ.ഡി കഴിഞ്ഞ മാസമാണ് അറസ്റ്റ് ചെയ്തത്. അദ്ദേഹത്തെ ഏപ്രിൽ 15 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.