ഖലിസ്ഥാൻ പ്രധാനമന്ത്രിയാകുക എന്ന കെജ്‌രിവാളിന്റെ ആഗ്രഹം സ്വപ്‌നം മാത്രമാകും - കേന്ദ്രമന്ത്രി താക്കൂർ
text_fieldsഡൽഹി മുഖ്യമന്ത്രിയും, ആം ആദ്മി പാർട്ടി ദേശീയ കൺവീനറുമായ അരവിന്ദ് കെജ്‌രിവാൾ ഖലിസ്ഥാൻ പ്രധാനമന്ത്രിയാകാൻ ആഗ്രഹിക്കുന്നുവെന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ ആരോപിച്ചു.
പഞ്ചാബിലെ ബി.ജെ.പി സ്ഥാനാർത്ഥിക്ക് വേണ്ടി ജലന്ധറിൽ നടന്ന റാലിയെ അഭിസംബോധന ചെയ്യവെയാണ് താക്കൂറിന്‍റെ പ്രസ്താവന.
1984-ലെ സിഖ് വിരുദ്ധ കലാപം, ഖലിസ്ഥാൻ അജണ്ട തുടങ്ങിയ വിഷയങ്ങളിൽ എ.എ.പിയെയും കോൺഗ്രസിനെയും അനുരാഗ് താക്കൂർ രൂക്ഷമായി വിമർശിച്ചു.
കലാപത്തിൽ ആയിരക്കണക്കിന് സിഖുകാർ കൊല്ലപ്പെട്ടുവെന്നും സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും വിഷയത്തിൽ മാപ്പ് പറയാൻ തയ്യാറായിട്ടില്ലെന്നും താക്കൂർ പറഞ്ഞു.
സിഖ് വിരുദ്ധ കലാപത്തിന്റെ ഇരകൾക്ക് നീതി ലഭ്യമാക്കിയതുൾപ്പടെ നിരവധി സിഖുകാരുടെ പേരുൽപ്പെട്ട ബ്ലാക്ക് ലിസ്റ്റ് വെട്ടിമാറ്റിയത് നരേന്ദ്ര മോദി സർക്കാരാണെന്നും അദ്ദേഹം അവകാശപ്പെട്ടു.
എങ്കിലും കോൺഗ്രസും എ.എ.പിയും ചേർന്ന് ഹിന്ദുക്കളെയും സിഖുകാരെയും വിഭജിക്കാൻ ബി.ജെ.പി ശ്രമിക്കുന്നുവെന്ന തരത്തിൽ തെറ്റായ വാർത്ത പ്രചരിപ്പിക്കുകയാണെന്നും, ഹിന്ദു-സിഖ് ഐക്യത്തിന്റെ ഏറ്റവും വലിയ പ്രതീകം ബി.ജെ.പി ആണെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു.
സിദ്ദുവിന് ചന്നിയെ ആവശ്യമില്ലാത്തത് പോലെ ചന്നിക്ക് പഞ്ചാബിന്‍റെ ക്ഷേമവും ആവശ്യമില്ലെന്ന് മുഖ്യമന്ത്രി ചരൺജിത് സിംങ് ചന്നിയെ പരിഹസിച്ച് താക്കൂർ പറഞ്ഞു.
പ്രധാനമന്ത്രിക്ക് സുരക്ഷയൊരുക്കാൻ കഴിയാത്ത ചന്നിക്ക് എങ്ങനെയാണ് സംസ്ഥാനത്തെ സുരക്ഷിതമാക്കാൻ കഴിയുകയെന്ന് ഫിറോസ്പൂരിൽ നടന്ന സംഭവത്തെ പരാമർശിച്ച് അദ്ദേഹം ചോദിച്ചു.
കോൺഗ്രസും എ.എ.പിയും പരസ്പരം ഫോട്ടോ കോപ്പികൾ മാത്രമാണെന്നാരോപിച്ച കേന്ദ്രമന്ത്രി, പഞ്ചാബിനെ മയക്കുമരുന്ന് മുക്തമാക്കുന്നതും, കർഷകരുടെ കടങ്ങൾ എഴുതി തള്ളുന്നതുമുൾപ്പടെ എല്ലാവർക്കും ജോലി ഉറപ്പാക്കുമെന്നും 2017ലെ തെരഞ്ഞെടുപ്പ് സമയത്ത് കോൺഗ്രസ് വാഗ്ദാനം ചെയ്തെങ്കിലും അതൊന്നും നടപ്പാക്കിയില്ലെന്നും അദ്ദേഹം ആരോപിച്ചു.
ഡൽഹി മന്ത്രിസഭയിൽ ഒരു സിഖുകാരനെയോ, പഞ്ചാബിയെയോ, വനിതാ മന്ത്രിയെയോ നിയമിക്കാൻ തയ്യാറാകാത്ത കെജ്‌രിവാൾ പഞ്ചാബിൽ എന്ത് നടപ്പാക്കുമെന്നോർത്ത് താൻ അത്ഭുതപ്പെടുന്നതായും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.