കെജ്രിവാളിന്റെ ചികിത്സ; ആരോപണത്തിന് തെളിവായി കത്തുമായി ആപ്
text_fieldsന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ തിഹാര്‍ ജയിലില്‍ മരണത്തിലേക്ക് തള്ളിവിടുകയാണെന്ന തങ്ങളുടെ ആരോപണത്തിന് ബലമേകുന്ന തെളിവുമായി ആം ആദ്മി പാർട്ടി. കെജ്രിവാളിനെ ചികിത്സിക്കുന്നതിന് എയിംസിൽ നിന്ന് മുതിർന്ന ഡോക്ടറെ ആവശ്യപ്പെട്ട് ജയിൽ ഡയറക്ടർ ജനറൽ അയച്ച കത്താണ് ആപ് പുറത്തുവിട്ടത്. തിഹാർ ജയിലിൽ മതിയായ മെഡിക്കൽ സൗകര്യങ്ങളുണ്ടെന്ന ജയിൽ അധികൃതരുടെ അവകാശവാദം തള്ളുന്നതാണ് ഈ കത്ത്. എയിംസിലെ സീനിയർ ഡയബറ്റോളജിസ്റ്റിനെ കെജ്രിവാളിന്റെ ചികിത്സക്കായി നിയോഗിക്കണമെന്നാവശ്യപ്പെട്ടാണ് ജയിൽ ഡയറക്ടർ ജനറൽ സഞ്ജയ് ബനിവാൾ ശനിയാഴ്ച എയിംസ് ഡയറക്ടർക്ക് കത്തയച്ചത്.
ഈ കത്താണ് ആപ് പുറത്തുവിട്ടത്. ടൈപ്-2 പ്രമേഹരോഗിയായ കെജ്രിവാളിനെ തിഹാർ ജയിലിൽ സാവധാനം മരണത്തിലേക്ക് നയിക്കാനുള്ള ഗൂഢാലോചന നടന്നുവരുകയാണെന്നും ഇതിന്റെ ഭാഗമായി ഇന്‍സുലിന്‍ നല്കാന് ജയില്‍ അധികൃതര്‍ വിസമ്മതിച്ചതായും മന്ത്രി സൗരഭ് ഭരദ്വാജ് ആരോപിച്ചിരുന്നു. കെജ്രിവാളിന്റെ പ്രമേഹ പരിശോധനാഫലം അദ്ദേഹം മാധ്യമങ്ങൾക്കും നൽകി. മാസങ്ങൾക്കുശേഷം ജയിൽ മോചിതനാകുമ്പോഴേക്കും കെജ്രിവാളിന്റെ വൃക്ക, ഹൃദയം തുടങ്ങിയ അവയവങ്ങള്‍ക്ക് ചികിത്സ തേടേണ്ടിവരുമെന്നും ഭരദ്വാജ് കൂട്ടിച്ചേര്‍ത്തു. വിവാദത്തിനിടെ കെജ്രിവാളിന്റെ ഭാര്യ സുനിത ആവശ്യപ്പെട്ടതുപ്രകാരം എയിംസിലെ മുതിർന്ന ഡോക്ടർ വിഡിയോ കോൺഫറൻസിങ്ങിലൂടെ പരിശോധന നടത്തിയെന്ന് ജയിൽ അധികൃതർ വ്യക്തമാക്കി. ആശങ്കപ്പെടാനൊന്നുമില്ലെന്ന് പരിശോധനക്കുശേഷം ഡോക്ടർ അറിയിച്ചെന്നും മരുന്നുകൾ തുടരാൻ ആവശ്യപ്പെട്ടുവെന്നും അധികൃതർ തുടർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.