‘അയോധ്യ’ നിറയുന്ന കാലത്ത് റാവുവിനെ ഓർത്ത് കേന്ദ്രം
text_fieldsന്യൂഡൽഹി: അയോധ്യയിൽ ബാബരി മസ്ജിദ് തകർത്തതിൽ ഏറെ പഴികേട്ട മുൻ പ്രധാനമന്ത്രി പി.വി. നരസിംഹ റാവുവിന് ഭാരത് രത്ന ലഭിക്കുന്നത് അയോധ്യ വീണ്ടും വാർത്തകളിൽ നിറയുന്ന സമയത്ത്. 1991 മുതൽ 96 വരെ റാവു പ്രധാനമന്ത്രിയായ അഞ്ചു വർഷക്കാലത്താണ് സംഘ്പരിവാർ ശക്തിപ്രാപിച്ചുതുടങ്ങിയത്. 1992 ഡിസംബർ ആറിന് ബാബരി മസ്ജിദ് തകർത്തത് ഈ നീക്കങ്ങൾക്ക് ആക്കംനൽകി. ബാബരി മസ്ജിദ് തകർച്ചക്കുശേഷം മുസ്‍ലിം പണ്ഡിതരെ ഉർദു ഭാഷയിൽ ആശ്വസിപ്പിച്ച റാവു, ഒരാഴ്ചക്കുശേഷം സ്വവസതിയിൽ ഐ.എ.എസ് പ്രൊബേഷനർമാരെ അഭിസംബോധന ചെയ്തപ്പോൾ ഭഗവദ്ഗീതയിലെ ശ്ലോകമുദ്ധരിച്ചിരുന്നു. സ്പാനിഷടക്കം 17 ഭാഷകൾ അറിയാമായിരുന്ന റാവു നിർണായക സമയങ്ങളിൽ മൗനംപാലിക്കുന്നുവെന്ന് ഇടതുപാർട്ടികളടക്കം അക്കാലത്ത് കുറ്റപ്പെടുത്തിയിരുന്നു. സഹപ്രവർത്തകനായിരുന്ന മണിശങ്കർ അയ്യർ അടുത്തകാലത്ത് റാവുവിനെ വിശേഷിപ്പിച്ചത് ‘ആദ്യ ബി.ജെ.പി പ്രധാനമന്ത്രി’ എന്നായിരുന്നു. റാവുവിനെ കോൺഗ്രസ് തഴഞ്ഞെന്ന് ബി.ജെ.പി നേതാക്കൾതന്നെ പ്രചരിപ്പിക്കുന്നതിനിടെയാണ് തെരഞ്ഞെടുപ്പ് വർഷത്തിലെ ഭാരത് രത്ന ബഹുമതി.
രാജീവ് ഗാന്ധിയുടെ മരണത്തിനു പിന്നാലെ സമവായത്തിൽ കോൺഗ്രസ് പ്രസിഡന്റായ റാവു അതുവഴി പ്രധാനമന്ത്രിസ്ഥാനത്തും എത്തി. റാവു തെരഞ്ഞെടുപ്പിൽ പോലും മത്സരിക്കാതെ മാറിനിൽക്കുന്നതിനിടെയാണ് രാജീവ് ഗാന്ധിയുടെ അപ്രതീക്ഷിത മരണമുണ്ടായത്. ആദ്യം ന്യൂനപക്ഷമായിരുന്ന സർക്കാറിനെ തന്ത്രപരമായി ഭൂരിപക്ഷത്തിലുറപ്പിച്ച റാവുവാണ് രാജ്യത്ത് സാമ്പത്തിക പരിഷ്‍കരണത്തിന് തുടക്കമിട്ടത്. മരിച്ച് 19 വർഷത്തിനുശേഷമാണ് മുൻ കോൺഗ്രസ് നേതാവിനെ തേടി ഭാരത് രത്നയെത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.