എത്രയോ സ്‍ഥലങ്ങളുണ്ട്, എന്നിട്ടും എന്തിനാണീ അപരിഷ്‍കൃത സ്ഥലത്ത് നിയമിച്ചത്; ബിഹാറിനെ അധിക്ഷേപിച്ച കേന്ദ്രീയ വിദ്യാലയ അധ്യാപികക്ക് സസ്പെൻഷൻ
text_fieldsപട്ന: ബിഹാറിനെയും സംസ്ഥാനത്തെ ജനങ്ങളെയും വിഡിയോയിലൂടെ അധിക്ഷേപിച്ച പ്രൊബേഷണറി അധ്യാപികയെ കേന്ദ്രീയ വിദ്യാലയ സംഗതൻ സസ്പെൻഡ് ചെയ്തു. ബിഹാറിലെ ജെഹനാബാദ് ജില്ലയിലെ പ്രൈമറി സ്കൂൾ അധ്യാപിക ദീപാലിയെയാണ് സസ്പെൻഡ് ചെയ്തത്. വിഡിയോയിലൂടെ ബിഹാറിലെ ജനതയെ അധിക്ഷേപിക്കുകയാണ് അധ്യാപിക ചെയ്യുന്നത്.
''എനിക്ക് നിയമനം നൽകാൻ രാജ്യത്തുടനീളം അനവധി കേന്ദ്രീയ വിദ്യാലയങ്ങളുണ്ട്. കൊൽക്കത്തയിൽ ജോലി ചെയ്യാൻ ആളുകൾക്ക് വലിയ താൽപര്യമില്ല. എന്നാൽ ഞാനവിടെ ജോലി ചെയ്യാൻ തയാറാണ്. പശ്ചിമബംഗാൾ നല്ലതാണ്. നിങ്ങൾക്ക് ആലോചിക്കാൻ പറ്റുന്നുണ്ടോ? ഒരാൾക്ക് വടക്കുകിഴക്കൻ മേഖലയിലെ സിൽചാറിലാണ് കിട്ടിയത്. മറ്റൊരു സുഹൃത്തിന് ബംഗളൂരുവിലും. അവർക്ക് എന്നോട് മാത്രം എന്താണ് ഇത്ര ശത്രുത. ഇന്ത്യയിലെ ഏറ്റവും മോശമായ ഒരു സ്ഥലത്താണ് എന്നെ നിയമിച്ചിരിക്കുന്നത്.''-എന്നാണ് വിഡിയോയിൽ അധ്യാപിക പറയുന്നത്.
''ഞാനിത് വെറുതെ പറയുന്നതല്ല. ബിഹാറിലെ സാഹചര്യം വളരെ മോശമാണ്. ഒട്ടും പരിഷ്‍കൃതരല്ലാത്ത ജനതയാണിവിടെയുള്ളത്.''-എന്ന് മറ്റൊരു വിഡിയോയിലും പറയുന്നത് കേൾക്കാം. പുറത്തു പറയാൻ പോലും പറ്റാത്ത രീതിയിലുള്ള വളരെ അധിക്ഷേപകരമായ പരാമർശമാണ് അവർ ബിഹാറിനെ വിശേഷിപ്പിക്കാൻ ഉപയോഗിച്ചത്.
വിഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ ദീപാലിക്കെതിരെ കേന്ദ്രീയ വിദ്യാലയ അധികൃതർ ഉടൻ നടപടി സ്വീകരിക്കുകയായിരുന്നു. എത്രയും പെട്ടെന്ന് സരൺ ജില്ലയിലെ മഷ്റഖിലെ കേന്ദ്രീയ വിദ്യാലയത്തിൽ റിപ്പോർട്ട് ചെയ്യാനും ആവശ്യപ്പെട്ടു. തങ്ങളുടെ സംസ്ഥാനത്തെ അധിക്ഷേപിച്ച അധ്യാപികക്കെതിരെ ഉചിതമായ നടപടി സ്വീകരിച്ച കേന്ദ്രീയ വിദ്യാലയ അധികൃതർക്ക് ബിഹാർ എം.പി ശംഭാവി നന്ദി അറിയിച്ചു.
അധ്യാപികയുടെ പരാമർശം ഒരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്നും അനുചിതമാണെന്നും ഇത്തരം കാഴ്ചപ്പാടുകൾ വെച്ചുപുലർത്തുന്നവർ എങ്ങനെയാണ് വിദ്യാർഥികളെ പഠിപ്പിക്കുകയെന്നും ലോക് ജൻശക്തി പാർട്ടി എം.പി ചോദിച്ചു. അധ്യാപിക പതിവായി ബിഹാറുകാരെ അധിക്ഷേപിക്കാറുണ്ടായിരുന്നുവെന്നും ശംഭാവി കുറിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.